രാജസ്ഥാന്‍ റോയല്‍സിന്റെ ഈ സീസണിലെ പിങ്ക് പ്രോമിസ് മത്സരം മുംബൈ ഇന്ത്യന്‍സിനെതിരെ. മെയ് ഒന്നിന് സ്വന്തം തട്ടകമായ സവായ് മാന്‍സിങ് സ്റ്റേഡിയത്തിലാണ് ഹല്ലാ ബോല്‍ അര്‍മി മുംബൈ ഇന്ത്യന്‍സിനെ നേരിടുന്നത്.
ഈ മത്സരത്തില്‍ വിജയം സ്വന്തമാക്കുന്നതിനൊപ്പം തന്നെ മാക്‌സിമം സിക്‌സറുകളും അടിച്ചുകൂട്ടാനാണ് രാജസ്ഥാന്‍ റോയല്‍സ് ഒരുങ്ങുന്നത്. കാരണം ഈ മത്സരത്തില്‍ ടീം നേടുന്ന ഓരോ സിക്‌സറിനും ആറ് വീതം വീടുകളില്‍ സോളാര്‍ വഴി വൈദ്യുതിയെത്തിക്കാനാണ് രാജസ്ഥാന്‍ റോയല്‍സ് തയ്യാറെടുക്കുന്നത്.
രാജസ്ഥാന്‍ റോയല്‍സ് ഫൗണ്ടേഷനൊപ്പം ചേര്‍ന്നാണ് ടീം ഇത്തരമൊരു പ്രവര്‍ത്തനത്തിനൊരുങ്ങുന്നത്.
സൗരോര്‍ജം നല്‍കുന്നതോടെ സുസ്ഥിരവും ശുദ്ധവുമായ അന്തരീക്ഷം രാജസ്ഥാനില്‍ സൃഷ്ടിച്ചെടുക്കുക എന്നതുകൂടിയാണ് പിങ്ക് ആര്‍മി ലക്ഷ്യമിടുന്നത്. ടീമിന്റെ ഈ നീക്കത്തിന് ആരാധകര്‍ക്കിടയില്‍ നിന്നും മികച്ച പിന്തുണ ലഭിച്ചിരുന്നു.
കഴിഞ്ഞ വര്‍ഷം റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെതിരെയാണ് രാജസ്ഥാന്‍ റോയല്‍സ് പിങ്ക് പ്രോമിസ് മത്സരം കളിച്ചത്. ജോസ് ബട്‌ലറിന്റെ സെഞ്ച്വറിയും ക്യാപ്റ്റന്‍ സഞ്ജു സാംസണിന്റെ അര്‍ധ സെഞ്ച്വറിയുടെയും കരുത്തില്‍ രാജസ്ഥാന്‍ റോയല്‍സ് ആറ് വിക്കറ്റിന് വിജയിച്ച മത്സരത്തില്‍ ആറ് സിക്‌സറുകളാണ് രാജസ്ഥാന്‍ അടിച്ചെടുത്തത്.
കഴിഞ്ഞ വര്‍ഷത്തേതെന്ന പോലെ ഇത്തവണയും പിങ്ക് പ്രോമിസ് മാച്ചില്‍ സ്വന്തമാക്കുന്ന ഓരോ സിക്‌സറിനും ആറ് വീടുകളില്‍ സോളാര്‍ വഴി വൈദ്യുതിയെത്തിക്കുമെന്ന് രാജസ്ഥാന്‍ റോയല്‍സ് വ്യക്തമാക്കിയിരിക്കുകയാണ്.
ഈ മത്സരത്തില്‍ ഓള്‍ പിങ്ക് ജേഴ്‌സിയണിഞ്ഞാണ് രാജസ്ഥാന്‍ റോയല്‍സ് കളത്തിലിറങ്ങുന്നത്. ഈ സീസണില്‍ ധരിക്കുന്ന പിങ്ക് ജേഴ്‌സി ഇക്കഴിഞ്ഞ വനിതാ ദിനത്തില്‍ ടീം പുറത്തിറക്കിയിരുന്നു.
