| Tuesday, 3rd June 2025, 3:37 pm

ആവേശപ്പോരില്‍ ചരിത്രമെഴുതാന്‍ ഭുവി; വേണ്ടത് ഇത്ര മാത്രം

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്‍ 2025ലെ ചാമ്പ്യന്മാരെ കാത്തിരിക്കുകയാണ് ക്രിക്കറ്റ് ലോകം. ടൂര്‍ണമെന്റിന്റെ അവസാന അങ്കത്തില്‍ ശക്തരായ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവും പഞ്ചാബ് കിങ്സും ഏറ്റുമുട്ടുമ്പോള്‍ പുതിയ കിരീടാവകാശിയെത്തും. ഇരു ടീമുകളില്‍ ആരാണ് 18 വര്‍ഷത്തെ കിരീട വരള്‍ച്ചയ്ക്ക് അറുതി വരുത്തുകയെന്നാണ് ആരാധകര്‍ ആവേശത്തോടെ കാത്തിരിക്കുന്നത്.

പഞ്ചാബ് കിങ്സ് രണ്ടാം ക്വാളിഫയറില്‍ മുന്‍ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യന്‍സിനെ തകര്‍ത്താണ് ഫൈനലിലേക്ക് എന്‍ട്രി നടത്തിയത്. ക്യാപ്റ്റന്‍ ശ്രേയസ് അയ്യരുടെ തകര്‍പ്പന്‍ ബാറ്റിങ്ങാണ് 11 വര്‍ഷത്തിന് ശേഷം പഞ്ചാബിന് ഒരു ഫൈനല്‍ പ്രവേശനം സമ്മാനിച്ചത്. വലിയ താരങ്ങളില്ലാതെ യുവനിരയുടെ കരുത്തുമായി ഇറങ്ങുന്ന പഞ്ചാബിന്റെ ഉന്നം കന്നി കിരീടം തന്നെയാണ്.

അതേസമയം, ഒന്നാം ക്വാളിഫയറില്‍ പഞ്ചാബ് കിങ്‌സിനെ പരാജയപ്പെടുത്തിയാണ് ബെംഗളൂരു കലാശപ്പോരിന് ടിക്കറ്റ് ഉറപ്പിച്ചത്. പതിനെട്ട് സീസണുകളില്‍ നാലാം ഫൈനലിനാണ് രജതും സംഘവും ഇറങ്ങുന്നത്. വര്‍ഷങ്ങളുടെ കാത്തിരിപ്പിനും കണ്ണീരിനും അന്ത്യം കുറിച്ച് കന്നി കിരീടം ഉയര്‍ത്തുകയാണ് പ്ലേ ബോള്‍ഡ് ആര്‍മിയുടെ ലക്ഷ്യം.

ആവേശപ്പോരിന് കളത്തിലിറങ്ങുമ്പോള്‍ ബെംഗളൂരു സൂപ്പര്‍ പേസര്‍ ഭുവനേശ്വര്‍ കുമാറിനെ കാത്തിരുന്നത് ഒരു വമ്പന്‍ നേട്ടമാണ്. ഐ.പി.എല്ലില്‍ 200 വിക്കറ്റുകള്‍ നേടുന്ന ആദ്യ ഫാസ്റ്റ് ബൗളര്‍ എന്ന ചരിത്ര നേട്ടം സ്വന്തമാക്കാനാണ് ബെംഗളൂരു ബൗളര്‍ക്ക് അവസരമുള്ളത്. ഇതിനായി താരത്തിന് വേണ്ടത് വെറും നാല് വിക്കറ്റുകളാണ്.

ഐ.പി.എല്ലിലെ എക്കാലത്തെയും വിക്കറ്റ് വേട്ടക്കാരില്‍ രണ്ടാമതുള്ള ഭുവനേശ്വര്‍ കുമാറിന് 196 വിക്കറ്റുകളാണുള്ളത്. ടൂര്‍ണമെന്റില്‍ 189 മത്സരങ്ങളില്‍ കളത്തിലിറങ്ങിയാണ് താരം ഇത്രയും വിക്കറ്റുകള്‍ വീഴ്ത്തിയത്.

ടൂര്‍ണമെന്റില്‍ 2011ല്‍ അരങ്ങേറ്റം കുറിച്ച പേസര്‍ 27.41 ആവറേജിലും 7.68 എക്കോണമിയുള്ള 14 മൈഡനുകള്‍ എറിഞ്ഞിട്ടുണ്ട്. രണ്ട് വീതം ഫൈഫറും നാല് വിക്കറ്റ് നേട്ടവും ഈ ടി – 20 ലീഗില്‍ താരത്തിനുണ്ട്.

പതിനെട്ടാം സീസണിലും മികച്ച പ്രകടനമാണ് ഭുവനേശ്വര്‍ നടത്തുന്നത്. 13 മത്സരങ്ങളില്‍ നിന്ന് 15 വിക്കറ്റുകള്‍ നേടിയിട്ടുണ്ട്. 29.66 ശരാശരിയും 9.27 എക്കോണമിയുമാണ് ഇന്ത്യന്‍ താരത്തിന് ഈ സീസണിലുള്ളത്.

Content Highlight: IPL 2025: RCB vs PBKS: Bhuvaneshwar Kumar needs four wickets to complete 200 wickets in IPL

We use cookies to give you the best possible experience. Learn more