| Sunday, 23rd March 2025, 11:39 am

ഐ.പി.എല്‍ 2025; പ്രധാന ലക്ഷ്യം വെളിപ്പെടുത്തി റിക്കി പോണ്ടിങ്

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്‍ 2025ലെ ആദ്യ വിജയം സ്വന്തമാക്കിയിരിക്കുകയാണ് റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു. ഡിഫന്‍ഡിങ് ചാമ്പ്യന്‍മാരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ ഏഴ് വിക്കറ്റിനാണ് ആര്‍.സി.ബി സ്വന്തമാക്കിയത്. എതിരാളികളുടെ തട്ടകമായ ഈഡന്‍ ഗാര്‍ഡന്‍സിലാണ് റോയല്‍സ് തങ്ങളുടെ ആദ്യ വിജയം നേടിയത്.

മാര്‍ച്ച് 25നാണ് ഫാന്‍ ഫേവറേറ്റുകളായ പഞ്ചാബ് കിങ്‌സ് തങ്ങളുടെ ആദ്യ മത്സരത്തിന് ഇറങ്ങുന്നത്. ശുഭ്മന്‍ ഗില്‍ നയിക്കുന്ന ഗുജറാത്ത് ടൈറ്റന്‍സാണ് എതിരാളികള്‍. കഴിഞ്ഞ തവണ കൊല്‍ക്കത്തയെ നയിച്ച ക്യാപ്റ്റന്‍ ശ്രേയസിനെയാണ് പഞ്ചാബ് ടീമിലെത്തിച്ചതും ക്യാപ്റ്റനാക്കിയതും.

മാത്രമല്ല ടീമിന്റെ പരിശീലകനായി മുന്‍ ഓസീസ് താരവും ദല്‍ഹി ക്യാപിറ്റല്‍സിന്റെ മുന്‍ കോച്ചുമായ റിക്കി പോണ്ടിങ്ങും സ്ഥാനമേറ്റതോടെ ഏറെ ആത്മവിശ്വാസത്തിലാണ് ടീം. ഇപ്പോള്‍ ടീമിനെക്കുറിച്ച് സംസാരിക്കുകയാണ് റിക്കി പോണ്ടിങ്.

‘ഐ.പി.എല്‍ കിരീടം നേടുക എന്നതാണ് ടീമിന്റെ പ്രാഥമിക ലക്ഷ്യം. ധര്‍മശാലയിലെ ക്യാമ്പില്‍ ചേര്‍ന്ന ആദ്യ ദിവസം മുതല്‍ തന്നെ ഞാന്‍ അത് വ്യക്തമാക്കിയിരുന്നു. എക്കാലത്തെയും മികച്ച പഞ്ചാബ് കിങ്‌സ് ടീമിനെ കെട്ടിപ്പടുക്കുക എന്നതാണ് ഞങ്ങളുടെ ദൗത്യം എന്ന്. ഞങ്ങള്‍ ഒരു യാത്രയിലാണ്, മഹത്വം ഒറ്റരാത്രികൊണ്ട് ഉണ്ടാകുന്നതല്ലെന്ന് ഞങ്ങള്‍ മനസിലാക്കുന്നു, അത് നമ്മള്‍ സജീവമായി സൃഷ്ടിക്കേണ്ട ഒന്നാണ്,

ജയിക്കുക എന്നത് ഒരു മാനസികാവസ്ഥയാണ്. നമ്മള്‍ കളിക്കാന്‍ തയ്യാറായതുപോലെ എതിര്‍ ടീമും അതുതന്നെ ചെയ്താല്‍, അത് വെറുമൊരു കളിയല്ല അതൊരു യുദ്ധമാണ്. അവര്‍ നമ്മളെ തോല്‍പ്പിക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍, അവര്‍ നമ്മളില്‍ നിന്ന് എന്തെങ്കിലും എടുത്ത് മാറ്റേണ്ടിവരും, എന്നില്‍ നിന്നോ എന്റെ ടീമില്‍ നിന്നോ ആരും ഒന്നും എടുക്കാന്‍ ഞാന്‍ തയ്യാറല്ല,’ പോണ്ടിങ് പറഞ്ഞു.

Content Highlight: IPL 2025: Rickey Ponting Talking About Panjab Kings

We use cookies to give you the best possible experience. Learn more