വിവിധ മേഖലകളിലെ സ്ത്രീകളുടെ സംഭാവനകള്‍ ഓര്‍മിപ്പിക്കുന്നതാണ് ജേഴ്‌സി. രാജസ്ഥാന്‍ റോയല്‍സ് ഡയറക്ടര്‍ ഓഫ് ക്രിക്കറ്റ് കുമാര്‍ സംഗക്കാര ഗ്രാമത്തിന്റെ സോളാന്‍ എന്‍ജീനയര്‍ എന്നറിയപ്പെടുന്ന താവ്‌രി ദേവിക്ക് സമ്മാനിച്ചുകൊണ്ടാണ് ജേഴ്‌സി പുറത്തിറക്കിയത്.
തന്റെ ഗ്രാമത്തില്‍ വീടുകളിലേക്ക് സോളാര്‍ എനര്‍ജിയിലൂടെ വൈദ്യുതിയെത്തിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച ആളാണ് തവ്‌രി ദേവി. ഐ.പി.എല്ലിന്റെ കഴിഞ്ഞ സീസണില്‍ രാജസ്ഥാന്‍ ഓള്‍ പിങ്ക് ജേഴ്സി ധരിച്ച് മത്സരത്തിനിറങ്ങിയപ്പോള്‍ സഞ്ജുവിനും ബെംഗളൂരു നായകന്‍ ഫാഫ് ഡു പ്ലെസിക്കും സോളാര്‍ ലാംപും സോളാര്‍ പാനലും സമ്മാനിച്ചതും ഇവര്‍ തന്നെയായിരുന്നു.
അതേസമയം, റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെതിരെ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടക്കുന്ന രാജസ്ഥാന്റെ മത്സരം തുടരുകയാണ്. സഞ്ജു സാംസണിന്റെ അഭാവത്തില്‍ റിയാന്‍ പരാഗാണ് ടീമിനെ നയിക്കുന്നത്. മത്സരത്തില്‍ ടോസ് നേടിയ രാജസ്ഥാന്‍ ക്യാപ്റ്റന്‍ എതിരാളികലെ ബാറ്റിങ്ങിനിയച്ചു.
മത്സരം പത്ത് ഓവര്‍ പിന്നിടുമ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 83 എന്ന നിലയിലാണ് റോയല്‍ ചലഞ്ചേഴ്‌സ്. 23 പന്തില്‍ 26 റണ്‍സ് നേടിയ ഫില്‍ സാള്‍ട്ടിന്റെ വിക്കറ്റാണ് ടീമിന് നഷ്ടമായത്.
27 പന്തില്‍ 40 റണ്‍സുമായി വിരാട് കോഹ്‌ലിയും പത്ത് പന്തില്‍ പത്ത് റണ്‍സുമായി ദേവ്ദത്ത് പടിക്കലുമാണ് ക്രീസില്‍.
രാജസ്ഥാന്‍ റോയല്‍സ് പ്ലെയിങ് ഇലവന്‍
യശസ്വി ജെയ്സ്വാള്‍, ശുഭം ദുബെ, നിതീഷ് റാണ, റിയാന്‍ പരാഗ് (ക്യാപ്റ്റന്‍), ധ്രുവ് ജുറെല്‍ (വിക്കറ്റ് കീപ്പര്‍), ഷിംറോണ്‍ ഹെറ്റ്മെയര്‍, വാനിന്ദു ഹസരങ്ക, ജോഫ്രാ ആര്‍ച്ചര്‍, ഫസല്‍ഹഖ് ഫാറൂഖി, സന്ദീപ് ശര്‍മ, തുഷാര്‍ ദേശ്പാണ്ഡേ.
റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു പ്ലെയിങ് ഇലവന്‍
വിരാട് കോഹ്‌ലി, ഫില്‍ സാള്‍ട്ട്, ദേവദത്ത് പടിക്കല്‍, രജത് പാടിദാര്‍ (ക്യാപ്റ്റന്‍), റൊമാരിയോ ഷെപ്പേര്‍ഡ്, ജിതേഷ് ശര്‍മ (വിക്കറ്റ് കീപ്പര്‍), ടിം ഡേവിഡ്, ക്രുണാല്‍ പാണ്ഡ്യ, ഭുവനേശ്വര്‍ കുമാര്‍, ജോഷ് ഹേസല്‍വുഡ്, യാഷ് ദയാല്‍.
Content Highlight: IPL 2025: Rajasthan will play Pink Promise Match against Mumbai Indians