ഐ.പി.എല്‍ 2025ലെ അവസാന ലീഗ് പോരാട്ടത്തില്‍ ലഖ്നൗ സൂപ്പര്‍ ജയന്റ്‌സിനെ പരാജയപ്പെടുത്തി ഒന്നാം ക്വാളിഫെയറിന് റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു യോഗ്യത നേടിയിരുന്നു. ലഖ്നൗ എകാന സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ആറ് വിക്കറ്റിന്റെ വിജയമാണ് ബെംഗളൂരു സ്വന്തമാക്കിയത്.
മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത് ലഖ്നൗ സൂപ്പര്‍ ജയന്റ്‌സ് മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 227 റണ്‍സെടുത്തിരുന്നു. റിഷബ് പന്തിന്റെ സെഞ്ച്വറിയുടെ കരുത്തിലാണ് ടീം മികച്ച സ്‌കോറിലെത്തിയത്.
മറുപടി ബാറ്റിങ്ങില്‍ ക്യാപ്റ്റന്‍ ജിതേഷ് ശര്‍മയുടെ വെടിക്കെട്ട് പ്രകടനത്തില്‍ എട്ട് പന്ത് ബാക്കി നില്‍ക്കെ ബെംഗളൂരു വിജയലക്ഷ്യം മറികടക്കുകയായിരുന്നു. ലഖ്നൗവിനെതിരെ 33 പന്തില്‍ പുറത്താവാതെ 85 റണ്‍സെടുത്താണ് താരം പ്ലേ ബോള്‍ഡ് ആര്‍മിയെ ഒന്നാം ക്വാളിഫെയറിലെത്തിച്ചത്.
ജിതേഷിന്റെ ഇന്നിങ്‌സില്‍ ആറ് സിക്സും എട്ട് ഫോറുകളുമാണ് അതിര്‍ത്തി കടന്നത്. 257.58 എന്ന തകര്‍പ്പന്‍ പ്രഹരശേഷിയിലാണ് സൂപ്പര്‍ ജയന്റ്‌സിന്റെ ബൗളര്‍മാരെ ബെംഗളൂരു നായകന്‍ വെള്ളം കുടിപ്പിച്ചത്.
മത്സരത്തിലെ പ്രകടനത്തോടെ ഒരു നേട്ടവും ജിതേഷിന് സ്വന്തമാക്കാനായി. വിജയകരമായ റണ്‍ ചെയ്സില്‍ ആറാം നമ്പറിലോ അതില്‍ താഴെയോ ഇറങ്ങി ഒരു ബാറ്റര്‍ നേടുന്ന ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ എന്ന നേട്ടമാണ് താരത്തിന് സ്വന്തം പേരില്‍ കുറിക്കാനായത്. ചെന്നൈ നായകന്‍ എം.എസ്. ധോണിയെ മറികടന്നാണ് വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ഈ നേട്ടത്തിലെത്തിയത്.
(പ്രകടനം – താരം – ടീം – എതിരാളി – വേദി – വര്‍ഷം എന്നീ ക്രമത്തില്‍)
85*(33) – ജിതേഷ് ശര്‍മ – റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു – ലഖ്നൗ സൂപ്പര്‍ ജയന്റ്‌സ് – ലഖ്നൗ- 2025
70* (34) – എം.എസ്. ധോണി – ചെന്നൈ സൂപ്പര്‍ കിങ്സ് – റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു – ബെംഗളൂരു – 2018
70*(31) – ആന്ദ്രേ റസല്‍ – കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് – പഞ്ചാബ് കിങ്സ് – മുംബൈ – 2022
70 (47) – കൈറോണ്‍ പൊള്ളാര്‍ഡ് – മുംബൈ ഇന്ത്യന്‍സ് – റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു – ബെംഗളൂരു – 2017
68(30) – ഡ്വെയ്ന്‍ ബ്രാവോ – ചെന്നൈ സൂപ്പര്‍ കിങ്സ് – മുംബൈ ഇന്ത്യന്‍സ് – മുംബൈ – 2018
മത്സരത്തില്‍ ജിതേഷിന് പുറമെ വിരാട് കോഹ്ലിയും മായങ്ക് അഗര്‍വാളും മികച്ച പ്രകടനവുമായി വിജയത്തില്‍ സംഭാവന ചെയ്തു. വിരാട് 30 പന്തില്‍ 54 റണ്‍സ് നേടിയപ്പോള്‍ മായങ്ക് 23 പന്തില്‍ 41 റണ്‍സെടുത്ത് പുറത്താവാതെ നിന്നു. ഫില്‍ സാള്‍ട്ടും 19 പന്തില്‍ 30 റണ്‍സും ടീമിന് തുണയായി.
Content Highlight: IPL 2025: RCB vs LSG: Jitesh Sharma tops the list of batters to score highest score in number sixs or lower in successful run chase in IPL history