| Thursday, 29th May 2025, 3:21 pm

ക്രുണാലിനെ മറന്നു, ഭുവനേശ്വറിന് ന്യൂ ബോള്‍ നല്‍കിയില്ല; ബെംഗളൂരു നായകനെ വിമര്‍ശിച്ച് മുന്‍ താരം

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്‍ 2025 സീസണിലെ പ്ലേ ഓഫ് മത്സരങ്ങള്‍ക്ക് ഇന്ന് തുടക്കമാവും. ഒന്നാം ക്വാളിഫെയറില്‍ പഞ്ചാബ് കിങ്സും റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവുമാണ് കളത്തിലിറങ്ങുന്നത്. പഞ്ചാബിലെ മഹാരാജാ യാദവേന്ദ്ര സിങ് സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരം ആദ്യ ഫൈനലിസ്റ്റുകളെ തീരുമാനിക്കും.

പഞ്ചാബും ബെംഗളൂരുവും തങ്ങളുടെ കന്നി കിരീടം ലക്ഷ്യമിട്ടാണ് ആദ്യ ക്വാളിഫെയറില്‍ പോരാടാനിറങ്ങുന്നത്. നിലവില്‍ പഞ്ചാബ് സീസണില്‍ ഒമ്പത് വിജയമടക്കം +0.372 എന്ന നെറ്റ് റണ്‍ റേറ്റുമായി പോയിന്റ് ടേബിളില്‍ ഒന്നാം സ്ഥാനത്താണ്. അതേസമയം, ബെംഗളൂരു ഒമ്പത് വിജയമടക്കം +0.301 നെറ്റ് റണ്‍റേറ്റോടെ രണ്ടാം സ്ഥാനത്തുമാണ്.

മത്സരത്തിന് മുന്നോടിയായി റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിനെ കുറിച്ച് സംസാരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ക്രിക്കറ്ററും കമന്റേറ്ററുമായ ആകാശ് ചോപ്ര. ബെംഗളൂരുവിന് കാര്യമായ ബലഹീനതകളില്ലെന്നും എന്നാല്‍ രജതിന്റെ ക്യാപ്റ്റന്‍സി വലിയ മിസ്സിങ്ങാണെന്നും അദ്ദേഹം പറഞ്ഞു. തന്റെ യൂട്യൂബ് ചാനലില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഈ ടീമിന് എന്തെങ്കിലും ബലഹീനതകളുണ്ടോ? കാര്യമായി പ്രശ്‌നങ്ങള്‍ ഒന്നുമില്ല. പക്ഷേ, ടീമില്‍ ഒരു മിസ്സിങ്ങുണ്ട്. അത് രജത് പടിദാറിന്റെ ക്യാപ്റ്റന്‍സിയാണ്. ജിതേഷ് ശര്‍മ അവസാന മത്സരത്തില്‍ മികച്ച പ്രകടനം നടത്തി. അത് ഈ സീസണിലെ തന്നെ മികച്ചതായിരിക്കാം. പക്ഷേ, അദ്ദേഹത്തിന്റെ ക്യാപ്റ്റന്‍സിയില്‍ പോരായ്മകളുണ്ട്,’ ചോപ്ര പറഞ്ഞു.

ജിതേഷിന്റെ ക്യാപ്റ്റന്‍സിയിലെ പിഴവുകളെയും ആകാശ് ചോപ്ര വീഡിയോയില്‍ ചൂണ്ടിക്കാട്ടി. ലഖ്നൗവിനെതിരെയുള്ള മത്സരത്തില്‍ ക്രുണാല്‍ പാണ്ഡ്യയ്ക്ക് രണ്ട് ഓവറുകള്‍ മാത്രമേ നല്‍കിയുള്ളൂവെന്നും ഭുവനേശ്വര്‍ കുമാറിനെ ന്യൂ ബോള്‍ ഏല്‍പ്പിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു. തനിക്ക് അവന്റെ ക്യാപ്റ്റന്‍സി ദുര്‍ബലമായി തോന്നിയെന്നും മുന്‍ താരം കൂട്ടിച്ചേര്‍ത്തു.

‘ജിതേഷ് ക്രുണാല്‍ പാണ്ഡ്യയ്ക്ക് ഒരു ഓവര്‍ നല്‍കി അദ്ദേഹത്തെ മറന്നു. പിന്നീട് ഒരുപാട് കഴിഞ്ഞാണ് അടുത്ത ഓവര്‍ നല്‍കിയത്. അതിനുശേഷം പൂര്‍ണമായും താരത്തിനെ മറന്നു. ക്രുണാല്‍
രണ്ട് ഓവറില്‍ വെറും 14 റണ്‍സ് മാത്രമാണ് വഴങ്ങിയത്. പക്ഷേ എന്തുകൊണ്ടാണ് അദ്ദേഹം രണ്ട് ഓവര്‍ മാത്രം എറിഞ്ഞത്? ആ ചോദ്യം നമ്മള്‍ ചോദിക്കണം.

ഭുവനേശ്വര്‍ കുമാറിന് ന്യൂ ബോളും നല്‍കിയില്ല. നുവാന്‍ തുഷാരയ്ക്ക് മൂന്ന് ഓവറുകള്‍ നല്‍കി. ഒന്ന് മാത്രമായിരുന്നു തുഷാരയ്ക്ക് ബാക്കിയുണ്ടായിരുന്നത്. എനിക്ക് അവന്റെ ക്യാപ്റ്റന്‍സി അല്‍പ്പം ദുര്‍ബലമായി തോന്നുന്നു,’ ചോപ്ര പറഞ്ഞു.

ഐ.പി.എല്ലിലെ കഴിഞ്ഞ കുറച്ച് മത്സരങ്ങളില്‍ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിനെ നയിച്ചത് ജിതേഷ് ശര്‍മയായിരുന്നു. പരിക്ക് പൂര്‍ണമായും മാറാത്തതിനാല്‍ രജത് പടിദാര്‍ ഈ മത്സരങ്ങളില്‍ ഇംപാക്ട് പ്ലെയറായാണ് ഇറങ്ങിയിരുന്നത്.

Content Highlight: IPL 2025: RCB vs PBKS: Akash Chopra says Rajat Patidar’s captaincy is major missing in Royal Challengers Bengaluru

Latest Stories

We use cookies to give you the best possible experience. Learn more