ഐ.പി.എല്‍ 2025ലെ തങ്ങളുടെ അവസാന മത്സരത്തില്‍ വിജയിച്ചുകൊണ്ടാണ് രാജസ്ഥാന്‍ റോയല്‍സ് പടിയിറങ്ങുന്നത്. അരുണ്‍ ജെയ്റ്റ്‌ലി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ മള്‍ട്ടിപ്പിള്‍ ടൈംസ് ചാമ്പ്യന്‍മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സിനെയാണ് രാജസ്ഥാന്‍ റോയല്‍സ് പരാജയപ്പെടുത്തിയത്.
സൂപ്പര്‍ കിങ്‌സ് ഉയര്‍ത്തിയ 188 റണ്‍സിന്റെ വിജയലക്ഷ്യം 17 പന്ത് ബാക്കി നില്‍ക്കവെ രാജസ്ഥാന്‍ മറികടക്കുകയായിരുന്നു. പതിവുപോലെ യശസ്വി ജെയ്‌സ്വാളും വൈഭവ് സൂര്യവംശിയുമടക്കമുള്ള ടോപ് ഓര്‍ഡര്‍ ബാറ്റര്‍മാര്‍ മികച്ച പ്രകടനം പുറത്തെടുത്തപ്പോള്‍ പതിവിന് വിപരീതമായി ഫിനിഷര്‍മാരായ ധ്രുവ് ജുറെലും ഷിംറോണ്‍ ഹെറ്റ്‌മെയറും ടീമിനെ ഫിനിഷ് ചെയ്യാതെ മത്സരം ഫിനിഷ് ചെയ്തതും ആരാധകര്‍ക്ക് രസമുള്ള കാഴ്ചയായി.
കളിച്ച 14 മത്സരത്തില്‍ പത്തിലും പരാജയപ്പെട്ട് എട്ട് പോയിന്റോടെ ഒമ്പതാം സ്ഥാനത്താണ് രാജസ്ഥാന്‍ റോയല്‍സ് സീസണ്‍ ഫിനിഷ് ചെയ്തത്. ജയിച്ച നാല് മത്സരത്തില്‍ രണ്ട് മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്തും രണ്ട് മത്സരത്തില്‍ പിന്തുടര്‍ന്നും രാജസ്ഥാന്‍ വിജയം സ്വന്തമാക്കി.
എന്നാല്‍ അവസാന മത്സരത്തിലെ വിജയത്തിനും രാജസ്ഥാനെ തേടിയെത്തിയ അനിവാര്യമായ നാണക്കേട് മറയ്ക്കാന്‍ സാധിച്ചിട്ടില്ല. എന്നാല്‍ ഈ വിജയം ഈ നാണക്കേടിന്റെ തോത് കുറച്ചു എന്നതും പ്രധാനമാണ്.
ഒരു ഐ.പി.എല്‍ സീസണില്‍ ചെയ്‌സിങ്ങില്‍ ഏറ്റവും കുറവ് വിജയശതമാനമുള്ള ടീം എന്ന അനാവശ്യ നേട്ടമാണ് രാജസ്ഥാന്റെ പേരില്‍ കുറിക്കപ്പെട്ടത്. സീസണില്‍ പത്ത് തവണ ചെയ്‌സിങ്ങിനിറങ്ങിയപ്പോള്‍ രണ്ട് മത്സരത്തില്‍ മാത്രമാണ് ടീമിന് വിജയം സ്വന്തമാക്കാന്‍ സാധിച്ചത്. വിജയശതമാനമാകട്ടെ വെറും 20%. എന്നാല്‍ സൂപ്പര്‍ കിങ്‌സിനെതിരെ വിജയിച്ചതോടെ പത്ത് ശതമാനത്തിലേക്ക് വീഴാതെ രക്ഷപ്പെടാനും രാജസ്ഥാന് സാധിച്ചു.
(ടീം – മത്സരം – വിജയം – വിജയശതമാനം – വര്‍ഷം എന്നീ ക്രമത്തില്‍)
രാജസ്ഥാന്‍ റോയല്‍സ് – 10 – 2 – 20% – 2025*
സണ്‍റൈസേഴ്‌സ് ഹൈദരാബാദ് – 10 – 4 – 40% – 2020
സണ്‍റൈസേഴ്‌സ് ഹൈദരാബാദ് – 11 – 5 – 45.45% – 2022
* ചുരുങ്ങിയത് പത്ത് മത്സരങ്ങള്‍
കരുത്തരായ ഗുജറാത്ത് ടൈറ്റന്‍സിനെതിരെയാണ് സീസണില്‍ ആദ്യമായി രാജസ്ഥാന്‍ ചെയ്‌സ് ചെയ്ത് വിജയിച്ചത്. സ്വന്തം തട്ടകമായ സവായ് മാന്‍സിങ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ എട്ട് വിക്കറ്റിന്റെ വിജയമാണ് രാജസ്ഥാന്‍ സ്വന്തമാക്കിയത്. വൈഭവ് സൂര്യവംശി 38 പന്തില്‍ 101 റണ്‍സ് നേടിയ മത്സരത്തില്‍ ടൈറ്റന്‍സ് ഉയര്‍ത്തിയ 210 റണ്‍സിന്റെ വിജയലക്ഷ്യം 25 പന്ത് ശേഷിക്കവെ രാജസ്ഥാന്‍ മറികടന്നു.
ശേഷം കഴിഞ്ഞ ദിവസം സൂപ്പര്‍ കിങ്‌സിനെതിരെ സീസണിലെ രണ്ടാം മത്സരത്തില്‍ രാജസ്ഥാന്‍ പിന്തുടര്‍ന്ന് വിജയിച്ചു.
ഈ സീസണിലെ പോരായ്മകളില്‍ നിന്നും പാഠം പഠിച്ചെങ്കില്‍ മാത്രമേ രണ്ടാം കിരീടം സ്വപ്‌നം കാണുന്ന രാജസ്ഥാന് അടുത്ത സീസണില്‍ മുന്നേറ്റമുണ്ടാക്കാന്‍ സാധിക്കൂ.
Content Highlight: IPL 2025: Rajasthan Royals holds an unwanted list of lowest win percentage for a team while chasing in an IPL season