ഇന്ത്യ – പാകിസ്ഥാന്‍ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ ഐ.പി.എല്‍ താത്കാലികമായി നിര്‍ത്തിവെച്ചിരുന്നു. താരങ്ങളുടെ സുരക്ഷയടക്കമുള്ള കാര്യങ്ങള്‍ കണക്കിലെടുത്താണ് ഐ.പി.എല്‍ നിര്‍ത്തിവെക്കാന്‍ തീരുമാനിച്ചത്.
എന്നാല്‍ ഐ.പി.എല്‍ പൂര്‍ണമായും ഉപേക്ഷിക്കപ്പെട്ടിട്ടില്ലെന്നും ഒരാഴ്ചയ്ക്ക് ശേഷം സ്ഥിതിഗതികള്‍ പരിശോധിച്ച് ടൂര്‍ണമെന്റ് വീണ്ടും പുനരാരംഭിക്കുമെന്നും അധികൃതര്‍ നേരത്തെ തന്നെ അറിയിച്ചിരുന്നു.
ഇപ്പോള്‍ ഇരു രാജ്യങ്ങളും തമ്മില്‍ വെടി നിര്‍ത്തല്‍ കരാര്‍ അംഗീകരിച്ചതോടെ ഐ.പി.എല്‍ എന്ന് പുനരാരംഭിക്കും എന്ന ചോദ്യമാണ് ആരാധകര്‍ പരസ്പരം ചോദിച്ചത്. സംഘര്‍ഷഭീതി ഒഴിഞ്ഞ സ്ഥിതിക്ക് ഒരാഴ്ച കാത്തിരിക്കണോ എന്നും പെട്ടന്ന് തന്നെ തുടങ്ങിക്കൂടേ എന്നുമാണ് ഇവര്‍ ചോദിക്കുന്നത്.
അടുത്ത വ്യാഴാഴ്ചയോടെ ഐ.പി.എല്‍ പുനരാംഭിക്കാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്ത്യയിലെ പ്രധാന സ്റ്റേഡിയങ്ങളില്‍ തന്നെ മത്സരം നടക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
നേരത്തെ ഐ.പി.എല്‍ മത്സരങ്ങള്‍ സതേണ്‍ സ്റ്റേഡിയങ്ങളിലേക്ക് മാറ്റുമെന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു. ഈ റിപ്പോര്‍ട്ട് അനുസരിച്ച് ഹൈദരാബാദ്, ബെംഗളൂരു, ചെന്നൈ നഗരങ്ങളിലാണ് സീസണിലെ ശേഷിച്ച മത്സരങ്ങള്‍ നടത്തുക.
സണ്‍റൈസേഴ്സ് ഹൈദരാബാദിന്റെ ഹോം ഗ്രൗണ്ടായ ഉപ്പലിലെ രാജീവ് ഗാന്ധി അന്താരാഷ്ട്ര സ്റ്റേഡിയം, റോയല്‍ ചലഞ്ചേഴ്സിന്റെ തട്ടകമായ ബെംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയം, ചെന്നൈ സൂപ്പര്‍ കിങ്സിന്റെ എം.എ. ചിദംബരം സ്റ്റേഡിയം എന്നിവിടങ്ങളിലായിരിക്കും മത്സരങ്ങള്‍ ഷെഡ്യൂള്‍ ചെയ്യുന്നത്.
ടൂര്‍ണമെന്റില്‍ ശേഷിക്കുന്ന മത്സരങ്ങളുടെ ഷെഡ്യൂളും വേദികളും സംബന്ധിച്ച കൂടുതല്‍ അപ്‌ഡേറ്റുകള്‍ അധികാരികളുമായി കൂടിയാലോചിച്ച് സമഗ്രമായ വിലയിരുത്തലിന് ശേഷം യഥാസമയം പ്രഖ്യാപിക്കുമെന്ന് ബി.സി.സി.ഐ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.
