| Friday, 9th May 2025, 9:17 pm

27 കോടി രൂപയ്ക്ക് ഗോയങ്കേയ്ക്ക് കിട്ടിയ 85ാം സ്ഥാനം; 11 മത്സരം കളിച്ചിട്ടും പരിക്കേറ്റ് പുറത്തായ സഞ്ജുവിനെ തോല്‍പ്പിക്കാനാകാതെ പന്ത്

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്ലിന്റെ ഈ സീസണില്‍ ഏറ്റവും നിരാശപ്പെടുത്തിയ താരം ആരാണ് എന്ന ചോദ്യത്തിന് ഭൂരിഭാഗം ക്രിക്കറ്റ് ആരാധകരും സംശയലേശമന്യേ പറയുന്ന പേരാണ് ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് ക്യാപ്റ്റന്‍ റിഷബ് പന്തിന്റേത്.

ഐ.പി.എല്‍ മെഗാ താരലേലത്തില്‍ 27 കോടിയെന്ന റെക്കോഡ് ബ്രേക്കിങ് ഫിഗറാണ് ലറ്‌നൗ സൂപ്പര്‍ ജയന്റ്‌സ് പന്തിനായി നല്‍കിയത്. എന്നാല്‍ ഒരിക്കല്‍പ്പോലും തനിക്ക് ലഭിച്ച തുകയോടോ തുക നല്‍കിയ ടീമിനോടോ നിതി പുലര്‍ത്താന്‍ പന്തിന് സാധിച്ചിട്ടില്ല.

സീസണില്‍ ഇതുവരെ ബാറ്റെടുത്ത പത്ത് ഇന്നിങ്സില്‍ ആറ് തവണയും താരം ഇരട്ടയക്കം കാണാതെയാണ് പുറത്തായത്. ഇതുവരെ നേടിയതാകട്ടെ 12.80 ശരാശരിയിലും നൂറില്‍ താഴെ സ്‌ട്രൈക്ക് റേറ്റിലും 128 റണ്‍സ്!

ഐ.പി.എല്ലില്‍ അന്താരാഷ്ട്ര താരത്തിന്റെ ഏറ്റവും മോശം ബാറ്റിങ് ശരാശരിയും പന്തിന്റേത് തന്നെയാണ്.

ബാറ്റിങ് ശരാശരിയുടെ പട്ടികയെടുക്കുമ്പോള്‍ 85ാം സ്ഥാനത്താണ് റിഷബ് പന്ത്. ലഖ്‌നൗ ബാറ്റിങ് നിരയിലെ ഏറ്റവും മോശം താരം താന്‍ തന്നെയാണെന്ന് വിളിച്ചുപറയുന്നതാണ് റിഷബ് പന്തിന്റെ സ്റ്റാറ്റുകള്‍.

ഇന്ത്യയുടെ മറ്റ് മുന്‍നിര വിക്കറ്റ് കീപ്പര്‍ ബാറ്റര്‍മാരെ പരിഗണിക്കുമ്പോഴും റിഷബ് പന്ത് ഏറെ പിന്നിലാണ്. രാജസ്ഥാന്‍ റോയല്‍സ് ആരാധകര്‍ പോലും ബ്ലാക് ലിസ്റ്റില്‍ പെടുത്തിയ ധ്രുവ് ജുറെലിന് പോലും റിഷബ് പന്തിനേക്കാള്‍ മികച്ച ബാറ്റിങ് ശരാശരിയും റണ്‍സും ഉണ്ട് എന്നതും ഇതോടൊപ്പം ചേര്‍ത്തുവെക്കണം.

കെ.എല്‍. രാഹുല്‍ 10 ഇന്നിങ്‌സില്‍ നിന്നും 47.63 ശരാശരിയില്‍ 381 റണ്‍സ് നേടിയപ്പോള്‍ സഞ്ജു സാംസണ്‍ ഏഴ് മത്സരത്തില്‍ നിന്നും 37.33 ശരാശരിയില്‍ 224 റണ്‍സും സ്വന്തമാക്കിയിട്ടുണ്ട്. ഏറ്റവും മികച്ച ബാറ്റിങ് ശരാശരിയുള്ള താരങ്ങളുടെ പട്ടികയെടുക്കുമ്പോള്‍ രാഹുല്‍ പത്താം സ്ഥാനത്തും സഞ്ജു സാംസണ്‍ 20ാം സ്ഥാനത്തുമാണ്.

മറ്റ് ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍മാരായ അഭിഷേക് പോരല്‍ 26.50 ശരാശരിയില്‍ 265 റണ്‍സും എം.എസ്. ധോണി 25.17 ശരാശരിയില്‍ 180 റണ്‍സും ജിതേഷ് ശര്‍മ 25.60 ശരാശരിയില്‍ 128 റണ്‍സും സ്വന്തമാക്കിയിട്ടുണ്ട്.

സീസണില്‍ ഇതുവരെയുള്ള ലഖ്നൗ ക്യാപ്റ്റന്റെ പ്രകടനം കണക്കിലെടുക്കുമ്പോള്‍ ലേലത്തില്‍ ലഭിച്ച തുകയ്ക്കുള്ള ഔട്ട്പുട്ട് നല്‍കുന്നില്ല എന്ന് വ്യക്തമായി പറയാന്‍ സാധിക്കും. പത്ത് ഇന്നിങ്സുകള്‍ക്ക് ശേഷം ആകെ നേടിയ റണ്‍സും ലേലത്തില്‍ ലഭിച്ച തുകയും തമ്മില്‍ താരതമ്യം ചെയ്യുമ്പോള്‍ റിഷബ് പന്ത് നേടിയ ഓരോ റണ്‍സിന്റെയും വില 2,109,375 രൂപയാണ്.

നിലവില്‍ 11 മത്സരങ്ങള്‍ അവസാനിക്കുമ്പോള്‍ പോയിന്റ് പട്ടികയില്‍ ഏഴാം സ്ഥാനമാണ് ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനുള്ളത്. അഞ്ച് ജയവും ആറ് തോല്‍വിയുമായി പത്ത് പോയിന്റാണ് ടീമിനുള്ളത്. ലീഗ് ഘട്ടത്തില്‍ ഇനിയും മൂന്ന് മത്സരങ്ങള്‍ ശേഷിക്കുന്നുണ്ടെങ്കിലും സൂപ്പര്‍ ജയന്റ്‌സിന്റെ പ്ലേ ഓഫ് സ്വപ്‌നങ്ങള്‍ ഇതിനോടകം അവസാനിച്ച മട്ടാണ്.

Content Highlight: IPL 2025: Rishabh Pant’s poor batting performance

We use cookies to give you the best possible experience. Learn more