ഐ.പി.എല്ലില്‍ കന്നി കിരീടം സ്വന്തമാക്കി റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു. ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ആറ് റണ്‍സിന്റെ വിജയമാണ് ആര്‍.സി.ബി സ്വന്തമാക്കിയത്.
റോയല്‍ ചലഞ്ചേഴ്സ് ഉയര്‍ത്തിയ 191 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ പഞ്ചാബിന് നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 184 റണ്‍സ് മാത്രമാണ് കണ്ടെത്താന്‍ സാധിച്ചത്.
ഇതോടെ ആരാധകരുടെ വര്‍ഷങ്ങളുടെ കാത്തിരിപ്പിനും കണ്ണീരിനും വിരാമമിടാനും സൂപ്പര്‍ താരം വിരാടിന്റെ കരിയറില്‍ ഒരു കിരീടം എന്ന സ്വപനം പൂവണിയിക്കാനും സാധിച്ചു. സീസണിലുടനീളം മികച്ച ഫോമില്‍ കളിച്ചാണ് പ്ലേ ബോള്‍ഡ് ആര്‍മി സ്വപ്ന കിരീടം ചിന്നസ്വാമിയിലെത്തിച്ചത്.
വമ്പന്‍ താരങ്ങളായ വിരാടും ഡു പ്ലെസിസുമൊക്കെ ക്യാപ്റ്റന്‍ കുപ്പായത്തില്‍ എത്തിയിട്ടും നേടാന്‍ സാധിക്കാത്തതാണ് രജത് പാടിദാര്‍ ബെംഗളൂരുവിനായി നേടിയത്. ക്യാപ്റ്റനായ തന്റെ അരങ്ങേറ്റ സീസണില്‍ തന്നെ 18 വര്‍ഷങ്ങളുടെ കിരീട വരള്‍ച്ചയ്ക്ക് അറുതി വരുത്താന്‍ രജതിന് സാധിച്ചു.
ഇതോടെ ബെംഗളൂരു നായകന്‍ ഒരു സൂപ്പര്‍ നേട്ടവും സ്വന്തമാക്കി. ക്യാപ്റ്റനായ ആദ്യ സീസണ്‍ തന്നെ ഒരു ടീമിനെ കിരീടമണിയിക്കുന്ന നാലാമത്തെ താരമെന്ന റെക്കോഡാണ് രജത് തന്റെ പേരില്‍ കുറിച്ചത്.
(ക്യാപ്റ്റന്‍ – ടീം – വര്‍ഷം എന്നീ ക്രമത്തില്‍)
ഷെയ്ന്‍ വോണ്‍ – രാജസ്ഥാന്‍ റോയല്‍സ് – 2008
രോഹിത് ശര്‍മ – മുംബൈ ഇന്ത്യന്‍സ് – 2013
ഹര്‍ദിക് പാണ്ഡ്യ – ഗുജറാത്ത് ടൈറ്റന്‍സ് – 2022
ഫൈനലില്‍ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ആര്‍.സി.ബിക്കായി വിരാട് കോഹ്ലി മികച്ച പ്രകടനം നടത്തി. 35 പന്തില്‍ മൂന്ന് ഫോറടക്കം 43 റണ്‍സാണ് താരം കലാശപ്പോരില്‍ നേടിയത്. താരത്തിന് പുറമെ ക്യാപ്റ്റന്‍ രജത് (16 പന്തില്‍ 26), ലിയാം ലിവിങ്സ്റ്റണ്‍ (15 പന്തില്‍ 25), ജിതേഷ് ശര്‍മ (10 പന്തില്‍ 24) എന്നിവരും സ്‌കോര്‍ ബോര്‍ഡില്‍ ചേര്‍ത്തു.
ബൗളിങ്ങില്‍ കരുത്തനായത് രണ്ട് വിക്കറ്റ് വീഴ്ത്തി എക്കോണമിക്കലായി പന്തെറിഞ്ഞ ക്രുണാല്‍ പാണ്ഡ്യയാണ്. 4.25 എക്കോണമിയില്‍ പന്തെറിഞ്ഞ താരം 17 റണ്‍സ് മാത്രമാണ് വിട്ടുകൊടുത്തത്. താരത്തിന് പുറമെ ഭുവനേശ്വര്‍ കുമാറും രണ്ട് വിക്കറ്റ് നേടി
Content Highlight: IPL 2025: RCB vs PBKS: Rajat Patidar became the fourth captain to lift IPL trophy in debut season