ഐ.പി.എല്ലില്‍ ബെംഗളൂരു റോയല്‍ ചലഞ്ചേഴ്‌സും സണ്‍റൈസേഴ്‌സും തമ്മിലുള്ള മത്സരമാണ് നടക്കാനിരിക്കുന്നത്. എകാന ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് ഇരുവരും ഏറ്റുമുട്ടുക. പോയിന്റ് ടേബിളിലെ ഒന്നാം സ്ഥാനം ലക്ഷ്യമിട്ട് ബെംഗളൂരു ഇറങ്ങുമ്പോള്‍ സണ്‍റൈസേഴ്സ് സീസണിലെ മറ്റൊരു ജയമാണ് നോട്ടമിടുന്നത്.
നിലവില്‍ പോയിന്റ് ടേബിളിലെ എട്ടാം സ്ഥാനക്കാരായ ഉദയസൂര്യന്മാര്‍ തുടര്‍ച്ചയായ വിജയമെന്ന പ്രതീക്ഷയോടെയാണ് ബെംഗളൂരുവിനെ നേരിടാന്‍ ഒരുങ്ങുന്നത്. അവസാന രണ്ട് മത്സരങ്ങളില്‍ ആശ്വാസ ജയം നേടി സീസണിന് വിരാമമിടാനാവും കമ്മിന്‍സും സംഘവും ആഗ്രഹിക്കുന്നത്.
നിലവില്‍ രണ്ടാം സ്ഥാനത്തുള്ള റോയല്‍ ചലഞ്ചേഴ്‌സിന് ഹൈദരാബാദിനെ തോല്‍പ്പിക്കാനായാല്‍ പോയിന്റ് ടേബിളില്‍ തലപ്പത്തെത്താനാവും.
പ്ലേ ഓഫിലെ സ്ഥാനം തീരുമാനിക്കുന്നതില്‍ നിര്‍ണായകമായ മത്സരത്തില്‍ കളത്തിലിറങ്ങുമ്പോള്‍ ബെംഗളൂരു സൂപ്പര്‍ താരം വിരാട് കോഹ്‌ലിയെ കാത്തിരിക്കുന്നത് ഒരു വമ്പന്‍ നേട്ടമാണ്. ഐ.പി.എല്‍ കരിയറില്‍ 750 ഫോറുകള്‍ എന്ന നാഴികകല്ലില്‍ എത്താനാണ് വിരാടിന് അവസരമുള്ളത്. ഇതിനായി വേണ്ടതാകട്ടെ ഒരു ഫോറും!
നിലവില്‍ 263 മത്സരങ്ങളില്‍ നിന്ന് 749 ഫോറുകളാണ് വിരാട് നേടിയിട്ടുള്ളത്. ഹൈദരാബാദിനെതിരെ ഈ നേട്ടം പിന്നിടാനായാല്‍ ഈ നാഴികകല്ലില്‍ എത്തുന്ന രണ്ടാമത്തെ താരമാകാനും ബെംഗളൂരു ബാറ്റര്‍ക്കാവും. ഇന്ത്യന്‍ താരം ശിഖര്‍ ധവാനാണ് ഈ നേട്ടം കരസ്ഥമാക്കിയ ഏക താരം.
പതിനെട്ടാം സീസണില്‍ മികച്ച പ്രകടനമാണ് വിരാട് കോഹ്ലി നടത്തുന്നത്. ഈ സീസണില്‍ ഇതുവരെ താരം 11 മത്സരങ്ങളില്‍ നിന്ന് 505 റണ്‍സ് നേടിയിട്ടുണ്ട്. സീസണില്‍ ഏഴ് അര്‍ധ സെഞ്ച്വറികളുമായാണ് താരം തിളങ്ങിയത്. 63.13 ആവറേജും 143.46 സ്‌ട്രൈക്ക് റേറ്റിലുമാണ് പ്ലേ ബോള്‍ഡ് ആര്‍മിക്കായി വിരാട് ബാറ്റ് ചെയ്തത്.
Content Highlight: IPL 2025: RCB vs SRH: Virat Kohli needs one four to complete 750 fours in IPL