ഐ.പി.എല്‍ 2025ന്റെ കലാശക്കൊട്ടിന് ഇനി ഏതാനും മണിക്കൂറുകള്‍ മാത്രമാണ് ബാക്കിയുള്ളത്. ചരിത്രത്തില്‍ ഇതുവരെ കിരീടം നേടാന്‍ സാധിക്കാത്ത രണ്ട് ശക്തമായ ടീമുകള്‍ തമ്മില്‍ ഏറ്റുമുട്ടുമ്പോള്‍ പുതിയ ഐ.പി.എല്‍ ചാമ്പ്യന്‍സിനായുള്ള കാത്തിരിപ്പിലാണ് ക്രിക്കറ്റ്‌ലോകം. കിരീടപ്പോരാട്ടത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവും പഞ്ചാബ് കിങ്സും ഇന്ന് അഹമ്മദാബാദിലാണ് കൊമ്പ് കോര്‍ക്കുന്നത്.
ആദ്യ ക്വാളിഫയറില്‍ പഞ്ചാബിനെ പരാജയപ്പെടുത്തിയാണ് രജത് പാടിദാറും സംഘവും ഫൈനലില്‍ പ്രവേശിച്ചത്. ഐ.പി.എല്‍ രണ്ടാം ക്വാളിഫയറില്‍ മുംബൈ ഇന്ത്യന്‍സിനെ പരാജയപ്പെടുത്തിയാണ് പഞ്ചാബ് കിങ്സ് ഫൈനല്‍ സ്ഥാനം ഉറപ്പിച്ചത്. ഇതോടെ ഫൈനല്‍ പോരാട്ടം കനക്കുമെന്ന് ഉറപ്പാണ്.
ഐ.പി.എല്‍ ചരിത്രത്തില്‍ ഇരുവരും 36 മത്സരങ്ങളിലാണ് ഇതുവരെ ഏറ്റുമുട്ടിയത്. അതില്‍ 18 തവണ ബെംഗളൂരുവും 18 തവണ പഞ്ചാബും വിജയിച്ചിട്ടുണ്ട്. എന്നാല്‍ ഇരുവരും ഏറ്റുമുട്ടിയ കഴിഞ്ഞ അഞ്ച് മത്സരങ്ങളില്‍ നാല് മത്സരങ്ങള്‍ വിജയിച്ചത് ബെംഗളൂരുവാണ്.
മാത്രമല്ല ബെംഗളൂരുവും പഞ്ചാബും തമ്മില്‍ ഏറ്റുമുട്ടിയപ്പോള്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയത് ബെംഗളൂരുവിന്റെ സൂപ്പര്‍ താരമായ വിരാട് കോഹ്‌ലിയാണ്. 35 മത്സരങ്ങളില്‍ നിന്ന് 1116 റണ്‍സാണ് താരം നേടിയത്. ഫൈനലിനിറങ്ങുമ്പോള്‍ പഞ്ചാബ് ഭയക്കേണ്ട അപകടകാരി വിരാട് തന്നെയാണ്.
എന്നാല്‍ ബെംഗളൂരുവിന് വേണ്ടി ബൗളിങ്ങില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍ നേടിയ യുസ്വേന്ദ്ര ചഹല്‍ ഇത്തവണ പഞ്ചാബിന്റെ തട്ടകത്തിലാണ്. മുമ്പ് ബെംഗളൂരുവിന് വേണ്ടി കളിക്കുന്ന സമയത്ത് പഞ്ചാബിനെതിരെ 25 വിക്കറ്റുകളാണ് ചഹല്‍ നേടിയത്. പരിക്കിന്റെ പിടിയിലാണെങ്കിലും ഫൈനലില്‍ ചഹല്‍ ഇറങ്ങിയാല്‍ പഞ്ചാബിന് അതൊരു പോസിറ്റീവാണ്.
എന്നാല്‍ ക്യാപ്റ്റനിസിയിലേക്ക് വരുമ്പോള്‍ ശക്തനായ ശ്രേയസ് അയ്യരാണ് പഞ്ചാബിനുള്ളത്. മൂന്ന് വ്യത്യസ്ത ടീമുകളെ ഫൈനലില്‍ എത്തിക്കുന്ന ഐ.പി.എല്‍ ചരിത്രത്തിലെ ഏക ക്യാപ്റ്റനാണ് അയ്യര്‍. എന്നാല്‍ മറുഭാഗത്ത് 2025ല്‍ ബെംഗളൂരുവിന്റെ ക്യാപ്റ്റന്‍സി ഏറ്റെടുത്ത രജത് പാടിദാറിന്
2024/25 സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ മധ്യപ്രദേശിനെ ഫൈനലിലേക്ക് നയിച്ച ക്യാപ്റ്റന്‍സി മികവ് മാത്രമാണുള്ളത്. രണ്ട് ടീമുകളുടേയും ബൗളിങ് യൂണിറ്റും ബാറ്റിങ് യുണിറ്റും ഒരുപോലെ മികച്ചതാണ്.
2016ന് ശേഷം ഇതാദ്യമായാണ് ബെംഗളൂരു ഫൈനലില്‍ എത്തുന്നത്. അതേസമയം 2014ന് ശേഷമാണ് പഞ്ചാബും മറ്റൊരു ഫൈനല്‍ കാണുന്നത്. അതുകൊണ്ടുതന്നെ ആരാധകര്‍ക്ക് വൈകാരികവും തീവ്രതയേറിയതുമായ ഒരു പോരാട്ടം തന്നെ പ്രതീക്ഷിക്കാം. ബെംഗളൂരുവിന് മത്സരത്തില്‍ മേല്‍ക്കൈ ഉണ്ടെങ്കിലും കിരീടം ചൂടാന്‍ ഇരു ടീമുകളും ഒരു ജീവന്‍ മരണ പോരാട്ടം തന്നെയാവും നടത്തുക. വെറും ഒരു പന്തിന് മത്സരത്തിന്റെ ഗതി മാറ്റാന്‍ സാധിക്കുമെന്നിരിക്കെ ആര് കിരീടം ചൂടുമെന്ന് കണ്ടുതന്നെ അറിയണം.
Content Highlight: IPL 2025: RCB VS PBKS: Here are the stats for the title chances In IPL 2025