| Thursday, 8th May 2025, 6:08 pm

രാജസ്ഥാന്‍ റോയല്‍സില്‍ വീണ്ടും ഗംഭീര മാറ്റം; ഒരു ഓവറില്‍ 11 പന്തെറിഞ്ഞവന് പകരം 153 കിലോമീറ്റര്‍ വേഗതയിലെറിഞ്ഞവന്‍ ടീമില്‍

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്‍ 2025ല്‍ നിന്നും ഇതിനോടകം പുറത്തായ രാജസ്ഥാന്‍ റോയല്‍സിനെ പരിക്കും വേട്ടയാടുകയാണ്. ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ ഏറെക്കുറെ പരിക്കില്‍ നിന്നും മുക്തനായെന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെ സൂപ്പര്‍ താരം നിതീഷ് റാണയും പരിക്കേറ്റ് പുറത്തായിരിക്കുയാണ്. സീസണില്‍ ശേഷിക്കുന്ന മത്സരങ്ങളില്‍ റാണ ടീമിനൊപ്പമുണ്ടാകില്ല.

സൗത്ത് ആഫ്രിക്കന്‍ യുവതാരം ലുവാന്‍ ഡ്രെ പ്രിട്ടോറിയസിനെയാണ് റാണയുടെ പകരക്കാരനായി രാജസ്ഥാന്‍ റോയല്‍സ് ടീമിലെത്തിച്ചത്. സൗത്ത് ആഫ്രിക്കന്‍ ടി-20 ഫ്രാഞ്ചൈസി ലീഗായ എസ്.എ 20യില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ സഹോദര ഫ്രാഞ്ചൈസിയായ പാള്‍ റോയല്‍സിന്റെ താരമാണ് പ്രിട്ടോറിയസ്.

ലുവാന്‍ ഡ്രെ പ്രിട്ടോറിയസ്

ഇപ്പോള്‍ സൂപ്പര്‍ താരം സന്ദീപ് ശര്‍മയും പരിക്കേറ്റ് പുറത്തായിരിക്കുകയാണെന്ന നിരാശജനകമായ വാര്‍ത്തകളാണ് രാജസ്ഥാന്‍ റോയല്‍സ് ക്യാമ്പില്‍ നിന്നും പുറത്തുവരുന്നത്. കൈവിരലിനേറ്റ പരിക്കിന് പിന്നാലെയാണ് സന്ദീപ് ശര്‍മ പുറത്തായിരിക്കുന്നത്.

ഈ സീസണില്‍ അത്ര കണ്ട് മികച്ച പ്രകടനം പുറത്തെടുക്കാന്‍ സന്ദീപ് ശര്‍മയ്ക്ക് സാധിച്ചിരുന്നില്ല. പത്ത് മത്സരത്തില്‍ നിന്നും വെറും ഒമ്പത് വിക്കറ്റ് മാത്രമാണ് താരത്തിന് സ്വന്തമാക്കാന്‍ സാധിച്ചത്. 40.11 എന്ന മോശം ശരാശരിയും 24.33 എന്ന സ്‌ട്രൈക്ക് റേറ്റുമാണ് ഈ സീസണില്‍ സന്ദീപ് ശര്‍മയ്ക്കുള്ളത്.

അതേസമയം, ഐ.പി.എല്‍ ചരിത്രത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ഓവറും സന്ദീപ് ശര്‍മയെറിഞ്ഞിരുന്നു. ദല്‍ഹി ക്യാപ്പിറ്റല്‍സിനെതിരെ സൂപ്പര്‍ ഓവറില്‍ രാജസ്ഥാന്‍ റോയല്‍സ് പരാജയപ്പെട്ട മത്സരത്തിന്റെ 20ാം ഓവറില്‍ 11 പന്തുകളാണ് സന്ദീപ് ശര്‍മയെറിഞ്ഞത്. WD, 0, WD, WD, WD, 2NB, 4, 6, 1, 1, 1 എന്നിങ്ങനെയായിരുന്നു 20ാം ഓവറില്‍ താരം പന്തെറിഞ്ഞത്.

രാജസ്ഥാന്‍ ഇപ്പോള്‍ ടീമിലെത്തിച്ച നാന്ദ്രേ ബര്‍ഗര്‍ ഇതിന് മുമ്പും ടീമിനൊപ്പം കളിച്ചിട്ടുണ്ട്. 2023 ഡിസംബറില്‍ നടന്ന മിനി ലേലത്തിലാണ് ബര്‍ഗര്‍ രാജസ്ഥാന്‍ റോയല്‍സിലെത്തുന്നത്. മിനി ലേലത്തില്‍ രാജസ്ഥാന്‍ സ്വന്തമാക്കിയ അഞ്ച് താരങ്ങളില്‍ ഒരാളായിരുന്നു ബര്‍ഗര്‍. 50 ലക്ഷമായിരുന്നു താരത്തിനായി രാജസ്ഥാന്‍ മിനി ലേലത്തില്‍ ചെലവഴിച്ചത്.

ടീമിനായി ആറ് മത്സരങ്ങളില്‍ നിന്നും ഏഴ് വിക്കറ്റുകള്‍ ബര്‍ഗര്‍ സ്വന്തമാക്കിയിട്ടുണ്ട്. 20.71 ശരാശരിയിലും 14.57 സ്‌ട്രൈക്ക് റേറ്റിലും പന്തെറിയുന്ന താരത്തിന്റെ ഏറ്റവും മികച്ച ബൗളിങ് ഫിഗര്‍ 29/2 ആയിരുന്നു. കഴിഞ്ഞ സീസണില്‍ രാജസ്ഥാന് വേണ്ടി ഏറ്റവുമധികം വിക്കറ്റ് നേടിയ താരങ്ങളില്‍ ആറാം സ്ഥാനത്തും ബര്‍ഗര്‍ എത്തിയിരുന്നു.

ടൂര്‍ണമെന്റില്‍ 153 കിലോമീറ്റര്‍ വേഗതയില്‍ പന്തെറിഞ്ഞും ബര്‍ഗര്‍ ആരാധകരെ ഞെട്ടിച്ചിരുന്നു.

നിലവില്‍ പോയിന്റ് പട്ടികയില്‍ ഒമ്പതാം സ്ഥാനത്തുള്ള രാജസ്ഥാന്‍ റോയല്‍സ് സീസണില്‍ നിന്നും ഇതിനോടകം തന്നെ പുറത്തായിരിക്കുകയാണ്. മെയ് 12നാണ് രാജസ്ഥാന്‍ റോയല്‍സിന്റെ അടുത്ത മത്സരം. എം.എ. ചിദംബരം സ്‌റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ഹോം ടീമും പോയിന്റ് പട്ടികയിലെ അവസാന സ്ഥാനക്കാരുമായ ചെന്നൈ സൂപ്പര്‍ കിങ്‌സാണ് എതിരാളികള്‍.

Content Highlight: IPL 2025: Rajasthan Royals announced Nandre Burger as Sandeep Sharma’s replacement

We use cookies to give you the best possible experience. Learn more