| Thursday, 29th May 2025, 6:57 pm

ശ്രേയസിനെയടിച്ച് ഫൈനലിലെ സ്ഥാനം മാത്രമല്ല, വിരാടിന്റെ ലക്ഷ്യം കരിയര്‍ തന്നെ തിരുത്താന്‍; പഞ്ചാബ് പേടിക്കണം

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്‍ 2025ലെ ആദ്യ ക്വാളിഫയറിനുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. പോയിന്റ് പട്ടികയിലെ ഒന്നാം സ്ഥാനക്കാരായ പഞ്ചാബ് കിങ്സ് രണ്ടാം സ്ഥാനക്കാരായ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിനെ പ്ലേ ഓഫിലെ ആദ്യ മത്സരത്തില്‍ നേരിടും.

പഞ്ചാബിന്റെ തട്ടകമായ മഹാരാജ യാദവീന്ദ്ര സിങ് അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ നടക്കുന്ന ആദ്യ ക്വാളിഫയറിലെ ജേതാക്കള്‍ നേരിട്ട് ഫൈനലില്‍ പ്രവേശിക്കും.

ഐ.പി.എല്‍ ചരിത്രത്തില്‍ ഇതുവരെ കിരീടമണിയാന്‍ സാധിക്കാതെ പോയ രണ്ട് ടീമുകളാണ് ആദ്യ ക്വാളിഫയറില്‍ കൊമ്പുകോര്‍ക്കുന്നത്. അതായത് ഇതുവരെ കിരീടം നേടാന്‍ സാധിക്കാതെ പോയ രണ്ട് ടീമുകളില്‍ ഒരു ടീം ഉറപ്പായും ഫൈനല്‍ കളിക്കും എന്ന് അര്‍ത്ഥം.

ഈ മത്സരത്തില്‍ ഒരു ചരിത്ര നേട്ടവും വിരാടിനെ കാത്തിരിക്കുന്നുണ്ട്. ടി-20 ഫോര്‍മാറ്റില്‍ 13,500 റണ്‍സ് നേടുന്ന താരങ്ങളുടെ പട്ടികയിലേക്കാണ് വിരാട് നടന്നുകയറാന്‍ ഒരുങ്ങുന്നത്. ഇതിന് വേണ്ടതാകട്ടെ വെറും 12 റണ്‍സും.

കരിയറിലെ ഈ സുപ്രധാന നാഴികക്കല്ല് പിന്നിടുന്ന അഞ്ചാമത് മാത്രം താരമാകാനാണ് വിരാട് ഒരുങ്ങുന്നത്.

ടി-20 ഫോര്‍മാറ്റില്‍ ഏറ്റവുമധികം റണ്‍സ് നേടിയ താരങ്ങള്‍

(താരം – ഇന്നിങ്‌സ് – റണ്‍സ് എന്നീ ക്രമത്തില്‍)

ക്രിസ് ഗെയ്ല്‍ – 455 – 14,562

ആലക്‌സ് ഹെയ്ല്‍സ് – 492 – 13,698

ഷോയ്ബ് മാലിക് – 515 – 13,571

കെയ്‌റോണ്‍ പൊള്ളാര്‍ഡ് – 617 – 13,537

വിരാട് കോഹ്‌ലി – 395 – 13,488

ഡേവിഡ് വാര്‍ണര്‍ – 409 – 13,281

ജോസ് ബട്‌ലര്‍ – 409 – 12,651

2007ല്‍ ആരംഭിച്ച തന്റെ ടി-20 കരയിറില്‍ 395 തവണ വിരാട് ബാറ്റുമായി കളത്തിലിറങ്ങിയിട്ടുണ്ട്. 42.01 ശരാശരിയിലും 134.75 സ്‌ട്രൈക്ക് റേറ്റിലും 13,488 റണ്‍സാണ് വിരാട് ഇതുവരെ സ്വന്തമാക്കിയത്.

ഒമ്പത് സെഞ്ച്വറിയും 105 അര്‍ധ സെഞ്ച്വറിയും ഇതില്‍ ഉള്‍പ്പെടും. റോയല്‍ ചലഞ്ചേഴ്‌സിനും ഇന്ത്യന്‍ ദേശീയ ടീമിനും പുറമെ ആഭ്യന്തര തലത്തില്‍ ദല്‍ഹിക്കും വേണ്ടിയാണ് വിരാട് ഷോര്‍ട്ടര്‍ ഫോര്‍മാറ്റില്‍ കളത്തിലിറങ്ങിയത്.

കഴിഞ്ഞ ദിവസം ലീഗ് ഘട്ടത്തില്‍ നടന്ന തങ്ങളുടെ അവസാന മത്സരത്തില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെ തകര്‍ത്താണ് റോയല്‍ ചലഞ്ചേഴ്‌സ് ആദ്യ ക്വാളിഫയറിന് യോഗ്യത നേടിയത്. സൂപ്പര്‍ ജയറ്‌സിന്റെ തട്ടകമായ ലഖ്‌നൗവിലെ എകാന ക്രിക്കറ്റ് ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ ആറ് വിക്കറ്റിന്റെ വിജയമാണ് ആര്‍.സി.ബി സ്വന്തമാക്കിയത്.

ലഖ്‌നൗ ഉയര്‍ത്തിയ 228 റണ്‍സിന്റെ വിജയലക്ഷ്യം എട്ട് പന്ത് ബാക്കി നില്‍ക്കെ ആര്‍.സി.ബി മറികടക്കുകയായിരുന്നു. ക്യാപ്റ്റന്റെ റോളിലെത്തിയ ജിതേഷ് ശര്‍മയുടെ വെടിക്കെട്ട് അര്‍ധ സെഞ്ച്വറിയാണ് ടീമിന് വിജയം നേടിക്കൊടുത്തത്.

മത്സരത്തില്‍ ലഖ്‌നൗവിനായി നായകന്‍ റിഷബ് പന്ത് സെഞ്ച്വറിയും റോയല്‍ ചലഞ്ചേഴ്‌സിനായി വിരാട് അര്‍ധ സെഞ്ച്വറിയും സ്വന്തമാക്കിയിരുന്നു.

Content highlight: IPL 2025: RCB vs PBKS: Virat Kohli need 12 runs to complete 13500 runs in T20s

We use cookies to give you the best possible experience. Learn more