| Tuesday, 20th May 2025, 4:11 pm

ഞാന്‍ അതിനെക്കുറിച്ച് പലപ്പോഴും സംസാരിക്കാറില്ല; ഐ.പി.എല്ലില്‍ നിന്ന് പുറത്തായതിനെക്കുറിച്ച് റിഷബ് പന്ത്

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്ലില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്സിനെതിരെ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് മിന്നും വിജയം സ്വന്തമാക്കിയിരുന്നു. ലഖ്‌നൗവിന്റെ തട്ടകമായ എകാന സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ആറ് വിക്കറ്റിന്റെ ജയമാണ് ഹൈദരാബാദ് നേടിയത്.

മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത സൂപ്പര്‍ ജയന്റ്സ് നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 205 റണ്‍സെടുത്തിരുന്നു. മറുപടി ബാറ്റിങ്ങില്‍ 18.2 ഓവറില്‍ 206 റണ്‍സ് നേടിയാണ് ഉദയസൂര്യന്‍മാര്‍ വിജയം സ്വന്തമാക്കുകയായിരുന്നു. ഇതോടെ ഐ.പി.എല്ലില്‍ നിന്ന് ലഖ്‌നൗ പുറത്താകുകയും ചെയ്തു.

മത്സരശേഷം ലഖ്‌നൗ ക്യാപ്റ്റന്‍ റിഷബ് പന്ത് സീസണിലെ തങ്ങളുടെ പ്രകടനത്തെക്കുറിച്ച് സംസാരിച്ചിരുന്നു. സീസണില്‍ പരിക്കുകള്‍ കാരണം പല മേഖലയിലും പോരായ്മകള്‍ ഉണ്ടായിട്ടുണ്ടെന്നും അതിനെക്കുറിച്ച് പലപ്പോഴും സംസാരിക്കാറില്ലെന്നും പന്ത് പറഞ്ഞു. മാത്രമല്ല എല്ലാ ബൗളര്‍മാരെയും തങ്ങള്‍ക്ക് ലഭിച്ചിരുന്നെങ്കില്‍ കാര്യങ്ങള്‍ വ്യത്യസ്തമാകുമായിരുന്നെന്നും പന്ത് പറഞ്ഞു.

‘പരിക്കുകള്‍ കാരണം ഞങ്ങള്‍ക്ക് പല മേഖലകളിലും പോരായ്മകളുണ്ടായിരുന്നു. ഞാന്‍ അതിനെക്കുറിച്ച് പലപ്പോഴും സംസാരിക്കാറില്ല, പക്ഷേ ടീമിലെ പരിമിതമായ വ്യത്യസ്ത താരങ്ങളെ ഉപയോഗിച്ച് അത് കൈകാര്യം ചെയ്യുന്നത് എളുപ്പവുമല്ല. ഞങ്ങളുടെ എല്ലാ ബൗളര്‍മാരെയും ലഭ്യമായിരുന്നെങ്കില്‍ കാര്യങ്ങള്‍ വ്യത്യസ്തമാകുമായിരുന്നു, പക്ഷേ അത് ഒരു കാരണമായി ഉപയോഗിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല,’ പന്ത് പറഞ്ഞു.

മത്സരത്തില്‍ ക്യാപ്റ്റന്‍ റിഷബ് പന്ത് വീണ്ടും ആരാധകരെ നിരാശരാക്കിയാണ് കൂടാരം കയറിയത്. ഇഷാന്‍ മലിംഗയുടെ പന്തില്‍ ഒരു റിട്ടേണ്‍ ക്യാച്ചിലൂടെയാണ് റിഷബ് പന്ത് പുറത്തായത്. ആറ് പന്ത് നേരിട്ട് വെറും ഏഴ് റണ്‍സുമായിട്ടാണ് പന്ത് മടങ്ങിയത്. 11 ഇന്നിങ്സില്‍ നിന്നും 12.27 ശരാശരിയിലും 100.00 സ്ട്രൈക്ക് റേറ്റിലും വെറും 135 റണ്‍സ് മാത്രമാണ് പന്ത് ഇതുവരെ നേടിയത്. ഏഴ് ഇന്നിങ്സുകളില്‍ ഒറ്റയക്കത്തിനാണ് താരം പുറത്തായത്.

ഐ.പി.എല്ലില്‍ ചരിത്രത്തില്‍ തന്നെ ഏറ്റവും ഉയര്‍ന്ന തുകയ്ക്കാണ് (27 കോടി) പന്തിനെ ലഖ്‌നൗ സ്വന്തമാക്കിയത്. എന്നാല്‍ ക്യാപ്റ്റനെന്ന നിലയിലും ബാറ്റര്‍ എന്ന നിലയിലും പന്ത് സീസണില്‍ അമ്പേ പരാജയപ്പെടുകയായിരുന്നു.

Content Highlight: IPL 2025: Rishabh Pant Talking About LSG’s exit from the IPL

 
We use cookies to give you the best possible experience. Learn more