| Tuesday, 13th May 2025, 6:23 pm

ഒരുത്തന് ദേശീയ ടീമില്‍ അവസരം ലഭിക്കാത്തതില്‍ ആര്‍.സി.ബി ആരാധകര്‍ സന്തോഷിക്കുന്ന നിമിഷം; ആദ്യ കിരീടം നേടാന്‍ അവന്‍ ടീമിനൊപ്പം

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യ – പാകിസ്ഥാന്‍ സംഘര്‍ഷങ്ങള്‍ കണക്കിലെടുത്ത് താത്കാലികമായി നിര്‍ത്തിവെച്ച ഐ.പി.എല്‍ മെയ് 17ന് പുനരാരംഭിക്കുകയാണ്. റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സുമാണ് ഐ.പി.എല്‍ 2025ന്റെ ‘സെക്കന്‍ഡ് ഫേസിലെ’ ആദ്യ മത്സരത്തില്‍ കളത്തിലിറങ്ങുന്നത്. ബെംഗളൂരുവിന്റെ ഹോം ഗ്രൗണ്ടായ ചിന്നസ്വാമി സ്റ്റേഡിയമാണ് വേദി.

ഈ മത്സരമടക്കം റോയല്‍ ചലഞ്ചേഴ്‌സിന്റെ ശേഷിക്കുന്ന മത്സരങ്ങളില്‍ സൂപ്പര്‍ താരം ഫില്‍ സാള്‍ട്ട് ടീമിനൊപ്പം തന്നെയുണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. വെസ്റ്റ് ഇന്‍ഡീസിന്റെ ഇംഗ്ലണ്ട് പര്യടനത്തിലെ ഏകദിന സ്‌ക്വാഡില്‍ ഇടം നേടാന്‍ സാധിക്കാതെ വന്നതിന് പിന്നാലെയാണ് ഫില്‍ സാള്‍ട്ട് റോയല്‍ ചലഞ്ചേഴ്‌സിനൊപ്പം തുടരാന്‍ ഒരുങ്ങുന്നത്.

ഈ സീസണില്‍ റോയല്‍ ചലഞ്ചേഴ്‌സിനായി ഏറ്റവുമധികം റണ്‍സ് നേടിയ താരങ്ങളില്‍ മൂന്നാമനാണ് ഫില്‍ സാള്‍ട്ട്. ഒമ്പത് മത്സരത്തില്‍ നിന്നും 26.56 ശരാശരിലും 168.30 സ്‌ട്രൈക്ക് റേറ്റിലും 239 റണ്‍സാണ് താരം സ്വന്തമാക്കിയത്. രണ്ട് അര്‍ധ സെഞ്ച്വറിയും സാള്‍ട്ട് നേടിയിട്ടുണ്ട്.

മെയ് 29നാണ് വെസ്റ്റ് ഇന്‍ഡീസിന്റെ ഇംഗ്ലണ്ട് പര്യടനം ആരംഭിക്കുന്നത്. മൂന്ന് ഏകദിനങ്ങളും അത്ര തന്നെ ടി-20കളുമാണ് വെസ്റ്റ് ഇന്‍ഡീസ് ഇംഗ്ലണ്ടിലെത്തി കളിക്കുക.

ജൂണ്‍ ആറ് മുതലാണ് വെസ്റ്റ് ഇന്‍ഡീസിനെതിരായ ടി-20 പരമ്പര ആരംഭിക്കുന്നത്. ഐ.പി.എല്‍ ഫൈനല്‍ ജൂണ്‍ മൂന്നിനാണ് നടക്കുന്നത് എന്നതിനാല്‍ തന്നെ ഫില്‍ സാള്‍ട്ട് ഫൈനല്‍ വരെ ടീമിനൊപ്പമുണ്ടായേക്കും.

ജൂണ്‍ പത്തിന് വെസ്റ്റ് ഇന്‍ഡീസിനെതിരായ അവസാന ടി-20ക്ക് ശേഷം 20 മുതല്‍ ഇന്ത്യയ്‌ക്കെതിരെ ടെസ്റ്റ് പരമ്പരയും ഇംഗ്ലണ്ട് കളിക്കും.

ഹാരി ബ്രൂക്കിനെ ക്യാപ്റ്റനാക്കിയാണ് ഇംഗ്ലണ്ട് രണ്ട് ഫോര്‍മാറ്റിലും വിന്‍ഡീസിനെ നേരിടാനൊരുങ്ങുന്നത്.

ഇംഗ്ലണ്ട് – ഏകദിന സ്‌ക്വാഡ്

ഹാരി ബ്രൂക്ക് (ക്യാപ്റ്റന്‍), ജോഫ്രാ ആര്‍ച്ചര്‍, ഗസ് ആറ്റ്കിന്‍സണ്‍, ടോം ബാന്റണ്‍, ജേകബ് ബേഥല്‍, ജോസ് ബട്‌ലര്‍, ബ്രൈഡന്‍ കാര്‍സ്, ബെന്‍ ഡക്കറ്റ്, ടോം ഹാര്‍ട്‌ലി, വില്‍ ജാക്‌സ്, സാഖിബ് മഹ്‌മൂദ്, മാത്യൂ പോട്‌സ്, ജെയ്മി ഓവര്‍ട്ടണ്‍, ആദില്‍ റഷീദ്, ജോ റൂട്ട്, ജെയ്മി സ്മിത്.

ഇംഗ്ലണ്ട് – ടി-20 സ്‌ക്വാഡ്

ഹാരി ബ്രൂക്ക് (ക്യാപ്റ്റന്‍), രെഹന്‍ അഹമ്മദ്, ടോം ബാന്റണ്‍, ജേകബ് ബേഥല്‍, ജോസ് ബട്‌ലര്‍, ബ്രൈഡന്‍ കാര്‍സ്, ലിയാം ഡോവ്‌സണ്‍, ബെന്‍ ഡക്കറ്റ്, വില്‍ ജാക്‌സ്, സാഖിബ് മഹ്‌മൂദ്, മാത്യൂ പോട്‌സ്, ജെയ്മി ഓവര്‍ട്ടണ്‍, ആദില്‍ റഷാദ്, ഫില്‍ സാള്‍ട്ട്, ലൂക് വുഡ്.

Content Highlight: IPL 2025: Reports says Phil Salt to remain with Royal Challengers

We use cookies to give you the best possible experience. Learn more