| Thursday, 5th June 2025, 3:32 pm

കപ്പ് നേടിയ ക്യാപ്റ്റന്‍ മൂന്നാമനും നഷ്ടപെട്ടവന്‍ രണ്ടാമതും; ഈ നേട്ടത്തില്‍ രാജസ്ഥാന്റെ ചീറ്റപ്പുലി തന്നെ ഒന്നാമന്‍!

സ്പോര്‍ട്സ് ഡെസ്‌ക്

കുട്ടി ക്രിക്കറ്റ് മാമാങ്കത്തിന് വിരാമമായിരിക്കുകയാണ്. റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിന്റെ കന്നി കിരീടം എന്ന മോഹം പൂവണിയിച്ചാണ് ഇത്തവണ ഐ.പി.എല്‍ പൂരത്തിന് കൊടിയിറങ്ങുന്നത്. 18 വര്‍ഷത്തെ കാത്തിരിപ്പിനും കണ്ണീരിനും പരിഹാസങ്ങള്‍ക്കും വിരാമമിട്ടാണ് ആര്‍.സി.ബിയും ടീമിന്റെ അതികായകനായ വിരാട് കോഹ്ലിയും കനക കിരീടത്തില്‍ ആദ്യ മുത്തം നല്‍കിയത്.

കിരീടമില്ലാത്ത രണ്ടു ടീമുകള്‍ മാറ്റുരച്ച ഫൈനലില്‍ പഞ്ചാബ് കിങ്‌സിനെ ആറ് റണ്‍സിന് പരാജയപ്പെടുത്തിയാണ് ബെംഗളൂരു ടൂര്‍ണമെന്റിന്റെ എട്ടാം ചാമ്പ്യനായത്. ഇതോടെ പഞ്ചാബ് കിങ്‌സിന് തങ്ങളുടെ കാത്തിരിപ്പ് തുടരേണ്ടി വന്നു.

സീസണുലടനീളം ഇരു ടീമുകളും മികച്ച പ്രകടനമായിരുന്നു പുറത്തെടുത്തത്. അതിന്റെ ക്രെഡിറ്റ് ക്യാപ്റ്റന്മാരായ രജത് പാടിദാറിനും ശ്രേയസ് അയ്യര്‍ക്കുമാണ്. റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവും പഞ്ചാബ് കിങ്സും ഒമ്പത് വീതം മത്സരങ്ങള്‍ വിജയിച്ചാണ് കലാശപ്പോരില്‍ ഏറ്റുമുട്ടിയിരുന്നത്.

കിരീട നേട്ടത്തിന് പിന്നാലെ രജത് പാടിദാര്‍ ഒരു സൂപ്പര്‍ നേട്ടത്തിലെത്തിലുമെത്തി. ഒരു സീസണില്‍ ഏറ്റവും കൂടുതല്‍ വിജയശതമാനമുള്ള മൂന്നാമത്തെ നായകനായിരിക്കുകയാണ് ആര്‍.സി.ബി നായകന്‍. മുംബൈ ഇന്ത്യന്‍സ് നായകനായ രോഹിത് ശര്മയ്‌ക്കൊപ്പമാണ് താരം മൂന്നാം സ്ഥാനം പങ്കിടുന്നത്.

ഈ നേട്ടത്തില്‍ രണ്ടാമതുള്ളത് ശ്രേയസ് അയ്യരാണ്. പക്ഷേ, അത് കഴിഞ്ഞ സീസണില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് കിരീടമണിയിച്ച് നേടിയതാണ്. ഈ ലിസ്റ്റില്‍ ഒന്നാം സ്ഥാനത്തുള്ളത് രാജസ്ഥാന്‍ റോയല്‍സിനെ ആദ്യ സീസണില്‍ തന്നെ കിരീടമണിയിച്ച നായകന്‍ ഷെയ്ന്‍ വോണാണ്.

ഐ.പി.എല്ലില്‍ ഒരു സീസണ്‍ ഏറ്റവും കൂടുതല്‍ വിജയശതമാനമുള്ള ക്യാപ്റ്റന്മാര്‍

(ക്യാപ്റ്റന്‍ – വിജയശതമാനം – വര്‍ഷം എന്നീ ക്രമത്തില്‍)

ഷെയ്ന്‍ വോണ്‍ – 87 – 2008

ശ്രേയസ് അയ്യര്‍ – 79 – 2024

രജത് പാടിദാര്‍ – 77 – 2025

രോഹിത് ശര്‍മ – 77 – 2013

ഹര്‍ദിക് പാണ്ഡ്യ – 73 – 2022

സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ – 73 – 2010

Content Highlight: IPL 2025: Rajat Patidar joins the list of  highest winning percentage in a single season in IPL as third captain

We use cookies to give you the best possible experience. Learn more