| Thursday, 10th April 2025, 11:11 am

ബൗളിങ്ങല്ല തോല്‍വിക്ക് കാരണം; സഞ്ജുവിനെതിരെ വിരേന്ദര്‍ സെവാഗ്

സ്പോര്‍ട്സ് ഡെസ്‌ക്

രാജസ്ഥാന്‍ റോയല്‍സിനെതിരെ സ്വന്തം തട്ടകത്തില്‍ നടന്ന മത്സരത്തില്‍ 58 റണ്‍സിന്റെ വിജയമാണ് ഗുജറാത്ത് ടൈറ്റന്‍സ് സ്വന്തമാക്കിയത്. ടൈറ്റന്‍സ് ഉയര്‍ത്തിയ 218 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ രാജസ്ഥാന്‍ 19.2 ഓവറില്‍ 159ന് പുറത്താകുകയായിരുന്നു.

മത്സരശേഷം തോല്‍വിയുടെ കാരണത്തെക്കുറിച്ച് രാജസ്ഥാന്‍ ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ സംസാരിച്ചിരുന്നു. മികച്ച വിക്കറ്റില്‍ നന്നായി കളിക്കാന്‍ സാധിച്ചില്ലെന്നും ബൗളിങ്ങില്‍ കൂടുതല്‍ എക്സ്ട്രാസ് വിട്ടുനല്‍കിയതും തന്റെ വിക്കറ്റ് നഷ്ടമായതും തോല്‍വിക്ക് കാരണമായന്ന് സഞ്ജു പറഞ്ഞു. എന്നാല്‍ ബൗളര്‍മാര്‍ തെറ്റൊന്നും ചെയ്തിട്ടില്ലെന്നും ബാറ്റര്‍മാരാണ് തോല്‍വിയുടെ കാരണമെന്നും പറയുകയാണ് മുന്‍ ഇന്ത്യന്‍ ബാറ്റര്‍ വിരേന്ദര്‍ സെവാഗ്.

‘ബൗളിങ്ങല്ല, ബാറ്റിങ്ങാണ് പരാജയത്തിന്റെ പ്രധാന കാരണം. ഒരു നീണ്ട ഇന്നിങ്‌സ് കളിക്കാന്‍ നിങ്ങള്‍ക്ക് ആദ്യ മൂന്ന് ബാറ്റര്‍മാരില്‍ നിന്ന് ഒരാളെ ടീമിന് ആവശ്യമാണ്. സാംസണും ഹെറ്റ്‌മെയറും നന്നായി ബാറ്റ് ചെയ്തു, പക്ഷേ അവര്‍ പുറത്തായി. 20 റണ്‍സോളം അധികമാണെന്ന് സാംസണ്‍ പറഞ്ഞു, പക്ഷേ അത് ചെയ്‌സിങ് ആയിരുന്നെങ്കില്‍ 200 റണ്‍സ് നേടണമായിരുന്നു. അവര്‍ക്ക് ആ സ്‌കോറില്‍ പോലും എത്താന്‍ കഴിഞ്ഞില്ല,’ സെവാഗ് പറഞ്ഞു.

മത്സരത്തില്‍ 28 പന്തില്‍ നിന്ന് നാല് ഫോറും രണ്ട് സിക്സും ഉള്‍പ്പെടെ 146.43 എന്ന പ്രഹരശേഷിയില്‍ 41 റണ്‍സാണ് സഞ്ജു നേടിയത്. രാജസ്ഥാന് വേണ്ടി 32 പന്തില്‍ മൂന്ന് സിക്സും നാല് ഫോറും ഉള്‍പ്പെടെ 52 റണ്‍സ് നേടി ഹെറ്റ്മെയര്‍ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. ടീമിലെ ഏഴ് താരങ്ങളാണ് രണ്ടക്കം കടക്കാതെ പുറത്തായത്. ബൗളിങ്ങില്‍ 18 റണ്‍സാണ് രാജസ്ഥാന്‍ എക്‌സ്ട്രാ ഇനത്തില്‍ വിട്ടുകൊടുത്തത്.

ഗുജറാത്തിന് വേണ്ടി ഓപ്പണര്‍ സായി സുദര്‍ശന്‍ 53 പന്തില്‍ നിന്ന് എട്ട് ഫോറും മൂന്ന് സിക്സും ഉള്‍പ്പെടെ 82 റണ്‍സും നേടി മികച്ച പ്രകടനമാണ് നടത്തിയത്.

തകര്‍പ്പന്‍ വിജയം സ്വന്തമാക്കി സീസണിലെ അഞ്ച് മത്സരങ്ങളില്‍ നാല് വിജയവുമായി ഗുജറാത്ത് പോയിന്റ് ടേബിളില്‍ ഒന്നാമതാണ്. അതേസമയം രാജസ്ഥാന്‍ അഞ്ച് മത്സരങ്ങളില്‍ നിന്ന് മൂന്ന് തോല്‍വിയും രണ്ട് വിജയവുമായി പോയിന്റ് ടേബിളില്‍ ഏഴാം സ്ഥാനത്താണ്.

Content Highlight: IPL 2025: Rajasthan’s defeat not due to bowling, says Virender Sehwag

Latest Stories

We use cookies to give you the best possible experience. Learn more