ഇന്ത്യ – പാകിസ്ഥാന്‍ സംഘര്‍ഷങ്ങള്‍ കണക്കിലെടുത്ത് താത്കാലികമായി നിര്‍ത്തിവെച്ച ഐ.പി.എല്‍ മെയ് 17ന് പുനരാരംഭിക്കുകയാണ്. റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സുമാണ് ഐ.പി.എല്‍ 2025ന്റെ ‘സെക്കന്‍ഡ് ഫേസിലെ’ ആദ്യ മത്സരത്തില്‍ കളത്തിലിറങ്ങുന്നത്. ബെംഗളൂരുവിന്റെ ഹോം ഗ്രൗണ്ടായ ചിന്നസ്വാമി സ്റ്റേഡിയമാണ് വേദി.
മെയ് 18 ഞായറാഴ്ച ഐ.പി.എല്ലിലെ രണ്ടാം എല്‍ ക്ലാസിക്കോ പോരാട്ടമായ രാജസ്ഥാന്‍ റോയല്‍സ് – പഞ്ചാബ് കിങ്സ് മത്സരവും അരങ്ങേറും. ജയ്പൂരിലെ സവായ് മാന്‍സിങ് സ്റ്റേഡിയമാണ് വേദി. മെയ് 20ന് പോയിന്റ് പട്ടികയിലെ അവസാനക്കാരായ ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരെയും രാജസ്ഥാന്‍ കളിക്കും.
പരിക്കേറ്റ നിതീഷ് റാണയും സൂപ്പര്‍ താരം ഷിംറോണ്‍ ഹെറ്റ്‌മെയര്‍ അടക്കമുള്ള താരങ്ങളില്ലാതെയാണ് രാജസ്ഥാന്‍ അവസാന രണ്ട് മത്സരങ്ങള്‍ക്കിറങ്ങുന്നത്. സഞ്ജു സാംസണ്‍ ക്യാപ്റ്റനായി തിരിച്ചെത്തുന്ന മത്സരത്തില്‍ ടീമിലെ പുതിയ താരം ലുവാന്‍ ഡ്രെ പ്രിട്ടോറിയസ് ഈ മത്സരങ്ങളില്‍ കളിച്ചേക്കും.
സൗത്ത് ആഫ്രിക്കന്‍ ഫ്രാഞ്ചൈസി ലീഗായ എസ്.എ20യില്‍ രാജസ്ഥാന്റെ സഹോദര ഫ്രാഞ്ചൈസിയായ പാള്‍ റോയല്‍സിനായി ബാറ്റേന്തിയ താരം രാജസ്ഥാന്‍ റോയല്‍സിനൊപ്പവും അരങ്ങേറ്റം കുറിക്കാന്‍ ഒരുങ്ങുകയാണ്.
രാജസ്ഥാന്‍ റോയല്‍സ് തങ്ങളുടെ ഒഫീഷ്യല്‍ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലൂടെ പങ്കുവെച്ച പ്രിട്ടോറിയസിന്റെ പ്രാക്ടീസ് വീഡിയോ ആണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. നെറ്റ്‌സില്‍ ബൗളര്‍മാരെ തലങ്ങും വിലങ്ങും അടിച്ചുപറത്തുന്ന പ്രോട്ടിയാസ് യുവരക്തത്തിന്റെ വീഡിയോ ആണ് രാജസ്ഥാന്‍ പങ്കുവെച്ചിരിക്കുന്നത്.
താരത്തിന്റെ ഷോട്ടുകളില്‍ ഇംപ്രസ്ഡായ ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ പ്രിട്ടോറിയസിനെ പ്രശംസിക്കുന്നതും വീഡിയോയിലുണ്ട്. ‘ഷോട്ട്… ഷോട്ട് ബഡ്ഡി… ഛോട്ടൂ…’ എന്നെല്ലാം പറഞ്ഞുകൊണ്ടാണ് സഞ്ജു 19കാരനെ പ്രോത്സാഹിപ്പിക്കുന്നത്.
ടി-20 കരിയറില്‍ 33 ഇന്നിങ്സുകളിലാണ് ഇടംകയ്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റെടുത്തത്. 27.60 ശരാശരിയിലും 147.17 സ്ട്രൈക്ക് റേറ്റിലും 911 റണ്‍സാണ് താരം സ്വന്തമാക്കിയത്.
സൗത്ത് ആഫ്രിക്കന്‍ ടി-20 ലീഗായ എസ്.എ 20യില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ സഹോദര ഫ്രാഞ്ചൈസിയായ പാള്‍ റോയല്‍സിന്റെ താരമായിരുന്നു പ്രിട്ടോറിയസ്. ടൂര്‍ണമെന്റില്‍ കളിച്ച 12 മത്സരത്തില്‍ നിന്നും 33.08 ശരാശരിയിലും 166.80 സ്ട്രൈക്ക് റേറ്റിലും 397 റണ്‍സാണ് താരം സ്വന്തമാക്കിയത്.
അതേസമയം, ടൂര്‍ണമെന്റില്‍ നിന്നും ഇതിനോടകം തന്നെ പുറത്തായ രാജസ്ഥാന് ഒന്നും നഷ്ടപ്പെടാനില്ല. ശേഷിക്കുന്ന രണ്ട് മത്സരങ്ങളിലും വിജയിച്ച് അപമാനഭാരമില്ലാതെ പടിയിറങ്ങാനാകും മുന്‍ ചാമ്പ്യന്‍മാര്‍ ഒരുങ്ങുന്നത്.
Content Highlight: IPL 2025: Rajasthan Royals: Sanju Samson praises Lhuan-dre Pretorius