| Saturday, 8th March 2025, 1:19 pm

കഴിഞ്ഞ തവണ സഞ്ജുവും ടീമും നല്‍കിയ വാക്കാണ്, അത് ഇത്തവണയും പാലിക്കും

സ്പോര്‍ട്സ് ഡെസ്‌ക്

അന്താരാഷ്ട്ര വനിതാ ദിനത്തില്‍ പിങ്ക് പ്രോമിസുമായി രാജസ്ഥാന്‍ റോയല്‍സ്. കഴിഞ്ഞ വര്‍ഷത്തേതിന് സമാനമായി വിവധ മേഖലകളിലെ സ്ത്രീകളുടെ സംഭാവനകള്‍ ഓര്‍മിപ്പിക്കുന്ന പിങ്ക് ജേഴ്‌സി പുറത്തിറക്കിയാണ് രാജസ്ഥാന്‍ വനിതാ ദിനത്തെ വരവേറ്റത്.

രാജസ്ഥാന്‍ റോയല്‍സ് ഡയറക്ടര്‍ ഓഫ് ക്രിക്കറ്റ് കുമാര്‍ സംഗക്കാര ഗ്രാമത്തിന്റെ സോളാന്‍ എന്‍ജീനയര്‍ എന്നറിയപ്പെടുന്ന താവ്‌രി ദേവിക്ക് പിങ്ക് ജേഴ്‌സി സമ്മാനിച്ചു.

തന്റെ ഗ്രാമത്തില്‍ വീടുകളിലേക്ക് സോളാര്‍ എനര്‍ജിയിലൂടെ വൈദ്യുതിയെത്തിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച ആളാണ് തവാരി ദേവി. ഐ.പി.എല്ലിന്റെ കഴിഞ്ഞ സീസണില്‍ രാജസ്ഥാന്‍ ഓള്‍ പിങ്ക് ജേഴ്‌സി ധരിച്ച് മത്സരത്തിനിറങ്ങിയപ്പോള്‍ സഞ്ജുവിനും ബെംഗളൂരു നായകന്‍ ഫാഫ് ഡു പ്ലെസിക്കും സോളാര്‍ ലാംപും സോളാര്‍ പാനലും സമ്മാനിച്ചതും താവ്‌രി ദേവിയായിരുന്നു.

കഴിഞ്ഞ വര്‍ഷം മുതലാണ് രാജസ്ഥാന്‍ റോയല്‍സ് ഓള്‍ പിങ്ക് ജേഴ്‌സി പുറത്തിറക്കിയത്. സ്ത്രീകള്‍ക്കുള്ള ആദരമെന്നോണമാണ് റോയല്‍സ് ജേഴ്‌സി അവതരിപ്പിച്ചത്.

സ്വന്തം തട്ടകമായ സവായ് മാന്‍സിങ് സ്റ്റേഡിയത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെഗംളൂരുവിനെതിരെ നടന്ന മത്സരത്തിലാണ് പിങ്ക് പ്രോമിസുമായി രാജസ്ഥാന്‍ കളത്തിലിറങ്ങിയത്. ജോസ് ബട്‌ലര്‍ സെഞ്ച്വറിയും സഞ്ജു സാംസണ്‍ അര്‍ധ സെഞ്ച്വറിയും നേടിയ മത്സരത്തില്‍ രാജസ്ഥാന്‍ ആറ് വിക്കറ്റിന്റെ വിജയം സ്വന്തമാക്കിയിരുന്നു.

രാജസ്ഥാന്‍ റോയല്‍സ് ഫൗണ്ടേഷന് കീഴില്‍ സ്വയം പ്രാപ്തരായ സ്ത്രീകളുടെ പേരും ജേഴ്സിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അവരുടെ അനുഭവങ്ങളും സ്വപ്നങ്ങളും ഉള്‍പ്പെടുത്തി രാജസ്ഥാന്‍ പങ്കുവെച്ച വീഡിയോക്ക് മികച്ച പ്രതികരണമാണ് ആരാധകരില്‍ നിന്നും ലഭിച്ചത്.

മാര്‍ച്ച് 23നാണ് രാജസ്ഥാന്‍ റോയല്‍സ് ഈ സീസണിലെ ആദ്യ മത്സരത്തിനൊരുങ്ങുന്നത്. സണ്‍റൈസേഴ്‌സ് ഹൈദരാബാദാണ് എതിരാളികള്‍. ഓറഞ്ച് ആര്‍മിയുടെ ഹോം ഗ്രൗണ്ടായ ഹൈദരാബാദ്, ഉപ്പലിലെ രാജീവ് ഗാന്ധി അന്താരാഷ്ട്ര സ്റ്റേഡിയമാണ് വേദി.

ശേഷം മാര്‍ച്ച് 26ന് ഗുവാഹത്തിയില്‍, തങ്ങളുടെ രണ്ടാം ഹോം സ്റ്റേഡിയത്തില്‍ രാജസ്ഥാന്‍ തങ്ങളുടെ രണ്ടാം മത്സരം കളിക്കും. ഡിഫന്‍ഡിങ് ചാമ്പ്യന്‍മാരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെയാണ് രണ്ടാം മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സ് നേരിടുക.

ഐ.പി.എല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ മത്സരങ്ങള്‍

മാര്‍ച്ച് 23 vs സണ്‍റൈസേഴ്സ് ഹൈദരാബാദ് – ഹൈദരാബാദ്

മാര്‍ച്ച് 26 vs കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് – ഗുവാഹത്തി*

മാര്‍ച്ച് 30 vs ചെന്നൈ സൂപ്പര്‍ കിങ്സ് – ഗുവാഹത്തി*

ഏപ്രില്‍ 5 vs പഞ്ചാബ് കിങ്സ് – മുല്ലാപൂര്‍

ഏപ്രില്‍ 9 vs ഗുജറാത്ത് ടൈറ്റന്‍സ് – അഹമ്മദാബാദ്

ഏപ്രില്‍ 13 vs റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു – ജയ്പൂര്‍*

ഏപ്രില്‍ 16 vs ദല്‍ഹി ക്യാപ്പിറ്റല്‍സ് – ദല്‍ഹി

ഏപ്രില്‍ 19 vs ലഖ്നൗ സൂപ്പര്‍ ജയന്റ്സ് – ജയ്പൂര്‍*

ഏപ്രില്‍ 24 vs റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു – ബെംഗളൂരു

ഏപ്രില്‍ 28 vs ഗുജറാത്ത് ടൈറ്റന്‍സ് -ജയ്പൂര്‍*

മെയ് 1 vs മുംബൈ ഇന്ത്യന്‍സ് – ജയ്പൂര്‍*

മെയ് 4 vs കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് – കൊല്‍ക്കത്ത*

മെയ് 12 vs ചെന്നൈ സൂപ്പര്‍ കിങ്സ് – ചെന്നൈ

മെയ് 16 vs പഞ്ചാബ് കിങ്സ് – ജയ്പൂര്‍*

* ഹോം മാച്ചുകള്‍

Content Highlight: IPL 2025: Rajasthan Royals unveiled all pink jersey on international women’s’ day

We use cookies to give you the best possible experience. Learn more