| Wednesday, 28th May 2025, 12:08 pm

സാക്ഷാല്‍ ധോണിയെ വെട്ടി ബെംഗളൂരു നായകന്‍; ക്യാപ്റ്റന്മാരുടെ എലൈറ്റ് പട്ടികയില്‍ മാസ് എന്‍ട്രിയുമായി ജിതേഷ്

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്ലിലെ അവസാന ലീഗ് മത്സരത്തില്‍ ജയം സ്വന്തമാക്കി ആദ്യ ക്വാളിഫെയറിന് റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു യോഗ്യത നേടിയിരുന്നു. ലഖ്നൗവിന്റെ തട്ടകത്തില്‍ ആറ് വിക്കറ്റിന്റെ വിജയമാണ് പ്ലേ ബോള്‍ഡ് ആര്‍മി സ്വന്തമാക്കിയത്.

മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ലഖ്നൗ നായകന്റെ കരുത്തില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 227 റണ്‍സെടുത്തിരുന്നു. മറുപടി ബാറ്റിങ്ങില്‍ ബെംഗളൂരു ആറ് പന്ത് ബാക്കി നില്‍ക്കെ നാല് വിക്കറ്റ് നഷ്ടത്തില്‍ 230 റണ്‍സെടുത്ത് വിജയിക്കുകയായിരുന്നു.

നിര്‍ണായക മത്സരത്തില്‍ ബെംഗളൂരുവിനായി വെടിക്കെട്ട് ബാറ്റിങ്ങുമായി കളം നിറഞ്ഞ് കളിച്ചത് ക്യാപ്റ്റന്‍ ജിതേഷ് ശര്‍മയായിരുന്നു. 33 പന്തില്‍ 85 റണ്‍സെടുത്താണ് താരം ടീമിന്റെ കരുത്തായത്. ആറ് സിക്സും എട്ട് ഫോറും അതിര്‍ത്തി കടത്തിയാണ് വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ആരാധകര്‍ക്ക് വിരുന്നൊരുക്കിയത്.

ലഖ്നൗ ബൗളര്‍മാരെ 257.58 എന്ന തകര്‍പ്പന്‍ സ്‌ട്രൈക്ക് റേറ്റിലാണ് ബെംഗളൂരു നായകന്‍ തല്ലിയൊഴുക്കിയത്. ഈ വെടിക്കെട്ടോടെ ഒരു സൂപ്പര്‍ നേട്ടവും ജിതേഷിന് സ്വന്തമാക്കാനായി. ഒരു ഐ.പി.എല്‍ ഇന്നിങ്സില്‍ ഏറ്റവും ഉയര്‍ന്ന സ്‌ട്രൈക്ക് റേറ്റുള്ള നായകന്മാരില്‍ മൂന്നാമനാകാനാണ് ജിതേഷിന് സാധിച്ചത്. എം.എസ്. ധോണിയെ മറികടന്നാണ് താരം ഈ നേട്ടത്തിലെത്തിയത്.

ഐ.പി.എല്‍ ഇന്നിങ്സില്‍ ഏറ്റവും ഉയര്‍ന്ന സ്‌ട്രൈക്ക് റേറ്റുള്ള ക്യാപ്റ്റന്‍

(സ്‌ട്രൈക്ക് റേറ്റ് – ക്യാപ്റ്റന്‍ – ടീം – എതിരാളി – വേദി – വര്‍ഷം എന്നീ ക്രമത്തില്‍)

278 – ഫാഫ് ഡു പ്ലെസിസ് – റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു – ഗുജറാത്ത് ടൈറ്റന്‍സ് – ബെംഗളൂരു – 202

268 – കീറോണ്‍ പൊള്ളാര്‍ഡ് – മുംബൈ ഇന്ത്യന്‍സ് – പഞ്ചാബ് കിങ്സ് – മുംബൈ – 2019

258 – ജിതേഷ് ശര്‍മ – റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു – ലഖ്നൗ സൂപ്പര്‍ ജയന്റ്‌സ് – ലഖ്നൗ – 2025

255 – എം.എസ്. ധോണി – ചെന്നൈ സൂപ്പര്‍ കിങ്സ് – മുംബൈ ഇന്ത്യന്‍സ് – ബെംഗളൂരു – 2012

*കുറഞ്ഞത് 50 റണ്‍സ്

ജിതേഷിന് പുറമെ വിരാട് കോഹ്ലിയും മായങ്ക് അഗര്‍വാളും മികച്ച പ്രകടനവുമായി വിജയത്തില്‍ സംഭാവന ചെയ്തു. വിരാട് 30 പന്തില്‍ 54 റണ്‍സ് നേടിയപ്പോള്‍ മായങ്ക് 23 പന്തില്‍ 41 റണ്‍സെടുത്ത് പുറത്താവാതെ നിന്നു. ഫില്‍ സാള്‍ട്ടും 19 പന്തില്‍ 30 റണ്‍സും ടീമിനായി നേടി.

ലഖ്നൗ നിരയില്‍ നായകന്‍ റിഷബ് പന്ത് സെഞ്ച്വറി നേടിയാണ് ടീമിനെ മികച്ച സ്‌കോറിലെത്തിച്ചിരുന്നത്. 61പന്തില്‍ ആറ് സിക്സും 11 ഫോറും അടക്കം പുറത്താവാതെ 118 റണ്‍സ് എടുത്താണ് ഫോമിലേക്ക് തിരിച്ച് വന്നത്. കൂടാതെ 37 പന്തില്‍ 67 റണ്‍സ് നേടി മിച്ചല്‍ മാര്‍ഷും മെച്ചപ്പെട്ട പ്രകടനം നടത്തി.

Content Highlight: IPL 2025: RCB vs LSG: Jitesh Sharma became third captain with highest strike rate in IPL innings

Latest Stories

We use cookies to give you the best possible experience. Learn more