ഐ.പി.എല്ലില്‍ കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ ലഖ്നൗ സൂപ്പര്‍ ജയന്റ്‌സിനെതിരെ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു വിജയം സ്വന്തമാക്കിയിരുന്നു. ലഖ്നൗവിന്റെ തട്ടകത്തില്‍ നടന്ന മത്സരത്തില്‍ ആറ് വിക്കറ്റിന്റെ വിജയമാണ് റോയല്‍ ചലഞ്ചേഴ്സ് നേടിയത്.
മത്സരത്തില്‍ ക്യാപ്റ്റന്‍ റിഷബ് പന്തിന്റെ കരുത്തില്‍ ലഖ്നൗ നിശ്ചിത ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 227 റണ്‍സ് നേടിയിരുന്നു. മറുപടി ബാറ്റിങ്ങില്‍ ക്യാപ്റ്റന്‍ ജിതേഷ് ശര്‍മയുടെ വെടിക്കെട്ടില്‍ നാല് വിക്കറ്റ് നഷ്ടപ്പെടുത്തി ബെംഗളൂരു വിജയം സ്വന്തമാക്കുകയായിരുന്നു. ഇതോടെ പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്തെത്താനും ആദ്യ ക്വാളിഫെയറിന് യോഗ്യത നേടാനും റോയല്‍ ചലഞ്ചേഴ്‌സിനായി.
മത്സരത്തില്‍ ബെംഗളൂരുവിനായി സൂപ്പര്‍ താരം വിരാട് കോഹ് ലി അര്‍ധ സെഞ്ച്വറിയുമായി തിളങ്ങിയിരുന്നു. 30 പന്തില്‍ 54 റണ്‍സാണ് ലഖ്നൗവിനെതിരെ വിരാട് സ്വന്തമാക്കിയത്. 180 സ്‌ട്രൈക്ക് റേറ്റില്‍ ബാറ്റ് ചെയ്ത താരം ഇന്നിങ്സില്‍ പത്ത് ഫോറുകളാണ് അടിച്ചെടുത്തത്.
ഇതിന് പിന്നാലെ ഒരു സൂപ്പര്‍ നേട്ടവും സ്വന്തമാക്കാന്‍ വിരാടിന് സാധിച്ചു. ഐ.പി.എല്ലില്‍ ഏറ്റവും കൂടുതല്‍ അര്‍ധ സെഞ്ച്വറികള്‍ നേടുന്ന താരമാകാനാണ് ബെംഗളൂരു ബാറ്റര്‍ക്കായത്. ഓസ്ട്രേലിയന്‍ ബാറ്റര്‍ ഡേവിഡ് വാര്‍ണറിനെ മറികടന്നാണ് ഈ നേട്ടത്തിലെത്തിയത്.
വിരാട് കോഹ്ലി – 63
ഡേവിഡ് വാര്‍ണര്‍ – 62
ശിഖര്‍ ധവാന്‍ – 51
രോഹിത് ശര്‍മ – 46
കെ.എല്‍. രാഹുല്‍ – 40
എബി ഡിവില്ലിയേഴ്‌സ് – 40
മത്സരത്തില്‍ ബെംഗളൂരു ക്യാപ്റ്റന്‍ ജിതേഷ് ശര്‍മയും വെടിക്കെട്ട് ബാറ്റിങ്ങുമായി തിളങ്ങി. 33 പന്തില്‍ 85 റണ്‍സെടുത്താണ് ബെംഗളൂരുവിനെ വിജയ തീരമണിയിച്ചത്. 257.58 എന്ന സൂപ്പര്‍ സ്‌ട്രൈക്ക് റേറ്റില്‍ ബാറ്റ് ചെയ്ത് ആറ് സിക്സും എട്ട് ഫോറുമാണ് നേടിയത്. ഇവര്‍ക്ക് പുറമെ മായങ്ക് അഗര്‍വാള്‍ (23 പന്തില്‍ 41), ഫില്‍ സാള്‍ട്ട് (19 പന്തില്‍ 30) എന്നിവരും മികച്ച പ്രകടനം നടത്തി.
Content Highlight: IPL 2025: RCB vs LSG: Virat Kohli became the batter with most fifties in IPL