ഐ.പി.എല്ലില്‍ കന്നി കിരീടം റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു പഞ്ചാബ് കിങ്‌സിനെ പരാജയപ്പെടുത്തി സ്വന്തമാക്കിയിരുന്നു. ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ആറ് റണ്‍സിന്റെ വിജയമാണ് ആര്‍.സി.ബി സ്വന്തമാക്കിയത്.
റോയല്‍ ചലഞ്ചേഴ്സ് ഉയര്‍ത്തിയ 191 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ പഞ്ചാബിന് നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 184 റണ്‍സ് മാത്രമാണ് കണ്ടെത്താന്‍ സാധിച്ചത്. ഇതോടെ 18 വര്‍ഷങ്ങളുടെ കാത്തിരിപ്പിന് വിരാമമിട്ട് ബെംഗളൂരു കപ്പില്‍ മുത്തമിട്ടു.
ബെംഗളൂരുവിന്റെ കിരീടധാരണത്തിനോടപ്പം തന്നെ സൂപ്പര്‍ താരം വിരാട് കോഹ്‌ലിയുടെ ഒരു കപ്പെന്ന സ്വപ്നം കൂടെയാണ് സാക്ഷാത്കരിക്കപ്പെട്ടത്. ടീമിനൊപ്പം ഐ.പി.എല്ലിന്റെ ആദ്യ സീസണ്‍ മുതല്‍ തന്നെയുള്ള താരം ഈ കിരീടത്തിനായി ഏറെ ആഗ്രഹിച്ചിരുന്നു. ഇന്നലെ ആ സ്വപനത്തിലേക്ക് അടുക്കുമ്പോള്‍ താരം ഫീല്‍ഡില്‍ വികാരാധീനനായിരുന്നു. മത്സരത്തിന്റെ അവസാന ഓവറില്‍ കണ്ണീരണിഞ്ഞ വിരാടിനെയാണ് ലോകം കണ്ടത്.
മത്സര ശേഷം തന്റെയും ബെംഗളുരുവിന്റെയും ഐ.പി.എല്ലിലെ ആദ്യ കിരീട നേട്ടത്തെ കുറിച്ച് വിരാട് കോഹ്‌ലി സംസാരിച്ചിരുന്നു. തന്റെ യുവത്വവും പ്രതാപവും ഞാന്‍ ഈ ടീമിന് നല്‍കിയെന്നും കരിയറിലെ ഏറ്റവും മികച്ച വിജയങ്ങള്‍ക്കൊപ്പം ഇതുമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
തന്റെ ഹൃദയവും ആത്മാവും ബെംഗളൂരുവിനൊപ്പമാണെന്നും സൂപ്പര്‍ താരം കൂട്ടിച്ചേര്‍ത്തു.
‘എന്റെ യുവത്വവും പ്രതാപവും ഞാന്‍ ഈ ടീമിന് നല്‍കി. ഓരോ സീസണിലും എല്ലാം നല്‍കി ഞാന്‍ കപ്പ് നേടാന്‍ ശ്രമിച്ചു. ഈ നിമിഷം ഒരിക്കലും സംഭവിക്കുമെന്ന് കരുതിയിരുന്നില്ല. പക്ഷേ, അവസാനം ഞങ്ങളിത് നേടി. എന്റെ കരിയറിലെ ഏറ്റവും മികച്ച വിജയങ്ങള്‍ക്കൊപ്പം ഇതുമുണ്ടാകും.
ടീം മാനേജ്മന്റ് എന്നെ പിന്തുണച്ചപ്പോള്‍ ഞാന്‍ 18 വര്‍ഷം ഇവിടെ തുടര്‍ന്നു. എന്റെ ഹൃദയവും ആത്മാവും ബെംഗളൂരുവിനൊപ്പമാണ്. ഞാന്‍ എന്റെ ബൂട്ടഴിക്കുമ്പോള്‍ ഞാന്‍ എല്ലാം നല്‍കിയിട്ടുണ്ടെന്ന് പറയണം.
ഈ കപ്പ് നേടാന്‍ കഴിഞ്ഞതില്‍ ഞാന്‍ ദൈവത്തോട് നന്ദി പറയുന്നു. കളിക്കാര്‍ക്കും, മാനേജ്മെന്റിനും, കുടുംബങ്ങള്‍ക്കും, ബെംഗളൂരുവിനും ഒരു വലിയ അഭിനന്ദനം. അവരില്ലായിരുന്നെങ്കില്‍ ഇത് സാധ്യമാകുമായിരുന്നില്ല,’ വിരാട് പറഞ്ഞു.
ഫൈനലില്‍ ബെംഗളുരുവിന്റെ ടോപ് സ്‌കോറര്‍ വിരാട് കോഹ്‌ലിയായിരുന്നു. 35 പന്തില്‍ മൂന്ന് ഫോറടക്കം 43 റണ്‍സാണ് താരം കലാശപ്പോരില്‍ നേടിയത്. താരത്തിന് പുറമെ ക്യാപ്റ്റന്‍ രജത് (16 പന്തില്‍ 26), ലിയാം ലിവിങ്സ്റ്റണ്‍ (15 പന്തില്‍ 25), ജിതേഷ് ശര്‍മ (10 പന്തില്‍ 24) എന്നിവരും സ്‌കോര്‍ ബോര്‍ഡില്‍ ചേര്‍ത്തു.
ബൗളിങ്ങില്‍ കരുത്തനായത് രണ്ട് വിക്കറ്റ് വീഴ്ത്തി എക്കോണമിക്കലായി പന്തെറിഞ്ഞ ക്രുണാല്‍ പാണ്ഡ്യയാണ്. 4.25 എക്കോണമിയില്‍ പന്തെറിഞ്ഞ താരം 17 റണ്‍സ് മാത്രമാണ് വിട്ടുകൊടുത്തത്.
Content Highlight: IPL 2025: RCB vs PBKS: Virat Kohli talks about Royal Challengers Bengaluru first ever IPL title