| Tuesday, 3rd June 2025, 7:14 am

ഫൈനലില്‍ അവര്‍ ജയിക്കും, പക്ഷേ ഒരു ട്വിസ്റ്റുണ്ട്; ഐ.പി.എല്‍ ജേതാക്കളെ തെരഞ്ഞെടുത്തത് സേവാഗ്

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്ലിന്റെ പുതിയ അവകാശികളെ ഇന്നറിയാം. ടൂര്‍ണമെന്റില്‍ ഇനി കലാശപ്പോര് മാത്രമാണ് ശേഷിക്കുന്നത്. റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവും പഞ്ചാബ് കിങ്സുമാണ് അവസാന അങ്കത്തില്‍ മാറ്റുരക്കുന്നത്.

കന്നി കിരീടം ലക്ഷ്യമിട്ടാണ് ഇരുടീമുകളും നേര്‍ക്കുനേര്‍ ഏറ്റുമുട്ടുന്നത്. 18 വര്‍ഷത്തിന്റെ കാത്തിരിപ്പിന് വിരാമമിട്ട് ബെംഗളൂരുവും കോഹ് ലിയും കപ്പ് ഉയര്‍ത്തുമോയെന്നാണ് പ്ലേ ബോള്‍ഡ് ആര്‍മി ആരാധകര്‍ ഉറ്റുനോക്കുന്നത്.

അതേസമയം, ആഭ്യന്തര ക്രിക്കറ്റിലും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിലും നടത്തിയ കിരീട വേട്ട ശ്രേയസ് അയ്യര്‍ പുതിയ ടീമിലും ആവര്‍ത്തിക്കുമോ എന്നറിയാനാണ് പഞ്ചാബിന്റെ ആരാധകര്‍ ആവേശത്തോടെ കാത്തിരിക്കുന്നത്. ഫൈനലില്‍ ആര് ജയം നേടിയാലും പുതു ചരിത്രം പിറവിയെടുക്കുമെന്ന് ഉറപ്പ്.

ഇപ്പോള്‍ ഐ.പി.എല്ലിന്റെ പുതിയ ജേതാക്കളെ പ്രവചിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരവും പഞ്ചാബ് കിങ്സ് താരവുമായിരുന്ന വിരേന്ദര്‍ സേവാഗ്. താന്‍ പിന്തുണക്കുന്ന ടീം തോല്‍ക്കുമെന്നതിനാല്‍ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിനെ തെരഞ്ഞെടുക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

ഐ.പി.എല്ലിന്റെ നോക്കൗട്ട് താന്‍ പിന്തുണച്ച ടീമുകള്‍ തോറ്റുവെന്നും ഇന്ത്യന്‍ ടീമിന്റെ കാര്യത്തില്‍ ഇതുതന്നെയാണ് സ്ഥിതിയെന്നും മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ പറഞ്ഞു. ക്രിക്ബസ്സില്‍ സംസാരിക്കുകയായിരുന്നു വിരേന്ദര്‍ സേവാഗ്.

‘ആര്‍.സി.ബി ജയിക്കും. ഞാന്‍ പിന്തുണക്കുന്ന ടീം തോല്‍ക്കാന്‍ സാധ്യത ഉള്ളതിനാല്‍ ഞാന്‍ എന്റെ പഴയ ഫോര്‍മുലയിലേക്ക് മടങ്ങുന്നു. ഞാന്‍ പിന്തുണച്ച പഞ്ചാബ് കിങ്സ് ക്വാളിഫയര്‍ ഒന്നില്‍ ബെംഗളുരുവിനോട് തോറ്റു. ഗുജറാത്ത് ടൈറ്റന്‍സിനെ തെരഞ്ഞെടുത്തപ്പോള്‍ മുംബൈ ജയിച്ചു.

ക്വാളിഫയര്‍ രണ്ടില്‍ മുംബൈയെ പിന്തുണച്ചപ്പോള്‍ അവരും പരാജയപെട്ടു. ഇതുപോലെ തന്നെയാണ് ഇന്ത്യന്‍ ടീമിന്റെ കാര്യത്തിലും. ഞാന്‍ പരസ്യമായി സപ്പോര്‍ട്ട് ചെയ്തപ്പോള്‍ അവര്‍ ജയിച്ചില്ല,’ സേവാഗ് പറഞ്ഞു.

Content Highlight: IPL 2025: RCB vs PBKS: Virender Sehwag support Royal Challengers in IPL final  and says that usually the team he support lose

We use cookies to give you the best possible experience. Learn more