ഐ.പി.എല്‍ പുനരാരംഭിക്കാന്‍ കാത്തിരിക്കുകയാണ് ആരാധകര്‍. തങ്ങളുടെ പ്രിയ താരങ്ങള്‍ കളിക്കുന്നതും പതിനെട്ടാം സീസണില്‍ ഫേവറിറ്റ് ടീമുകള്‍ കപ്പുയര്‍ത്തുന്നത് കാണാനുള്ള ആവേശത്തിലുമാണവര്‍. ഫ്രാഞ്ചൈസികളാകട്ടെ ശേഷിക്കുന്ന മത്സരങ്ങളില്‍ മികച്ച പ്രകടനങ്ങള്‍ നടത്താനുള്ള ഒരുക്കത്തിലുമാണ്.
ഇന്ത്യ – പാക് സംഘര്‍ഷങ്ങളെ തുടര്‍ന്ന് താത്കാലികമായി നിര്‍ത്തിവെച്ച ടൂര്‍ണമെന്റ് മെയ് 17നാണ് വീണ്ടുമെത്തുന്നത്. റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും തമ്മിലുള്ള മത്സരത്തോടെയാണ് ഈ സീസണിന്റെ ‘രണ്ടാം ഭാഗ’ത്തിന് തുടക്കമാവുക. ബെംഗളൂരുവിന്റെ ഹോം ഗ്രൗണ്ടായ ചിന്നസ്വാമിയിലാണ് മത്സരം.
അടുത്തിടെ ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച വിരാട് കോഹ്‌ലിയായിരിക്കും ഈ മത്സരത്തിലെ ശ്രദ്ധാ കേന്ദ്രം. വിരാട് കോഹ്‌ലിയെ കുറിച്ചും അദ്ദേഹത്തിന് ടീമിലുള്ള സ്വാധീനത്തെ കുറിച്ചും ബെംഗളൂരു നായകന്‍ രജത് പാടിദാര്‍ അടുത്തിടെ സംസാരിച്ചിരുന്നു.
ബെംഗളൂരുവിന്റെ ക്യാപ്റ്റനായപ്പോള്‍ അത് താന്‍ അര്‍ഹിക്കുന്നുവെന്നും അത് നേടിയെടുത്തതാണെന്നും കോഹ്‌ലി തന്നോട് പറഞ്ഞുവെന്ന് പാടിദാര്‍ പറഞ്ഞു. ആ വാക്കുകള്‍ വിരാട് കോഹ്ലിയുടെ തന്നെയാണെന്ന് വിശ്വസിക്കാന്‍ പ്രയാസമായിരുന്നുവെന്നും പാടിദാര്‍ കൂട്ടിച്ചേര്‍ത്തു.
‘വിരാട് എന്നോട് ക്യാപ്റ്റന്‍സി ഏറ്റെടുക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ എനിക്ക് ഒന്നും പറയാന്‍ കഴിഞ്ഞില്ല. ഞാന്‍ അത് അര്‍ഹിക്കുന്നുവെന്നും അത് നേടിയെടുത്തതാണെന്നും അദ്ദേഹം എന്നോട് പറഞ്ഞു.
കുറച്ച് സമയത്തിന് ശേഷം, ഞാന്‍ ഓക്കെയായി. പക്ഷേ ആ വാക്കുകള്‍ വിരാട് കോഹ്ലിയുടെ തന്നെയാണെന്ന് വിശ്വസിക്കാന്‍ പ്രയാസമായിരുന്നു,’ രജത് പറഞ്ഞു.
കോഹ്ലിയില്‍ നിന്ന് ബാറ്റിങ്ങും ക്യാപ്റ്റന്‍സിയെ കുറിച്ചും പഠിക്കുന്നുണ്ടെന്ന് പാടിദാര്‍ പറഞ്ഞു. അദ്ദേഹത്തിന്റ ആശയങ്ങളുടെയും അനുഭവത്തിന്റെയും കാര്യത്തില്‍ മറ്റാര്‍ക്കും അദ്ദേഹത്തിന്റെ നിലവാരത്തിന് ഒപ്പമെത്താന്‍ കഴിയില്ലെന്നും ബെംഗളൂരു നായകന്‍ കൂട്ടിച്ചേര്‍ത്തു.
‘കോഹ്ലി പരിശീലന സെഷനില്‍ ബാറ്റ് ചെയ്യുമ്പോഴെല്ലാം, അദ്ദേഹത്തിന്റെ ബാറ്റിങ് കണ്ട് ഞാന്‍ പഠിക്കാന്‍ ശ്രമിക്കും. ക്യാപ്റ്റന്‍സിയെക്കുറിച്ചും ഞാന്‍ അദ്ദേഹത്തില്‍ നിന്ന് പഠിക്കുന്നുണ്ട്. ആശയങ്ങളുടെയും അനുഭവത്തിന്റെയും കാര്യത്തില്‍ മറ്റാര്‍ക്കും അദ്ദേഹത്തിന്റെ നിലവാരത്തിന് ഒപ്പമെത്താന്‍ കഴിയില്ല,’ രജത് പറഞ്ഞു.
Content Highlight: IPL 2025: RCB skipper Rajat Patidar talks about Virat Kohli and his influence in him