ഇന്ത്യ-പാക് സംഘര്‍ഷത്തെത്തുടര്‍ന്ന് നിര്‍ത്തിവെച്ച ഐ.പി.എല്‍ വീണ്ടും ആരംഭിക്കുന്നതിന്റെ ആവേശത്തിലാണ് ക്രിക്കറ്റ് പ്രേമികള്‍. റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും തമ്മിലുള്ള മത്സരത്തോടെയാണ് പതിനെട്ടാം സീസണില്‍ ഐ.പി.എല്‍ പൂരം പുനരാരംഭിക്കുന്നത്. ബെംഗളൂരുവിന്റെ ഹോം ഗ്രൗണ്ടായ ചിന്നസ്വാമി സ്‌റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്.
അപ്രതീക്ഷിതമായ ടെസ്റ്റ് വിരമിക്കലിന് ശേഷം കളത്തിലിറങ്ങുന്ന വിരാട് കോഹ്‌ലി തന്നെയാണ് മത്സരത്തിലെ പ്രധാന ശ്രദ്ധാകേന്ദ്രം. ഈ സീസണില്‍ റോയല്‍ ചലഞ്ചേഴ്‌സിനായി മികച്ച പ്രകടനമാണ് വിരാട് പുറത്തെടുക്കുന്നത്. താരം 11 മത്സരങ്ങളില്‍ ഏഴ് അര്‍ധ സെഞ്ച്വറികള്‍ അടക്കം 505 റണ്‍സ് നേടിയിട്ടുണ്ട്. ഇതില്‍ 44 ഫോറും 18 സിക്‌സും ഉള്‍പെടും. 63.12 ശരാശരിയും 143.46 സ്‌ട്രൈക്ക് റേറ്റുമാണ് വിരാടിനുള്ളത്.
എന്നാല്‍ ഇന്ന് കളത്തിലിറങ്ങുമ്പോള്‍ വെറും ആറ് റണ്‍സ് നേടിയാല്‍ വിരാടിന് സീസണിലെ റണ്‍വേട്ടക്കാരില്‍ ഏറ്റവും മുന്നിലെത്താനുള്ള അവസരമാണ് ഉള്ളത്. നിലവില്‍ 2025 സീസണിലെ റണ്‍സ് വേട്ടക്കാരുടെ പട്ടികയില്‍ മുംബൈയുടെ സൂര്യകുമാര്‍ യാദവാണ് മുന്നിലുള്ളത്. 12 മത്സരങ്ങളില്‍ നിന്ന് 510 റണ്‍സാണ് സൂര്യ നേടിയത്.
സൂര്യകുമാര്‍ യാദവ് – മുംബൈ – 12 – 510
സായി സുദര്‍ഷന്‍ – ഗുജറാത്ത് – 11 – 509
ശുഭ്മന്‍ ഗില്‍ – ഗുജറാത്ത് – 11 – 508
വിരാട് കോഹ്‌ലി – ബെംഗളൂരു – 11 – 505
ജോസ് ബട്‌ലര്‍ – ഗുജറാത്ത് – 11 – 500
ഐ.പി.എല്‍ തുടങ്ങിയ കാലം മുതല്‍ ബെംഗളൂരുവിന്റെ കൂടെയുണ്ടെങ്കിലും വിരാടിന് ഇതുവരെ ടൂര്‍ണമെന്റില്‍ ഒരു കിരീടം നേടാന്‍ സാധിച്ചിട്ടില്ല. വമ്പന്‍ താരങ്ങളുണ്ടായിരുന്നിട്ടും പല സീസണിലും ടീമിന് കിരീടത്തിനടുത്ത് എത്താനായില്ല. നിലവില്‍ എല്ലാ മേഖലയിലും മിന്നും പ്രകടം കാഴ്ചവെക്കുന്ന ബെംഗളൂരു 2025ല്‍ കിരീടം ചൂടുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.
നിലവില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു പോയിന്റ് ടേബിളിലെ രണ്ടാം സ്ഥാനക്കാരാണ്. 12 മത്സരങ്ങളില്‍ നിന്ന് എട്ട് വിജയവും മൂന്ന് തോല്‍വിയുമായി ടീമിന് 16 പോയിന്റുണ്ട്. ഇന്നത്തെ മത്സരം ജയിക്കാനായാല്‍ ബെംഗളൂരുവിന് പ്ലേ ഓഫില്‍ കടക്കാനാവും.
Content Highlight: IPL 2025: RCB VS KKR: Virat Kohli Need 6 Runs To Achieve A Record In IPL 2025