| Sunday, 27th April 2025, 8:53 pm

ഇവന്റെ വക ഭൂമിക്ക് 1,800 മരങ്ങള്‍; ഈ സീസണിലെ ആദ്യ സെഞ്ച്വറിയുമായി ഹെയ്‌സല്‍വുഡ്

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്‍ സൂപ്പര്‍ സണ്‍ഡേ ഡബിള്‍ ഹെഡ്ഡറിലെ രണ്ടാം മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു ദല്‍ഹി ക്യാപ്പിറ്റല്‍സിനെ നേരിടുകയാണ്. ദല്‍ഹിയുടെ ഹോം ഗ്രൗണ്ടായ അരുണ്‍ ജെയ്റ്റ്‌ലി സ്‌റ്റേഡിയമാണ് ക്ലാസിക് പോരാട്ടത്തിന് വേദിയാകുന്നത്.

സീസണില്‍ ഇത് രണ്ടാം തവണയാണ് ബെംഗളൂരുവും ദല്‍ഹിയും നേര്‍ക്കുനേര്‍ വരുന്നത്. നേരത്തെ, റോയല്‍ ചലഞ്ചേഴ്‌സിന്റെ ഹോം ഗ്രൗണ്ടായ ചിന്നസ്വാമി സ്‌റ്റേഡിത്തില്‍ നടന്ന മത്സരത്തില്‍ കെ.എല്‍. രാഹുലിന്റെ കരുത്തില്‍ ക്യാപ്പിറ്റല്‍സ് വിജയിക്കുകയായിരുന്നു.

ഇരുവരും തമ്മിലുള്ള രണ്ടാം മത്സരത്തില്‍ ടോസ് നേടിയ ആര്‍.സി.ബി നായകന്‍ രജത് പാടിദാര്‍ എതിരാളികളെ ബാറ്റിങ്ങിനയച്ചു. തന്റെ ആവനാഴിയിലെ മൂര്‍ച്ചയേറിയ ആയുധങ്ങളായ ജോഷ് ഹെയ്‌സല്‍വുഡിനെയും ക്രണാല്‍ പാണ്ഡ്യയെയും ഉപയോഗിച്ച് പാടിദാര്‍ ദല്‍ഹി ബാറ്റിങ് നിരയെ ആക്രമിച്ചു. പവര്‍പ്ലേയില്‍ തന്നെ വിക്കറ്റുകളുമായി ബൗളര്‍മാര്‍ ക്യാപ്റ്റന്റെ വിശ്വാസം കാക്കുകയും ചെയ്തു.

ഇതിനിടെ സൂപ്പര്‍ താരം ജോഷ് ഹെയ്‌സല്‍വുഡിനെ തേടി ഒരു തകര്‍പ്പന്‍ നേട്ടവുമെത്തിയിരുന്നു. ഈ സീസണില്‍ നൂറ് ഡോട്ട് ബോളുകളെറിയുന്ന ആദ്യ താരമെന്ന നേട്ടമാണ് ഹെയ്‌സല്‍വുഡ് സ്വന്തമാക്കിയത്. ഇതോടെ ഹെയ്‌സല്‍വുഡ് മാത്രം 1,800 മരങ്ങളാണ് ഭൂമിയ്ക്കായി നട്ടുപിടിക്കുന്നത്.

ഗ്രീന്‍ ഇനീഷ്യേറ്റീവിന്റെ ഭാഗമായാണ് അപെക്‌സ് ബോര്‍ഡ് മരങ്ങള്‍ നട്ടുപിടിപ്പിക്കുന്നത്. മത്സരങ്ങളില്‍ പിറക്കുന്ന ഓരോ ഡോട്ട് ബോളുകള്‍ക്കും ബി.സി.സി.ഐ 18 മരങ്ങള്‍ വീതം നട്ടുപിടിപ്പിക്കും.

ടൂര്‍ണമെന്റിന്റെ ടൈറ്റില്‍ സ്പോണ്‍സര്‍മാരായ ടാറ്റ ഗ്രൂപ്പിനൊപ്പം കൈകോര്‍ത്താണ് ബി.സി.സി.ഐ ഈ പ്രവര്‍ത്തനം നടത്തുന്നത്. ഇതിന്റെ ഭാഗമായി ഓരോ മത്സരങ്ങള്‍ അവസാനിക്കുമ്പോഴും നൂറുകണക്കിന് മരങ്ങളാണ് നട്ടുപിടിപ്പിക്കപ്പെടുന്നത്.

ഐ.പി.എല്‍ 2025ല്‍ ഏറ്റവുമധികം ഡോട്ട് ബോളുകളെറിഞ്ഞ താരം (ഇതുവരെ)

(താരം – ടീം – ഡോട്ട് ബോളുകള്‍ എന്നീ ക്രമത്തില്‍)

ജോഷ് ഹെയ്‌സല്‍വുഡ് – റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു – 100

മുഹമ്മദ് സിറാജ് – ഗുജറാത്ത് ടൈറ്റന്‍സ് – 93

ഖലീല്‍ അഹമ്മദ് – ചെന്നൈ സൂപ്പര്‍ കിങ്‌സ് – 93

ജോഫ്രാ ആര്‍ച്ചര്‍ – രാജസ്ഥാന്‍ റോയല്‍സ് – 86

പ്രസിദ്ധ് കൃഷ്ണ – ഗുജറാത്ത് ടൈറ്റന്‍സ് – 85

അതേസമയം, മത്സരം 13 ഓവര്‍ പിന്നിടുമ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 97 എന്ന നിലയിലാണ് ദല്‍ഹി ക്യാപ്പിറ്റല്‍സ്. 27 പന്തില്‍ 26 റണ്‍സുമായി കെ.എല്‍. രാഹുലും 11 പന്തില്‍ 15 റണ്‍സുമായി അക്‌സര്‍ പട്ടേലുമാണ് ക്രീസില്‍.

Content Highlight: IPL 2025: RCB vs DC: Josh Hazelwood becomes the first bowler to complete 100 dot balls in this season

We use cookies to give you the best possible experience. Learn more