ഐ.പി.എല്ലിലെ 65ാം മത്സരത്തില്‍ ബെംഗളൂരുവിനെ സണ്‍റൈസേഴ്സ് ഹൈദരാബാദ് പരാജയപ്പെടുത്തിയിരുന്നു. ഏകാന ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 42 റണ്‍സിന്റെ വിജയമാണ് ഹൈദരാബാദ് സ്വന്തമാക്കിയത്.
മത്സരത്തില്‍ ഹൈദരാബാദ് ഉയര്‍ത്തിയ 231 റണ്‍സ് പിന്തുടര്‍ന്ന ബെംഗളുരുവിന്റെ പോരാട്ടം 189 റണ്‍സില്‍ അവസാനിക്കുകയായിരുന്നു.
ഹൈദരാബാദിന് വേണ്ടി മിന്നും പ്രകടനം കാഴ്ചവെച്ച ഇഷാന്‍ കിഷന്റെ വെടിക്കെട്ട് ബാറ്റിങ് പ്രകടനത്തിലാണ് ടീം 231 എന്ന ഉയര്‍ന്ന റണ്‍സില്‍ എത്തിയത്.
മത്സരത്തിന് ശേഷം പരാജയത്തെ കുറിച്ച് ബെംഗളൂരു നായകന്‍ ജിതേഷ് ശര്‍മ സംസാരിച്ചിരുന്നു. ബെംഗളൂരു 20 – 30 റണ്‍സ് അധികം നല്‍കിയെന്ന് അദ്ദേഹം പറഞ്ഞു. ടീമിന്റെ പോരായ്മകളെ വിശകലനം ചെയ്യാന്‍ ചില സമയങ്ങളില്‍ തോല്‍വി നല്ലതാണെന്നും താരം കൂട്ടിച്ചേര്‍ത്തു.
‘ഞങ്ങള്‍ 20 – 30 റണ്‍സ് അധികം നല്‍കി. ഹൈദരാബാദ് പവര്‍ പ്ലേയില്‍ നന്നായി ബാറ്റിങ് ചെയ്തു. അതിന് മറുപടിയായി എന്റെ കൈയില്‍ ഒന്നുമുണ്ടായിരുന്നില്ല. ആദ്യ ആറ് ഓവറില്‍ ഞങ്ങള്‍ മോശം പ്രകടനം നടത്തി. പക്ഷെ മധ്യ ഓവറുകളിലും ഡെത്ത് ഓവറിലും ബൗളര്‍മാര്‍ നന്നായി പന്തെറിഞ്ഞു.
ചില സമയങ്ങളില്‍ ഒരു തോല്‍വി നല്ലതാണ്. അത് നിങ്ങളുടെ പോരായ്മകളെ വിശകലനം ചെയ്യാനും അവയില്‍ പ്രവര്‍ത്തിക്കാനും നമ്മളെ സഹായിക്കും. ഈ തിരിച്ചടിക്ക് ശേഷം ഞങ്ങള്‍ മുന്നോട്ട് പോകും,’ ജിതേഷ് പറഞ്ഞു.
ബെംഗളൂരുവിനായി ഫില്‍ സാല്‍ട്ടും വിരാട് കോഹ് ലിയുമാണ് മിന്നും പ്രകടനങ്ങള്‍ നടത്തിയത്. സാള്‍ട്ട് 32 പന്തില്‍ 62 റണ്‍സ് നേടിയപ്പോള്‍ വിരാട് 25 പന്തില്‍ 43 റണ്‍സ് എടുത്തു. ഇരുവര്‍ക്കും പുറമെ ക്യാപ്റ്റന്‍ ജിതേഷ് 15 പന്തില്‍ 24 റണ്‍സ് നേടിയത് മാത്രമാണ് റോയല്‍ ചലഞ്ചേഴ്‌സിനായി മികച്ച പ്രകടനം നടത്തിയത്.
ബൗളിങ്ങില്‍ ഉദയസൂര്യന്മാര്‍ക്ക് വേണ്ടി മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി മികച്ച പ്രകടനം കാഴ്ചവെച്ചത് ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സ് ആയിരുന്നു. ഈഷന്‍ മലിംഗ, ജയദേവ് ഉനത്കട്ട്, ഹര്‍ഷല്‍ പട്ടേല്‍, ഹര്‍ഷ് ദുബെ, നിതീഷ് കുമാര്‍ റെഡ്ഡി എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.
നേരത്തെ മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഹൈദരാബാദിനായി ഇഷാന്‍ കിഷന്‍ 48 പന്തില്‍ പുറത്താവാതെ 94 റണ്‍സുമായി തകര്‍പ്പന്‍ പ്രകടനം നടത്തി. 195.83 സ്‌ട്രൈക്ക് റേറ്റില്‍ ബാറ്റ് ചെയ്ത ഇടം കൈയന്‍ ബാറ്ററുടെ ഇന്നിങ്സ് അഞ്ച് സിക്സും ഏഴ് ഫോറും അടങ്ങുന്നതായിരുന്നു. അഭിഷേക് ശര്‍മ (17 പന്തില്‍ 34), അനികേത് വര്‍മ (9 പന്തില്‍ 26), ഹെന്റിക് ക്ലാസന്‍ (13 പന്തില്‍ 24) എന്നിവരും ടീമിനയായി തിളങ്ങി.
ബെംഗളൂരുവിനായി റൊമാരിയോ ഷെപ്പേര്‍ഡ് രണ്ട് വിക്കറ്റുകള്‍ നേടി. ഭുവനേശ്വര്‍ കുമാര്‍, ക്രുണാല്‍ പാണ്ഡ്യ, സുയാഷ് ശര്‍മ, ലുംഗി എങ്കിടി എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.
Content Highlight: IPL 2025: RCB vs SRH: Royal Challengers Bengaluru skipper Jitesh Sharma talks about the defeat against Sunrisers Hyderabad