അതേസമയം, ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള വെടിനിര്‍ത്തല്‍ തുടരുമെന്നാണ് ഇന്ത്യന്‍ സൈനിക വക്താക്കള്‍ അറിയിച്ചിരിക്കുന്നത്. പാകിസ്ഥാനേറ്റ വലിയ തിരിച്ചടിയാണിതെന്നും ഏത് സാഹചര്യത്തിലും തിരിച്ചടിക്കാന്‍ ഇന്ത്യ സജ്ജമാണെന്നും സൈനിക വക്താക്കള്‍ പറഞ്ഞു.
ഇന്ത്യ- പാക് വെടിനിര്‍ത്തല്‍ കരാര്‍ നിലവില്‍ വന്നതിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു സൈനിക വക്താക്കള്‍. കമ്മഡോര്‍ രഘു. ആര്‍. നായര്‍, വിങ് കമാന്‍ഡര്‍ വ്യോമിക സിങ്, കേണല്‍ സോഫിയ ഖുറേഷി എന്നിവര്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലായിരുന്നു സേനയുടെ പ്രതികരണം.
സംഘര്‍ഷത്തിലുടനീളം പാകിസ്ഥാന്‍ വ്യാജ പ്രചാരണങ്ങള്‍ നടത്തിയിരുന്നതായി കേണല്‍ സോഫിയ ഖുറേഷി പറഞ്ഞു. ഇന്ത്യയ്ക്ക് കനത്ത നാശനഷ്ടം വരുത്തിയതായാണ് പലപ്പോഴും പാകിസ്ഥാന്‍ അവകാശപ്പെട്ടിരുന്നത്. പാകിസ്ഥാന്‍ അവരുടെ ജെ.എഫ് 17 ഉപയോഗിച്ച് ഇന്ത്യയുടെ എസ്. 400 ബ്രഹ്‌മോസ് മിസൈല്‍ ബേസിന് വലിയ നാശം വരുത്തിയതായി അവകാശപ്പെട്ടത് തെറ്റാണെന്ന് മൂന്ന് സേനപ്രതിനിധികളും പറഞ്ഞു.
പാകിസ്ഥാനിലെ ആരാധാനാലയ കേന്ദ്രങ്ങള്‍ സൈന്യം തകര്‍ത്തെന്ന വാദവും തെറ്റാണെന്ന് സൈനിക വക്താക്കള്‍ പറഞ്ഞു. ഇന്ത്യന്‍ സൈന്യം പാകിസ്ഥാനിലെ പള്ളികള്‍ ആക്രമിച്ചിട്ടില്ലെന്നും ഇന്ത്യ ഒരു മതേതര രാജ്യമായതിനാല്‍ ഇന്ത്യന്‍ സൈന്യവും ഭരണഘടനയുടെ ഈ മതേതര മൂല്യമാണ് ഉയര്‍ത്തി പിടിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
സിര്‍സ, ജമ്മു, പത്താന്‍കോട്ട്, ഭട്ടിന്‍ഡ്, നാലിയ വ്യോമതാവളങ്ങള്‍ക്ക് പാകിസ്ഥാന്‍ കേടുപാടുകള്‍ വരുത്തിയെന്ന പാകിസ്ഥാന്റെ വാദവും സേന തള്ളി.
അതേസമയം വെടിനിര്‍ത്തല്‍ കരാര്‍ നിലവില്‍ വന്നെങ്കിലും തിങ്കളാഴ്ച്ച ഇരുരാജ്യത്തിന്റേയും ഡി.ജി.ഒമാര്‍ ചര്‍ച്ച നടത്തും. അതിന് ശേഷമാവും പഹല്‍ഗാം ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളില്‍ നിന്ന് ഇരുരാജ്യങ്ങളും പിന്മാറുകയെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
Content Highlight: IPL 2025: Reports says IPL matches likely to resume from Thursday