ഇന്ത്യ – പാകിസ്ഥാന്‍ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ ഐ.പി.എല്‍ താത്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണ്. താരങ്ങളുടെ സുരക്ഷയടക്കമുള്ള കാര്യങ്ങള്‍ കണക്കിലെടുത്താണ് ഐ.പി.എല്‍ നിര്‍ത്തിവെക്കാന്‍ തീരുമാനിച്ചത്.
എന്നാല്‍ ഐ.പി.എല്‍ പൂര്‍ണമായും ഉപേക്ഷിക്കപ്പെട്ടിട്ടില്ലെന്നും ഒരാഴ്ചയ്ക്ക് ശേഷം സ്ഥിതിഗതികള്‍ പരിശോധിച്ച് ടൂര്‍ണമെന്റ് വീണ്ടും പുനരാരംഭിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.
ഐ.പി.എല്ലില്‍ കഴിഞ്ഞ ദിവസം നടന്ന ദല്‍ഹി ക്യാപ്പിറ്റല്‍സ് – പഞ്ചാബ് കിങ്‌സ് മത്സരം ഉപേക്ഷിച്ചിരുന്നു. സാഹചര്യങ്ങള്‍ പ്രതികൂലമായതോടെ മത്സരം നിര്‍ത്തിവെക്കുകയും സ്‌റ്റേഡിയത്തിലെ കാണികളെ പൂര്‍ണമായും ഒഴിപ്പിക്കുകയുമായിരുന്നു.
പഞ്ചാബിനായി ഓപ്പണര്‍മാരായ പ്രിയാന്‍ഷ് ആര്യയും പ്രഭ്‌സിമ്രാന്‍ സിങ്ങും വെടിക്കെട്ടുകൊണ്ട് വിരുന്നൊരുക്കിയ മത്സരം പാതിവഴിയില്‍ ഉപേക്ഷപ്പെട്ടത് ആരാധകരെയും നിരാശരാക്കിയിരുന്നു. ആകാശം തൊട്ട സിക്‌സറുകള്‍ പലത് പറന്ന മത്സരത്തില്‍ പഞ്ചാബ് പല റെക്കോഡുകളും സൃഷ്ടിച്ചിരുന്നു.
പവര്‍പ്ലേയില്‍ തങ്ങള്‍ ഏറ്റവുമധികം സിക്‌സര്‍ (37) നേടുന്ന സീസണ്‍, ഈ സീസണില്‍ ഏറ്റവുമധികം പവര്‍പ്ലേ ഫോറുകള്‍ നേടുന്ന ടീം എന്നിങ്ങനെ റെക്കോഡുകള്‍ പലത് നേടിയെങ്കിലും ഈ സീസണില്‍ ഏറ്റവുമധികം സിക്‌സറടിച്ച ടീം എന്ന നേട്ടത്തിലെത്താന്‍ മാത്രം പഞ്ചാബ് കിങ്‌സിന് സാധിച്ചില്ല. 114 സിക്‌സറുമായി ടീം രണ്ടാം സ്ഥാനത്താണ്.
ഈ സീസണില്‍ (ഇതുവരെ) ഏറ്റവുമധികം സിക്‌സര്‍ നേടിയ ടീം എന്ന നേട്ടം പോയിന്റ് പട്ടികയില്‍ ഒമ്പതാം സ്ഥാനക്കാരായ രാജസ്ഥാന്‍ റോയല്‍സിന്റെ പേരിലാണ്. 123 സിക്‌സറുകളാണ് രാജസ്ഥാന്‍ അടിച്ചെടുത്തത്.
സിക്‌സറടിക്കുന്ന തിരക്കില്‍ മത്സരങ്ങള്‍ വിജയിക്കാന്‍ മറന്നുപോയതോടെയാണ് രാജസ്ഥാന് പ്ലേ ഓഫ് സാധ്യതകള്‍ അവസാനിപ്പിച്ച് സീസണിനോട് ഗുഡ് ബൈ പറയേണ്ടി വന്നത്.
ഐ.പി.എല്‍ 2025ല്‍ ഏറ്റവുമധികം സിക്‌സര്‍ നേടിയ ടീം (ഇതുവരെ)
(ടീം – സിക്‌സര്‍ – ബോള്‍സ് പെര്‍ സിക്‌സര്‍ എന്നീ ക്രമത്തില്‍)
രാജസ്ഥാന്‍ റോയല്‍സ് – 123 – 11.3
പഞ്ചാബ് കിങ്‌സ് – 114 – 10.7
ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് – 111 – 11.7
മുംബൈ ഇന്ത്യന്‍സ് – 100 – 13.4
റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു – 96 – 12.9
ഗുജറാത്ത് ടൈറ്റന്‍സ് – 90 – 14.2
കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് – 89 – 13.5
ദല്‍ഹി ക്യാപ്പിറ്റല്‍സ് – 85 – 14.9
ചെന്നൈ സൂപ്പര്‍ കിങ്‌സ് – 79 – 18.1
സണ്‍റൈസേഴ്‌സ് ഹൈദരാബാദ് – 77 – 15.1
അതേസമയം, ടൂര്‍ണമെന്റില്‍ ശേഷിക്കുന്ന മത്സരങ്ങളുടെ ഷെഡ്യൂളും വേദികളും സംബന്ധിച്ച കൂടുതല്‍ അപ്‌ഡേറ്റുകള്‍ അധികാരികളുമായി കൂടിയാലോചിച്ച് സമഗ്രമായ വിലയിരുത്തലിന് ശേഷം യഥാസമയം പ്രഖ്യാപിക്കുമെന്ന് ബി.സി.സി.ഐ സെക്രട്ടറി ദേവ്ജിത് സൈക്കിയ വ്യക്തമാക്കി.
രാജ്യത്തിന് എല്ലാ വിധ പിന്തുണയും നല്‍കുന്നുവെന്നും രാജ്യത്തിന്റെ പരമാധികാരം, സമഗ്രത, സുരക്ഷ എന്നിവയേക്കാള്‍ വലുതായി മറ്റൊന്നുമില്ലെന്നും ബി.സി.സി.ഐ വ്യക്തമാക്കി.
Content Highlight: IPL 2025: Rajasthan Royals tops the list of most sixes by a team in this season (till now)