| Thursday, 29th May 2025, 8:31 pm

ഒരേയൊരു റണ്ണില്‍ നടന്നുകയറിയത് ഐതിഹാസിക നേട്ടത്തിലേക്ക്; സൂര്യയും ജെയ്‌സ്വാളും തലയുയര്‍ത്തി നില്‍ക്കുന്ന ലിസ്റ്റില്‍ ഇനി പ്രഭ്‌സിമ്രാനും

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്‍ 2025ന്റെ ആദ്യ ക്വാളിഫയറില്‍ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു പഞ്ചാബ് കിങ്സിനെ നേരിടാനൊരുങ്ങുകയാണ്. പഞ്ചാബിന്റെ സ്വന്തം തട്ടകമായ മഹാരാജ യാദവീന്ദ്ര സിങ് അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നേടിയ റോയല്‍ ചലഞ്ചേഴ്സ് എതിരാളികളെ ബാറ്റിങ്ങിനയച്ചു. ഇന്ന് വിജയിക്കുന്നവര്‍ക്ക് നേരിട്ട് ഫൈനലില്‍ പ്രവേശിക്കാന്‍ സാധിക്കും.

മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ പഞ്ചാബ് കിങ്‌സിന് തുടക്കം പാളിയിരിക്കുകയാണ്. പവര്‍പ്ലേയില്‍ തന്നെ നാല് വിക്കറ്റ് നഷ്ടപ്പെട്ടാണ് പഞ്ചാബ് കിങ്‌സ് നിര്‍ണായക മത്സരത്തില്‍ സമ്മര്‍ദത്തിലായിരിക്കുന്നത്.

പ്രിയാന്‍ഷ് ആര്യ അഞ്ച് പന്തില്‍ നാല് റണ്‍സിനും പ്രഭ്‌സിമ്രാന്‍ സിങ് പത്ത് പന്തില്‍ 18 റണ്‍സിനും ജോഷ് ഇംഗ്ലിസ് ഏഴ് പന്തില്‍ നാല് റണ്‍സിനും പുറത്തായി. മൂന്ന് പന്തില്‍ രണ്ട് റണ്‍സ് മാത്രം സ്വന്തമാക്കിയാണ് ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ മടങ്ങിയത്.

ചെറിയ സ്‌കോറില്‍ പുറത്താകും മുമ്പ് പ്രഭ്‌സിമ്രാന്‍ ഒരു തകര്‍പ്പന്‍ റെക്കോഡും സ്വന്തമാക്കിയിരുന്നു. ഐ.പി.എല്ലിന്റെ ചരിത്രത്തില്‍ ഒരു സീസണില്‍ 500 റണ്‍സ് സ്വന്തമാക്കുന്ന അണ്‍ക്യാപ്ഡ് താരങ്ങളുടെ ലിസ്റ്റിലാണ് പ്രഭ്‌സിമ്രാന്‍ ഇടം നേടിയത്.

ആര്‍.സി.ബിക്കെതിരായ മത്സരത്തിന് മുമ്പ് 14 ഇന്നിങ്‌സില്‍ നിന്നും 35.64 ശരാശരിയില്‍ 499 റണ്‍സ് പ്രഭ്‌സിമ്രാന്‍ അടിച്ചെടുത്തിരുന്നു. ആദ്യ ക്വാളിഫയറില്‍ ഒറ്റ റണ്‍സ് നേടിയതിന് പിന്നാലെയാണ് പ്രഭ്‌സിമ്രാന്‍ തകര്‍പ്പന്‍ റെക്കോഡിലെത്തിയത്.

ഐ.പി.എല്ലിന്റെ ഒരു സീസണില്‍ 500 റണ്‍സ് പൂര്‍ത്തിയാക്കുന്ന അണ്‍ക്യാപ്ഡ് താരങ്ങള്‍

(താരം – ടീം – സീസണ്‍ എന്നീ ക്രമത്തില്‍)

ഷോണ്‍ മാര്‍ഷ് – കിങ്‌സ് ഇലവന്‍ പഞ്ചാബ് – 2008

സൂര്യകുമാര്‍ യാദവ് – മുംബൈ ഇന്ത്യന്‍സ് – 2018

ഇഷാന്‍ കിഷന്‍ – മുംബൈ ഇന്ത്യന്‍സ് – 2020

യശസ്വി ജെയ്‌സ്വാള്‍ – രാജസ്ഥാന്‍ റോയല്‍സ് – 2023

റിയാന്‍ പരാഗ് – രാജസ്ഥാന്‍ റോയല്‍സ് – 2024

പ്രഭ്‌സിമ്രാന്‍ സിങ് – പഞ്ചാബ് കിങ്‌സ് – 2025*

അതേസമയം, പവര്‍പ്ലേക്ക് തൊട്ടുപിന്നാലെ പഞ്ചാബിന് അഞ്ചാം വിക്കറ്റും നഷ്ടമായിരിക്കുകയാണ്. പത്ത് പന്തില്‍ എട്ട് റണ്‍സ് നേടിയ നേഹല്‍ വധേരയുടെ വിക്കറ്റിനാണ് ടീമിന് നഷ്ടമായത്. യാഷ് ദയാലിന്റെ പന്തില്‍ ക്ലീന്‍ ബൗള്‍ഡായാണ് വധേര തിരിച്ചുനടന്നത്.

നിലവില്‍ എട്ട് ഓവര്‍ പിന്നിടുമ്പോള്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 59 എന്ന നിലയിലാണ് പഞ്ചാബ്. പത്ത് പന്തില്‍ 16 റണ്‍സുമായി മാര്‍കസ് സ്റ്റോയ്‌നിസും നാല് പന്തില്‍ മൂന്ന് റണ്‍സുമായി ശശാങ്ക് സിങ്ങുമാണ് ക്രീസില്‍.

റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു പ്ലെയിങ് ഇലവന്‍

വിരാട് കോഹ്‌ലി, ഫില്‍ സാള്‍ട്ട്, രജത് പാടിദാര്‍ (ക്യാപ്റ്റന്‍), ലിയാം ലിവിങ്സ്റ്റണ്‍, ജിതേഷ് ശര്‍മ (വിക്കറ്റ് കീപ്പര്‍), റൊമാരിയോ ഷെപ്പേര്‍ഡ്, ക്രുണാല്‍ പാണ്ഡ്യ, ഭുവനേശ്വര്‍ കുമാര്‍, യാഷ് ദയാല്‍, ജോഷ് ഹെയ്‌സല്‍വുഡ്, സുയാഷ് ശര്‍മ.

പഞ്ചാബ് കിങ്‌സ് പ്ലെയിങ് ഇലവന്‍

പ്രിയാന്‍ഷ് ആര്യ, പ്രഭ്‌സിമ്രാന്‍ സിങ്, ജോഷ് ഇംഗ്ലിസ് (വിക്കറ്റ് കീപ്പര്‍), ശ്രേയസ് അയ്യര്‍ (ക്യാപ്റ്റന്‍), നേഹല്‍ വധേര, ശശാങ്ക് സിങ്, മാര്‍കസ് സ്റ്റോയ്‌നിസ്, അസ്മത്തുള്ള ഒമര്‍സായ്, ഹര്‍പ്രീത് ബ്രാര്‍, കൈല്‍ ജാമൈസണ്‍, അര്‍ഷ്ദീപ് സിങ്.

Content Highlight: IPL 2025: RCB vs PBKS: Prabhsimran Singh joins the elite list of uncapped players scoring 500 runs in a season

We use cookies to give you the best possible experience. Learn more