| Saturday, 10th May 2025, 3:56 pm

ഓരോ 4.63 പന്തിലും സിക്‌സറോ!!! നിക്കോളാസ് പൂരനടക്കമുള്ള കരീബിയന്‍ കൊടുങ്കാറ്റുകളെ പിടിച്ചുകെട്ടിയ 14കാരന്‍

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്‍ മെഗാ താരലേലത്തില്‍ വൈഭവ് സൂര്യവംശിയെ രാജസ്ഥാന്‍ റോയല്‍സ് ടീമിലെത്തിച്ചത് പലര്‍ക്കും അത്ഭുതമായിരുന്നു. 1.10 കോടി രൂപയ്ക്കാണ് 14കാരനെ രാഹുല്‍ ദ്രാവിഡ് കൊച്ചു വൈഭവിനെ സവായ് മാന്‍സിങ് സ്റ്റേഡിയത്തിലെത്തിച്ചത്.

140 കിലോമീറ്റര്‍ വേഗതയിലെത്തുന്ന പന്തുകളെല്ലാം തന്നെ ഈ കൊച്ചുപയ്യന്‍ എങ്ങനെ നേരിടുമെന്നായിരുന്നു ആരാധകരുടെ സംശയം. എന്നാല്‍ കളത്തിലിറങ്ങിയ ആദ്യ മത്സരത്തില്‍ തന്നെ വൈഭവ് ആ സംശയം മാറ്റിയെടുത്തു.

ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരെ അരങ്ങേറ്റം കുറിച്ച മത്സരത്തില്‍ നേരിട്ട ആദ്യ പന്ത് തന്നെ താരം സിക്‌സറിന് പറത്തി. ഇന്ത്യന്‍ സൂപ്പര്‍ പേസര്‍ ഷര്‍ദുല്‍ താക്കൂറിനെ എക്‌സ്ട്രാ കവറിന് മുകളിലൂടെ ഗ്യാലറിയിലെത്തിച്ചാണ് വൈഭവ് വരവറിയിച്ചത്.

അടുത്ത ഓവറില്‍ ആവേശ് ഖാനെതിരെയും താരം സിക്‌സര്‍ നേടി താനടിച്ച ആദ്യ സിക്‌സര്‍ വെറുമൊരു ലക്കി ഷോട്ട് ആയിരുന്നില്ല എന്ന് തെളിയിക്കുകയും ചെയ്തു.

ഗുജറാത്ത് ടൈറ്റന്‍സിനെതിരായ മത്സരത്തിലാണ് വൈഭവ് തന്റെ വെടിക്കെട്ട് ഒരിക്കല്‍ക്കൂടി പ്രകടമാക്കിയത്. 17 പന്തില്‍ അര്‍ധ സെഞ്ച്വറി നേടിയ താരം 35ാം പന്തില്‍ സെഞ്ച്വറിയും പൂര്‍ത്തിയാക്കി.

ഐ.പി.എല്‍ ചരിത്രത്തില്‍ അര്‍ധ സെഞ്ച്വറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന നേട്ടവും ടി-20 ക്രിക്കറ്റില്‍ സെഞ്ച്വറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോഡും സ്വന്തമാക്കിയാണ് വൈഭവ് തിളങ്ങിയത്. 11 സിക്‌സറും ഏഴ് ഫോറുമാണ് മത്സരത്തില്‍ താരം സ്വന്തമാക്കിയത്.

ഐ.പി.എല്‍ 2025ലെ (ഇതുവരെ) ഏറ്റവും മികച്ച ബോള്‍സ് പെര്‍ സിക്‌സര്‍ റേഷ്യോയും നിലവില്‍ വൈഭവിന്റെ പേരിലാണ്. സീസണില്‍ ഇതുവരെ നേരിട്ട 74 പന്തില്‍ 16 തവണയാണ് രാജസ്ഥാന്റെ കൗമാര താരം സിക്‌സറടിച്ചത്, അതായത് ഓരോ 4.63 പന്തുകള്‍ നേരിടുമ്പോഴും ഓരോ സിക്‌സര്‍ വീതം!

ഐ.പി.എല്‍ 2025ലെ ഏറ്റവും മികച്ച ബോള്‍സ് പെര്‍ സിക്‌സര്‍ റേഷ്യോ (ഇതുവരെ)

(താരം – ടീം – സിക്‌സര്‍ – നേരിട്ട പന്ത് – ബോള്‍സ്/സിക്‌സര്‍ റേഷ്യോ എന്നീ ക്രമത്തില്‍)

വൈഭവ് സൂര്യവംശി – രാജസ്ഥാന്‍ റോയല്‍സ് – 16 – 47 – 4.63

നിക്കോളാസ് പൂരന്‍ – ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് – 34 – 204 – 6.00

അബ്ദുള്‍ സമദ് – ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് – 14 – 86 – 6.14

ടിം ഡേവിഡ് – റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു – 14 – 96 – 6.88

ആന്ദ്രേ റസല്‍ – കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് – 14 – 101 – 7.21

സീസണില്‍ കളിച്ച അഞ്ച് മത്സരത്തില്‍ നിന്നും ഒരു സെഞ്ച്വറിയുള്‍പ്പടെ 155 റണ്‍സാണ് വൈഭവ് നേടിയത്. 31.00 ശരാശരിയും 209.45 സ്‌ട്രൈക്ക് റേറ്റുമാണ് താരത്തിനുള്ളത്. 16 സിക്‌സറിനൊപ്പം പത്ത് ഫോറുകളും വൈഭവ് അടിച്ചെടുത്തിട്ടുണ്ട്.

ഇന്ത്യന്‍ ക്രിക്കറ്റിന്റെ ഭാവിയായി അടയാളപ്പെടുത്തപ്പെടുന്ന താരങ്ങളില്‍ പ്രധാനി കൂടിയാണ് വൈഭവ് സൂര്യവംശി. ഐ.പി.എല്ലില്‍ നിന്നും അന്താരാഷ്ട്ര ക്രിക്കറ്റില്‍ തങ്ങളുടെ വ്യക്തിമുദ്ര പതിപ്പിച്ച സൂപ്പര്‍ താരങ്ങളുടെ പാതയിലൂടെ വൈഭവും ലോകം കീഴടക്കുന്നത് കാണാനുള്ള കാത്തിരിപ്പിലാണ് ആരാധകര്‍.

Content Highlight: IPL 2025: Rajasthan Royals’ Vaibhav Suryavanshi has the best balls per sixer ratio

We use cookies to give you the best possible experience. Learn more