ഐ.പി.എല്ലില്‍ കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ ജയിച്ച് റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു ആദ്യ ക്വാളിഫെയറിന് യോഗ്യത നേടിയിരുന്നു. ലഖ്നൗവിലെ എകാന സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ആറ് വിക്കറ്റിന്റെ വിജയമാണ് റോയല്‍ ചലഞ്ചേഴ്സ് സ്വന്തമാക്കിയത്.
ക്യാപ്റ്റന്‍ റിഷബ് പന്തിന്റെ കരുത്തില്‍ ലഖ്നൗ നിശ്ചിത ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 227 റണ്‍സ് നേടിയപ്പോള്‍ ബെംഗളൂരു ക്യാപ്റ്റന്‍ ജിതേഷ് ശര്‍മയുടെ വെടിക്കെട്ടില്‍ നാല് വിക്കറ്റ് നഷ്ടപ്പെടുത്തി വിജയം സ്വന്തമാക്കി. ഇതോടെ പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്തെത്താനും റോയല്‍ ചലഞ്ചേഴ്‌സിനായി.
ഈ വിജയത്തോടെ ഒരു തകര്‍പ്പന്‍ നേട്ടവും റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു സ്വന്തമാക്കി. ഒരു സീസണില്‍ എല്ലാ എവേ മത്സരങ്ങളും വിജയിക്കുന്ന ആദ്യ ടീമാകാനാണ് പ്ലേ ബോള്‍ഡ് ആര്‍മിക്ക് സാധിച്ചത്. ഈ സീസണില്‍ ആര്‍.സി.ബി നേടിയ ഒമ്പത് വിജയങ്ങളില്‍ ഏഴും എതിര്‍ ടീമുകളുടെ തട്ടകത്തില്‍ എത്തിയാണ് വിജയം നേടിയെടുത്തത്.
ടൂര്‍ണമെന്റില്‍ മുംബൈ ഇന്ത്യന്‍സും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും ഇതിന് മുമ്പ് ഏഴ് എവേ വിജയങ്ങള്‍ നേടിയിട്ടുണ്ട്. 2012ല്‍ ഇരു ടീമുകളും എട്ട് എവേ മത്സരങ്ങളില്‍ ഒന്നില്‍ ഒഴികെ ജയിച്ചതായിരുന്നു ഇത്.
(ജയം – ടീം – വര്‍ഷം – ആകെ എവേ മത്സരങ്ങള്‍ എന്നീ ക്രമത്തില്‍)
7 – റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു – 2025 – 7
7 – കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് – 2012 – 8
7 – മുംബൈ ഇന്ത്യന്‍സ് – 2012 – 8
6 – ഗുജറാത്ത് ടൈറ്റന്‍സ് – 2023 – 7
6 – രാജസ്ഥാന്‍ റോയല്‍സ് – 2022 – 7
6 – ദല്‍ഹി ക്യാപിറ്റല്‍സ് – 2012 – 8
*ലീഗ് മത്സരങ്ങളിൽ മാത്രം
മത്സരത്തില്‍ ബെംഗളൂരുവിനായി മിന്നും പ്രകടനം നടത്തിയത് ക്യാപ്റ്റന്‍ ജിതേഷ് ശര്‍മയാണ്. 33 പന്തില്‍ ആറ് സിക്സും എട്ട് ഫോറും അടക്കം 85 റണ്‍സാണ് താരം നേടിയത്. ക്യാപ്റ്റന് പുറമെ വിരാട് കോഹ് ലി 30 പന്തില്‍ 54 റണ്‍സും മായങ്ക് അഗര്‍വാള്‍ 23 പന്തില്‍ പുറത്താവാതെ 41 റണ്‍സുമെടുത്ത് വിജയത്തില്‍ നിര്‍ണ്ണായകമായി.
Content Highlight: IPL 2025: RCB vs LSG: Royal Challengers Bengaluru became the first team to win all away games in IPL history