| Tuesday, 3rd June 2025, 11:56 am

ധോണിയും രോഹിത്തും അടക്കിവാഴുന്ന റെക്കോഡില്‍ സെഞ്ച്വറിയടിക്കാന്‍ ശ്രേയസ്; കാത്തിരിക്കുന്നത് ഇതിഹാസ നേട്ടം!

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്‍ 2025ന്റെ കലാശക്കൊട്ടിന് ഇനി ഏതാനും മണിക്കൂറുകള്‍ മാത്രമാണ് ബാക്കിയുള്ളത്. ചരിത്രത്തില്‍ ഇതുവരെ കിരീടം നേടാന്‍ സാധിക്കാത്ത രണ്ട് ശക്തമായ ടീമുകള്‍ തമ്മില്‍ ഏറ്റുമുട്ടുമ്പോള്‍ പുതിയ ഐ.പി.എല്‍ ചാമ്പ്യന്‍സിനായുള്ള കാത്തിരിപ്പിലാണ് ക്രിക്കറ്റ്ലോകം. കിരീടപ്പോരാട്ടത്തില്‍ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവും പഞ്ചാബ് കിങ്‌സും ഇന്ന് അഹമ്മദാബാദിലാണ് കൊമ്പ് കോര്‍ക്കുന്നത്.

ആദ്യ ക്വാളിഫയറില്‍ പഞ്ചാബിനെ പരാജയപ്പെടുത്തിയാണ് രജത് പാടിദാറും സംഘവും ഫൈനലില്‍ പ്രവേശിച്ചത്. ഐ.പി.എല്‍ രണ്ടാം ക്വാളിഫയറില്‍ മുംബൈ ഇന്ത്യന്‍സിനെ പരാജയപ്പെടുത്തിയാണ് പഞ്ചാബ് കിങ്സ് ഫൈനല്‍ ടിക്കറ്റ് ഉറപ്പിച്ചത്. ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയത്തില്‍ നടന്ന ത്രില്ലിങ് മത്സരത്തില്‍ അഞ്ച് വിക്കറ്റിന്റെ വിജയമാണ് പഞ്ചാബ് സ്വന്തമാക്കിയത്.

സീസണില്‍ ക്യാപ്റ്റനെന്ന നിലയിലും ബാറ്റര്‍ എന്ന നിലയിലും മിന്നും പ്രകടനം കാഴ്ചവെച്ച അയ്യര്‍ പഞ്ചാബിന് വേണ്ടി ഇന്ന് പടക്കളത്തിലിറങ്ങുമ്പോള്‍ ഒരു തകര്‍പ്പന്‍ റെക്കോഡും കാത്തിരിക്കുകയാണ്. ക്യാപ്റ്റനെന്ന നിലയില്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ടി-20യില്‍ കളിക്കുന്ന അഞ്ചാമത്തെ താരമാകാനാണ് അയ്യരിന് സാധിക്കുക. ഈ നേട്ടത്തില്‍ ഏറ്റവും മുന്നില്‍ എ.എസ്. ധോണിയും രോഹിത് ശര്‍മയുമാണ്.

ക്യാപ്റ്റനെന്ന നിലയില്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ടി-20യില്‍ കളിക്കുന്ന താരം, മത്സരം

എം.എസ്. ധോണി – 331

രോഹിത് ശര്‍മ – 225

വിരാട് കോഹ്‌ലി – 193

ഗൗതം ഗംഭീര്‍ – 170

ശ്രേയസ് അയ്യര്‍ – 100*

ഇന്ത്യന്‍ ടി-20യില്‍ ക്യാപ്റ്റനായി 100ാം മത്സരം കളിക്കാനിറങ്ങുമ്പോള്‍ വലിയ പ്രതീക്ഷയിലാണ് ആരാധകര്‍. സീസണില്‍ 16 മത്സരങ്ങളില്‍ നിന്ന് 603 റണ്‍സാണ് താരം നേടിയത്. 97* റണ്‍സിന്റെ ഉയര്‍ന്ന സ്‌കോറും 54.82 എന്ന മികച്ച ആവറേജിലുമാണ് താരത്തിന്റെ ബാറ്റിങ്. മാത്രമല്ല 175.80 എന്ന പ്രഹര ശേഷിയാണ് അയ്യര്‍ക്കുള്ളത്.

മാത്രമല്ല രണ്ടാം ക്വാളിഫയറില്‍ മുംബൈക്കെതിരെയുള്ള പഞ്ചാബിന്റെ വിജയത്തിന് കാരണം അയ്യര്‍ നടത്തിയ വെടിക്കെട്ട് ബാറ്റിങ് പ്രകടനമാണ്. മത്സരത്തില്‍ 41 പന്തില്‍ പുറത്താകാതെ 87 റണ്‍സെടുത്താണ് പഞ്ചാബിനെ രണ്ടാം ഫൈനലില്‍ എത്തിച്ചത്. എട്ട് സിക്സും അഞ്ച് ഫോറും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്സ്. 212.20 എന്ന തകര്‍പ്പന്‍ സ്‌ട്രൈക്ക് റേറ്റില്‍ ബാറ്റ് ചെയ്താണ് ഇന്ത്യന്‍ താരം മുംബൈയുടെ ആറാം കിരീട മോഹം തല്ലിത്തകര്‍ത്തത്.

Content Highlight: IPL 2025: RCB VS PBKS: Shreyas Iyer Have Great Record Achievement In IPL 2025

We use cookies to give you the best possible experience. Learn more