| Saturday, 3rd May 2025, 9:00 pm

ചെന്നൈയെ അടിച്ച് കിളിപറത്തിയവന്റെ പേര് ഐ.പി.എല്‍ ഇനി മറക്കില്ല; ടൂര്‍ണമെന്റിന്റെ ചരിത്രം മാറ്റിയെഴുതി ബേഥല്‍

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്ലില്‍ സതേണ്‍ ഡെര്‍ബിയില്‍ ചെന്നൈ സൂപ്പര്‍ കിങ്സ് റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിനെ നേരിടുകയാണ്. റോയല്‍ ചലഞ്ചേഴ്സിന്റെ ഹോം ഗ്രൗണ്ടായ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നേടിയ ചെന്നൈ നായകന്‍ എം.എസ്. ധോണി ഫീല്‍ഡിങ് തെരഞ്ഞെടുത്തു.

ആദ്യ വിക്കറ്റില്‍ 97 റണ്‍സിന്റെ കൂട്ടുകെട്ടുമായാണ് വിരാട് കോഹ്‌ലി – ജേകബ് ബേഥല്‍ സഖ്യം സൂപ്പര്‍ കിങ്‌സ് ബൗളര്‍മാരെ കടന്നാക്രമിച്ചത്. സീസണില്‍ ആര്‍.സി.ബിയുടെ ഏറ്റവും മികച്ച ആദ്യ വിക്കറ്റ് കൂട്ടുകെട്ടാണിത്.

മികച്ച രീതിയില്‍ ചെന്നൈ ബൗളര്‍മാരെ പഞ്ഞിക്കിട്ട് മുമ്പോട്ട് കുതിച്ച ഈ റണ്ണൊഴുക്കിന് തടയിട്ടത് മതീശ പതിരാനയാണ്. പത്താം ഓവറിലെ അഞ്ചാം പന്തില്‍ ബേഥലിനെ പുറത്താക്കിയാണ് സൂപ്പര്‍ കിങ്‌സ് ആദ്യ ബ്രേക് ത്രൂ നേടിയത്. യുവതാരം ഡെവാള്‍ഡ് ബ്രെവിസിന്റെ അവിശ്വസനീയമായ ക്യാച്ചിലൂടെയാണ് സൂപ്പര്‍ കിങ്‌സ് ബേഥലിനെ മടക്കിയത്.

എന്നാല്‍ പുറത്താകും മുമ്പ് തന്നെ ജേകബ് ബേഥല്‍ അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കിയിരുന്നു. 33 പന്ത് നേരിട്ട് എട്ട് ഫോറിന്റെയും രണ്ട് സിക്‌സറിന്റെയും അകമ്പടിയോടെ 55 റണ്‍സാണ് താരം സ്വന്തമാക്കിയത്.

സൂപ്പര്‍ കിങ്‌സിനെതിരായ സെഞ്ച്വറി നേട്ടത്തിന് പിന്നാലെ ഒരു തകര്‍പ്പന്‍ നേട്ടവും ബേഥലിനെ തേടിയെത്തി. ഐ.പി.എല്ലില്‍ അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ ഓവര്‍സീസ് താരമെന്ന റെക്കോഡാണ് ജേകബ് ബേഥല്‍ സ്വന്തമാക്കിയത്.

ഇതോടെ കഴിഞ്ഞ സീസണില്‍ ദല്‍ഹി ക്യാപ്പിറ്റല്‍സ് താരം ജേക് ഫ്രേസര്‍ മക്ഗൂര്‍ക്കിന്റെ റെക്കോഡാണ് ഇതോടെ പഴങ്കഥയായത്.

ഐ.പി.എല്ലില്‍ അര്‍ധ സെഞ്ച്വറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ ഓവര്‍സീസ് താരം

(താരം – ടീം – എതിരാളികള്‍ – പ്രായം – വര്‍ഷം എന്നീ ക്രമത്തില്‍)

ജേകബ് ബേഥല്‍ – റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു – ചെന്നൈ സൂപ്പര്‍ കിങ്‌സ് – 21 വയസും 192 ദിവസവും – 2025*

ജേക് ഫ്രേസര്‍ മക്ഗൂര്‍ക് – ദല്‍ഹി ക്യാപ്പിറ്റല്‍സ് – ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് – 22 വയസും ഒരു ദിവസവും – 2024

ഷിംറോണ്‍ ഹെറ്റ്‌മെയര്‍ – റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു – സണ്‍റൈസേഴ്‌സ് ഹൈദരാബാദ് – 22 വയസും 129 ദിവസവും – 2019

സാം കറന്‍ – ചെന്നൈ സൂപ്പര്‍ കിങ്‌സ് – മുംബൈ ഇന്ത്യന്‍സ് – 22 വയസും 142 ദിവസവും – 2020

ക്വിന്റണ്‍ ഡി കോക്ക് – മുംബൈ ഇന്ത്യന്‍സ് – സണ്‍റൈസേഴ്‌സ് ഹൈദരാബാദ് – 22 വയസും 143 ദിവസവും – 2015

അതേസമയം, മത്സരം 15 ഓവര്‍ പിന്നിടുമ്പോള്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 144 എന്ന നിലയിലാണ് ആര്‍.സി.ബി. പത്ത് പന്തില്‍ ഒമ്പത് റണ്‍സുമായി ക്യാപ്റ്റന്‍ രജത് പാടിദാര്‍, 14 പന്തില്‍ 17 റണ്‍സുമായി ദേവ്ദത്ത് പടിക്കലുമാണ് ക്രീസില്‍.

ചെന്നൈ സൂപ്പര്‍ കിങ്‌സ് പ്ലെയിങ് ഇലവന്‍

ആയുഷ് മാഹ്‌ത്രെ, ഷെയ്ഖ് റഷീദ്, സാം കറന്‍, രവീന്ദ്ര ജഡേജ, ഡെവാള്‍ഡ് ബ്രെവിസ്, ദീപക് ഹൂഡ, എം.എസ്. ധോണി (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), അന്‍ഷുല്‍ കാംബോജ്, നൂര്‍ അഹമ്മദ്, ഖലീല്‍ അഹമ്മദ്, മതീശ പതിരാന.

റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു പ്ലെയിങ് ഇലവന്‍

വിരാട് കോഹ്‌ലി, ജേകബ് ബേഥല്‍, ദേവ്ദത്ത് പടിക്കല്‍, രജത് പാടിദാര്‍ (ക്യാപ്റ്റന്‍), ജിതേഷ് ശര്‍മ (വിക്കറ്റ് കീപ്പര്‍), ടിം ഡേവിഡ്, ക്രുണാല്‍ പാണ്ഡ്യ, റൊമാരിയോ ഷെപ്പേര്‍ഡ്, ഭുവനേശ്വര്‍ കുമാര്‍, ലുങ്കി എന്‍ഗിഡി, യാഷ് ദയാല്‍.

Content Highlight: IPL 2025: RCB vs CSK: Jacob Bethall becomes the youngest overseas batter to complete half century in IPL

We use cookies to give you the best possible experience. Learn more