റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു തങ്ങളുടെ കന്നി ഐ.പി.എല്‍ കിരീടം സ്വന്തമാക്കിയിരിക്കുകയാണ്. അഹമ്മദാബാദ് സ്‌റ്റേഡിയത്തില്‍ നടന്ന ഐ.പി.എല്‍ 2025ന്റെ കലാശക്കൊട്ടില്‍ പഞ്ചാബിനെ ആറ് റണ്‍സിന് പരാജയപ്പെടുത്തിയാണ് പ്ലേ ബോള്‍ഡ് ആര്‍മി കിരീടത്തില്‍ മുത്തമിട്ടത്. 18 വര്‍ഷത്തെ കിരീട വരള്‍ച്ചക്ക് ശേഷമാണ് പുതിയ ക്യാപ്റ്റന്‍ രജത് പാടിദാറിന്റെ ക്യാപ്റ്റന്‍സിയില്‍ ബെംഗളൂരു കിരീടമുയര്‍ത്തിയത്.
മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ബെംഗളൂരുവിന് ഒമ്പത് വിക്കറ്റ് നഷ്ടപ്പെട്ടെങ്കിലും വിരാട് കോഹ്‌ലിയുടെ കരുത്തില്‍ 190 റണ്‍സ് അടിച്ചെടുക്കുകയായിരുന്നു. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ പഞ്ചാബ് ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 184 റണ്‍സിന് മത്സരം അവസാനിപ്പിക്കുകയായിരുന്നു.
മത്സരശേഷം നിര്‍ണായകമായ അവസാന ഓവറിനെക്കുറിച്ച് വിരാട് കോഹ്‌ലി സംസാരിച്ചിരുന്നു. അവസാന ഓവറിന് എത്തിയത് ജോഷ് ഹേസല്‍വുഡ് നോ ബോള്‍ എറിയരുതെന്ന് ആഗ്രഹിച്ചുവെന്നും വിരാട് പറഞ്ഞു. മാത്രമല്ല അവസാന നാല് പന്തില്‍ 30 റണ്‍സോളം വേണ്ടിവന്നപ്പോള്‍ നാല് സിക്‌സ് അടിച്ചാലും പഞ്ചാബ് ജയിക്കില്ലെന്നും തങ്ങളുടെ വിജയം ഉറപ്പിച്ച സമയത്ത് താന്‍ തകര്‍ന്ന് പോയെന്നും വിരാട് കൂട്ടിച്ചേര്‍ത്തു.
‘മത്സരത്തിലെ ഏറ്റവും തീവ്രമായ നിമിഷമായിരുന്നു അത്. ജോഷ് ഒരു റണ്‍ പോലും വഴങ്ങില്ലെന്നും നോ ബോള്‍ എറിയരുതെന്നും ഞാന്‍ പ്രതീക്ഷിച്ചിരുന്നു. സാധാരണയായി അദ്ദേഹം നോ ബോള്‍ എറിയാറില്ല. നാല് പന്തില്‍ നിന്ന് 30 റണ്‍സ് ആയിരുന്നപ്പോള്‍, നാല് സിക്‌സറുകള്‍ അടിച്ചാലും അവര്‍ക്ക് ജയിക്കാന്‍ കഴിയില്ലെന്ന് എനിക്കുറപ്പായിരുന്നു.
ഹേസല്‍വുഡ് ഞങ്ങളുടെ വിജയം ഉറപ്പിച്ചപ്പോള്‍ ഞാന്‍ തകര്‍ന്നുപോയി. ആ വികാരം ഒരു ശതമാനം പോലും കുറഞ്ഞിട്ടില്ല. ബെംഗളൂരുവില്‍ എത്തുമ്പോള്‍ അത് എന്നെ ബാധിക്കും. അവസാന നാല് പന്തുകളില്‍ എന്റെ മുഴുവന്‍ യാത്രയും എന്റെ കണ്‍മുന്നില്‍ മിന്നിമറയുന്നുണ്ടായിരുന്നു,’ വിരാട് കോഹ്‌ലി മത്സര ശേഷം പറഞ്ഞു.
ബെംഗളൂരുവിന് വേണ്ടി 35 പന്തില്‍ നിന്ന് മൂന്ന് ബൗണ്ടറികള്‍ അടക്കം 43 റണ്‍സാണ് വിരാട് കോഹ്‌ലി നേടിയത്. മാത്രമല്ല ബൗളിങ്ങില്‍ ബെംഗളൂരുവിന് തുണയായത് ക്രുണാല്‍ പാണ്ഡ്യയായിരുന്നു. നാലോവര്‍ പന്തെറിഞ്ഞ താരം വെറും 17 റണ്‍സ് മാത്രം വിട്ടുകൊടുത്ത് രണ്ട് വിക്കറ്റുകള്‍ സ്വന്തമാക്കിയിരുന്നു. 4.25 എന്ന എക്കോണമിയിലാണ് താരം പന്തെറിഞ്ഞത്. മത്സരത്തിലെ താരമായി തെരഞ്ഞെടുക്കപ്പെട്ടതും ക്രുണാല്‍ പാണ്ഡ്യയായിരുന്നു.
പഞ്ചാബിന്റെ വെടിക്കെട്ട് വീരന്മാരായ പ്രഭ്‌സിമ്രന്‍ സിങ്ങിന്റെയും ജോഷ് ഇംഗ്ലിസിന്റെയും വിക്കറ്റുകളാണ് താരം സ്വന്തമാക്കിയത്. കളിയുടെ ഗതി മാറ്റിയ വിക്കറ്റുകളായിരുന്നു രണ്ടും. അതേസമയം പഞ്ചാബ് സിംഹങ്ങള്‍ക്ക് വേണ്ടി ശശാങ്കസിങ് 61 റണ്‍സ് നേടി അവസാനം വരെ പോരാടിയെങ്കിലും കാലം കാത്തുവെച്ച വിജയം സ്വന്തമാക്കുകയായിരുന്നു ബെംഗളൂരു.
Content Highlight: IPL 2025: RCB VS PBKS: Virat Kohli Talking About Crucial Time In IPL 2025 Final