ഇന്ത്യ – പാകിസ്ഥാന്‍ വെടിനിര്‍ത്തല്‍ കരാര്‍ നിലവില്‍ വന്നതോടെ താത്കാലികമായി നിര്‍ത്തിവെച്ച ഐ.പി.എല്‍ മത്സരങ്ങള്‍ പുനരാരംഭിക്കാനുള്ള ഒരുക്കത്തിലാണ് ബി.സി.സി.ഐ. ചൊവ്വാഴ്ചയോടെ തയ്യാറായിരിക്കണമെന്നാണ് അപെക്‌സ് ബോര്‍ഡ് ടീമുകള്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്.
ഐ.പി.എല്‍ വീണ്ടും ആരംഭിക്കുമ്പോള്‍ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു, മുംബൈ അടക്കമുള്ള ടീമുകളുടെ ആരാധകര്‍ ആവേശത്തിലാണെങ്കിലും ‘അടിവാരത്ത്’ തുടരുന്ന ചെന്നൈ സൂപ്പര്‍ കിങ്‌സ്, രാജസ്ഥാന്‍ റോയല്‍സ് ആരാധകര്‍ക്ക് പ്രത്യേകിച്ച് ആവേശമൊന്നും തന്നെയില്ല.
കളിച്ച 12 മത്സരത്തില്‍ മൂന്ന് ജയം മാത്രമാണ് പോയിന്റ് പട്ടികയില്‍ ഒമ്പതാം സ്ഥാനത്തുള്ള രാജസ്ഥാനും പത്താം സ്ഥാനത്തുള്ള ചെന്നൈയ്ക്കുമുള്ളത്. നെറ്റ് റണ്‍ റേറ്റിന്റെ ബലത്തിലാണ് രാജസ്ഥാന്‍ ചെന്നൈയെക്കാള്‍ മുമ്പിലെത്തിയത്.
വിജയത്തിന്റെയും പോയിന്റിന്റെയും കാര്യത്തില്‍ അവസാന സ്ഥാനങ്ങളിലാണെങ്കിലും മറ്റൊരു വെടിക്കെട്ട് നേട്ടത്തില്‍ രാജസ്ഥാന്‍ റോയല്‍സ് മുമ്പിലാണ്. ഈ സീസണില്‍ (ഇതുവരെ) ഏറ്റവുമധികം സിക്സര്‍ നേടിയ ടീം എന്ന നേട്ടമാണ് ഹല്ലാ ബോല്‍ ആര്‍മിയുടെ പേരിലുള്ളത്. 123 സിക്സറുകളാണ് രാജസ്ഥാന്‍ അടിച്ചെടുത്തത്.
സിക്സറടിക്കുന്ന തിരക്കില്‍ മത്സരങ്ങള്‍ വിജയിക്കാന്‍ മറന്നുപോയതോടെയാണ് രാജസ്ഥാന് പ്ലേ ഓഫ് സാധ്യതകള്‍ അവസാനിപ്പിച്ച് സീസണിനോട് ഗുഡ് ബൈ പറയേണ്ടി വന്നത്.
സിക്‌സറടിക്കുന്നതുപോലെ തന്നെ സിക്‌സര്‍ വഴങ്ങാനും രാജസ്ഥാന് മടിയൊന്നും തന്നെ ഉണ്ടായിരുന്നില്ല. ഇതുവരെ 100 സിക്‌റുകള്‍ തിരികെ വാങ്ങി ഏറ്റവുമധികം സിക്‌സര്‍ കണ്‍സീഡ് ചെയ്ത ടീമുകളില്‍ മൂന്നാമതാണ് റോയല്‍സ്. 115 സിക്‌സര്‍ വഴങ്ങിയ ചെന്നൈ സൂപ്പര്‍ കിങ്‌സാണ് ഈ പട്ടികയില്‍ ഒന്നാമതുള്ളത്.
ഐ.പി.എല്‍ 2025ല്‍ ഏറ്റവുമധികം സിക്സര്‍ നേടിയ ടീം (ഇതുവരെ)
(ടീം – സിക്സര്‍ – എന്നീ ക്രമത്തില്‍)
രാജസ്ഥാന്‍ റോയല്‍സ് – 123
പഞ്ചാബ് കിങ്സ് – 120
ലഖ്നൗ സൂപ്പര്‍ ജയന്റ്സ് – 111
മുംബൈ ഇന്ത്യന്‍സ് – 100
റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു – 96
ഗുജറാത്ത് ടൈറ്റന്‍സ് – 90
കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് – 89
ദല്‍ഹി ക്യാപ്പിറ്റല്‍സ് – 85
ചെന്നൈ സൂപ്പര്‍ കിങ്സ് – 79
സണ്‍റൈസേഴ്സ് ഹൈദരാബാദ് – 77
ഐ.പി.എല്‍ 2025ല്‍ ഏറ്റവുമധികം സിക്‌സര്‍ വഴങ്ങിയ ടീം (ഇതുവരെ)
(ടീം – സിക്സര്‍ എന്നീ ക്രമത്തില്‍)
ചെന്നൈ സൂപ്പര്‍ കിങ്സ് – 115
ലഖ്നൗ സൂപ്പര്‍ ജയന്റ്സ് – 106
സണ്‍റൈസേഴ്സ് ഹൈദരാബാദ് – 100
രാജസ്ഥാന്‍ റോയല്‍സ് – 100
കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് – 98
ഗുജറാത്ത് ടൈറ്റന്‍സ് – 96
ദല്‍ഹി ക്യാപ്പിറ്റല്‍സ് – 91
പഞ്ചാബ് കിങ്സ് – 90
മുംബൈ ഇന്ത്യന്‍സ് – 90
റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു – 84
സീസണില്‍ ഇനി രണ്ട് മത്സരങ്ങളാണ് രാജസ്ഥാന് കളിക്കാനുള്ളത്, അവസാന സ്ഥാനത്തുള്ള ചെന്നൈ സൂപ്പര്‍ കിങ്‌സിനോടും പ്ലേ ഓഫ് ലക്ഷ്യമിടുന്ന പഞ്ചാബ് കിങ്‌സിനോടും. മത്സരങ്ങളുടെ പുതുക്കിയ ഷെഡ്യൂള്‍ അപെക്‌സ് ബോര്‍ഡ് വൈകാതെ പുറത്തുവിടും.
ഇതിനോടകം തന്നെ ഐ.പി.എല്ലില്‍ നിന്നും പുറത്തായ രാജസ്ഥാന് അപമാനഭാരമില്ലാതെ മടങ്ങണമെങ്കില്‍ ശേഷിച്ച മത്സരങ്ങളില്‍ വിജയം അനിവാര്യമാണ്.
Content Highlight: IPL 2025: Rajasthan Royals tops the list of most sixes (123) by a team in this season (till now)