| Tuesday, 3rd June 2025, 3:15 pm

കൊട്ടിക്കലാശത്തില്‍ വമ്പന്‍ റെക്കോഡ് തൂക്കാന്‍ അയ്യര്‍; വേണ്ടത് വെറും നാല് സിക്‌സ്!

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്‍ 2025ന്റെ കലാശക്കൊട്ടിന് ഇനി ഏതാനും മിനിട്ടുകള്‍ മാത്രമാണ് ബാക്കിയുള്ളത്. ചരിത്രത്തില്‍ ഇതുവരെ ഐ.പി.എല്‍ കിരീടം നേടാന്‍ സാധിക്കാത്ത റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവും പഞ്ചാബ് കിങ്സുമാണ് ഇന്ന് കിരീടപ്പോരാട്ടത്തില്‍ കൊമ്പ് കോര്‍ക്കുന്നത്. അഹമ്മദാബാദില്‍ നടക്കുന്ന മത്സരത്തില്‍ ആരാകും പുതിയ ചാമ്പ്യന്‍മാരാകുക എന്നറിയാന്‍ കാത്തിരിക്കുകയാണ് ക്രിക്കറ്റ് ലോകം.

സീസണില്‍ ക്യാപ്റ്റനെന്ന നിലയിലും ബാറ്റര്‍ എന്ന നിലയിലും മിന്നും പ്രകടനം കാഴ്ചവെച്ചാണ് പഞ്ചാബ് ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ കാഴ്ചവെക്കുന്നത്. ഇന്ന് കലാശപ്പോരാട്ടത്തിന് ഇറങ്ങുമ്പോള്‍ ഒരു തകര്‍പ്പന്‍ റെക്കോഡാണ് അയ്യരെ കാത്തിരിക്കുന്നത്. ഒരു ഐ.പി.എല്‍ സീസണില്‍ ഏറ്റവും കൂടുതല്‍ സിക്‌സര്‍ നേടുന്ന ഇന്ത്യന്‍ താരം എന്ന നേട്ടത്തിലേക്കാണ് ശ്രേയസ് കുതിക്കുന്നത്.

ഇതിനായി ഇനി നാല് സിക്‌സുകള്‍ മാത്രമാണ് പഞ്ചാബ് ക്യാപ്റ്റന് വേണ്ടത്. സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ വെടിക്കെട്ട് ബാറ്റര്‍ അഭിഷേക് ശര്‍മയാണ് ഈ നേട്ടത്തില്‍ മുന്നില്‍. 2024ല്‍ 42 സിക്‌സറാണ് താരത്തിന്റെ ബാറ്റില്‍ നിന്ന് പിറന്നത്. റെക്കോഡ് ലിസ്റ്റില്‍ വിരാട് കോഹ്‌ലിയെ മറികടക്കാനും ശ്രേയസിന് സാധിച്ചിരുന്നു.

ഒരു ഐ.പി.എല്‍ സീസണില്‍ ഏറ്റവും കൂടുതല്‍ സിക്‌സര്‍ നേടുന്ന ഇന്ത്യന്‍ താരം, എണ്ണം

അഭിഷേക് ശര്‍മ – 42

ശ്രേയസ് അയ്യര്‍ – 39

വിരാട് കോഹ്‌ലി – 38

സൂര്യകുമാര്‍ യാദവ് – 38

റിഷബ് പന്ത് – 37

ഐ.പി.എല്‍ ചരിത്രത്തില്‍ ഇരുവരും 36 മത്സരങ്ങളിലാണ് ഇതുവരെ ഏറ്റുമുട്ടിയത്. അതില്‍ 18 തവണ ബെംഗളൂരുവും 18 തവണ പഞ്ചാബും വിജയിച്ചിട്ടുണ്ട്. എന്നാല്‍ ഇരുവരും ഏറ്റുമുട്ടിയ കഴിഞ്ഞ അഞ്ച് മത്സരങ്ങളില്‍ നാല് മത്സരങ്ങള്‍ വിജയിച്ചത് ബെംഗളൂരുവാണ്.

2016ന് ശേഷം ഇതാദ്യമായാണ് ബെംഗളൂരു ഫൈനലില്‍ എത്തുന്നത്. അതേസമയം 2014ന് ശേഷമാണ് പഞ്ചാബും മറ്റൊരു ഫൈനല്‍ കാണുന്നത്. അതുകൊണ്ടുതന്നെ ആരാധകര്‍ക്ക് വൈകാരികവും തീവ്രതയേറിയതുമായ ഒരു പോരാട്ടം തന്നെ പ്രതീക്ഷിക്കാം.

ബെംഗളൂരുവിന് മത്സരത്തില്‍ മേല്‍ക്കൈ ഉണ്ടെങ്കിലും കിരീടം ചൂടാന്‍ ഇരു ടീമുകളും ഒരു ജീവന്‍ മരണ പോരാട്ടം തന്നെയാവും നടത്തുക. വെറും ഒരു പന്തിന് മത്സരത്തിന്റെ ഗതി മാറ്റാന്‍ സാധിക്കുമെന്നിരിക്കെ ആര് കിരീടം ചൂടുമെന്ന് കണ്ടുതന്നെ അറിയണം.

Content Highlight: IPL 2025: RCB VS PBKS: Shreyas Iyer Need Four Sixes To Achieve Great Record In IPL History

We use cookies to give you the best possible experience. Learn more