കുട്ടി ക്രിക്കറ്റ് മാമാങ്കത്തിന് വിരാമമായിരിക്കുകയാണ്. റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന്റെ കന്നി കിരീടം എന്ന മോഹം പൂവണിയിച്ചാണ് ഇത്തവണ ഐ.പി.എല്‍ പൂരത്തിന് കൊടിയിറങ്ങുന്നത്. 18 വര്‍ഷത്തെ കാത്തിരിപ്പിനും കണ്ണീരിനും പരിഹാസങ്ങള്‍ക്കും വിരാമമിട്ടാണ് ആര്‍.സി.ബിയും ടീമിന്റെ അതികായകനായ വിരാട് കോഹ്ലിയും കനക കിരീടത്തില്‍ ആദ്യ മുത്തം നല്‍കിയത്.
കിരീടമില്ലാത്ത രണ്ടു ടീമുകള്‍ മാറ്റുരച്ച ഫൈനലില്‍ പഞ്ചാബ് കിങ്സിനെ ആറ് റണ്‍സിന് പരാജയപ്പെടുത്തിയാണ് ബെംഗളൂരു ടൂര്‍ണമെന്റിന്റെ എട്ടാം ചാമ്പ്യനായത്. ഇതോടെ പഞ്ചാബ് കിങ്സിന് തങ്ങളുടെ കാത്തിരിപ്പ് തുടരേണ്ടി വന്നു.
ഐ.പി.എല്‍ 2025 പുതിയ കിരീടാവകാശികള്‍ സമ്മാനിച്ചതിനാലും ആവേശം വാനോളം ഉയര്‍ത്തിയതിനാലും എന്നും ആരാധകരുടെ മനസില്‍ ഇടം കണ്ടെത്തും. അതുപോലെ വെടിക്കെട്ട് ബാറ്റിങ്ങുമായി കളം നിറഞ്ഞ് കളിച്ച യുവതാരങ്ങളുടെ പ്രകടനങ്ങളും ഈ സീസണ്‍ ഓര്‍മിക്കപ്പെടുമെന്ന് ഉറപ്പ്.
പതിനെട്ടാം സീസണ്‍ പല പല റെക്കോഡുകളും നാഴികക്കല്ലുകളും എഴുതുകയും തിരുത്തിയെഴുതുകയും ചെയ്തിട്ടുണ്ട്. ക്രിക്കറ്റ് പൂരത്തിന് വിരാമമായപ്പോള്‍ ഒരു നേട്ടം കൂടി ഈ സീസണ്‍ എഴുതി ചേര്‍ത്തിട്ടുണ്ട്.
ഒരു സീസണില്‍ ഏറ്റവും കുറവ് ത്രില്ലര്‍ മത്സരങ്ങള്‍ പിറന്ന രണ്ടാമത്തെ വര്‍ഷമായിരിക്കുകയാണ് ഐ.പി.എല്‍ 2025. മൂന്ന് വിക്കറ്റും ആറ് പന്തും ബാക്കി നില്‍ക്കെ പത്തോ അതില്‍ താഴെയായോ മാര്‍ജിനിലുള്ള 15 വിജയങ്ങളാണ് ഈ സീസണില്‍ ഉണ്ടായത്. അതോടെ 2011ലെയും 2010ലെയും റെക്കോഡിനൊപ്പമെത്തി ഈ സീസണ്‍.
(സീസണ്‍ – റിസള്‍ട്ടുള്ള മത്സരങ്ങള്‍ – ക്ലോസ് മത്സരങ്ങള്‍ – ശതമാനം എന്നീ ക്രമത്തില്‍)
2011 – 72 – 15 – 20.83
2025 – 71 – 15 – 21.13
2010 – 60 – 15 – 25
2024 – 71 – 19 – 26.76
2020 – 60 – 17 – 28.33
Content Highlight: IPL 2025 registered least close games in an IPL season