ഐ.പി.എല്ലില്‍ ബെംഗളൂരുവിനെ പരാജയപ്പെടുത്തി സണ്‍റൈസേഴ്‌സ് ഹൈദരാബാദ്. ഏകാന ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 42 റണ്‍സിന്റെ വിജയമാണ് ഹൈദരാബാദ് സ്വന്തമാക്കിയത്. മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഹൈദരാബാദ് ആറ് വിക്കറ്റ് നഷ്ടത്തില്‍ 231 റണ്‍സ് ആയിരുന്നു നേടിയത്. എന്നാല്‍ മറുപടി ബാറ്റിങ്ങില്‍ 19.5 ഓവറില്‍ 189 റണ്‍സിന് ബെംഗളൂരു ഓള്‍ ഔട്ട് ആവുകയായിരുന്നു.
ഹൈദരാബാദിന് വേണ്ടി വെടിക്കെട്ട് ബാറ്റിങ് പ്രകടനം കാഴ്ചവെച്ച ഇഷാന്‍ കിഷന്റെ കരുത്തിലാണ് 231 എന്ന ഉയര്‍ന്ന റണ്‍സില്‍ എത്തിയത്. ബെംഗളൂരുവിനെതിരെ ഹൈദരാബാദ് സ്വന്തമാക്കുന്ന ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ ആണിത്. ഇഷാന്‍ കിഷന്‍ 48 പന്തില്‍ പുറത്താവാതെ 94 റണ്‍സുമായി തകര്‍പ്പന്‍ പ്രകടനം നടത്തി. 195.83 സ്ട്രൈക്ക് റേറ്റില്‍ ബാറ്റ് ചെയ്ത ഇടം കൈയന്‍ ബാറ്ററുടെ ഇന്നിങ്‌സ് അഞ്ച് സിക്‌സും ഏഴ് ഫോറും അടങ്ങുന്നതായിരുന്നു.
ബൗളിങ്ങില്‍ ഉദയസൂര്യന്മാര്‍ക്ക് വേണ്ടി മികച്ച പ്രകടനം കാഴ്ചവെച്ചത് ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സ് ആയിരുന്നു. 28 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റുകളാണ് താരം നേടിയത്. ഇതോടെ ഒരു തകര്‍പ്പന്‍ റെക്കോഡും താരം സ്വന്തമാക്കിയിരിക്കുകയാണ്. ഐ.പി.എല്ലില്‍ ഒരു സീസണില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍ വീഴ്ത്തുന്ന ക്യാപ്റ്റന്‍ എന്ന നേട്ടമാണ് കമ്മിന്‍സ് നേടിയത്. എന്നാല്‍ വെറും മൂന്ന് വിക്കറ്റിന്റെ വ്യത്യാസത്തില്‍ കമ്മിന്‍സിന്റെ പുറകില്‍ മുംബൈ ക്യാപ്റ്റന്‍ ഹര്‍ദിക് പാണ്യയും ഈ റെക്കോഡ് ലിസ്റ്റില്‍ ഉണ്ട്.
ഷെയ്ന്‍ വോണ്‍ – 19 – 2008
പാറ്റ് കമ്മിന്‍സ് – 18 – 2024
അനില്‍ കുംബ്ലെ – 17 – 2010
പാറ്റ് കമ്മിന്‍സ് – 16 – 2025*
ആര്‍. അശ്വിന്‍ – 15 – 2019
ഷെയ്ന്‍ വോണ്‍ – 14 – 2009
അനില്‍ കുംബ്ലെ – 13 – 2009
ഷെയ്ന്‍ വോണ്‍ – 13 – 2011
ഹര്‍ദിക് പാണ്യ – 13 – 2025*
ഹൈദരാബാദിന് വേണ്ടി ഈഷന്‍ മലിംഗ, ജയദേവ് ഉനത്കട്ട്, ഹര്‍ഷല്‍ പട്ടേല്‍, ഹര്‍ഷ് ദുബെ, നിതീഷ് കുമാര്‍ റെഡ്ഡി എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി. ബെംഗളൂരുവിന് വേണ്ടി വിരാട് കോഹ്ലി മിന്നും പ്രകടനമാണ് കാഴ്ചവെച്ചത്. 25 പന്തില്‍ 43 റണ്‍സ് നേടിയാണ് വിരാട് മടങ്ങിയത്. ഒരു സിക്സും ഏഴ് ഫോറും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്സ്.
ബെംഗളൂരുവിന് വേണ്ടി ഫില്‍ സാള്‍ട്ട് 32 പന്തില്‍ 62 റണ്‍സും ക്യാപ്റ്റന്‍ ജിതേഷ് ശര്‍മ 15 പന്തില്‍ 24 റണ്‍സും നേടിയിരുന്നു. എന്നാല്‍ ഹൈദരാബാദിന്റെ തകര്‍പ്പന്‍ ബൗളിങ് പ്രകടനത്തില്‍ തകര്‍ന്നടിയുകയായിരുന്നു ബെംഗളൂരു.