ഐ.പി.എല്ലില്‍ ആശ്വാസ ജയം തേടിയിറങ്ങിയ രാജസ്ഥാന്‍ റോയല്‍സ് കഴിഞ്ഞ ദിവസം നടന്ന മത്സരത്തിലും പരാജയപ്പെട്ടിരുന്നു. സ്വന്തം ഹോം ഗ്രൗണ്ടായ സവായ് മാന്‍സിങ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ പഞ്ചാബ് കിങ്സിനോട് പത്ത് റണ്‍സിന്റെ തോല്‍വിയാണ് റോയല്‍സ് വഴങ്ങിയത്.
പഞ്ചാബ് ഉയര്‍ത്തിയ 220 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ രാജസ്ഥാന്‍ റോയല്‍സിന് നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 209 റണ്‍സ് മാത്രമാണ് നേടാന്‍ സാധിച്ചത്. ഇത് എട്ടാം തവണയാണ് രാജസ്ഥാന്‍ ഈ സീസണില്‍ വിജയലക്ഷ്യം പിന്തുടരുന്നതിനിടെ പരാജയപ്പെടുന്നത്.
ഒരിക്കല്‍ കൂടി രാജസ്ഥാന്റെ ഫിനിഷര്‍മാരായ ധ്രുവ് ജുറെലിനും ഷിംറോണ്‍ ഹെറ്റ്‌മെയറിനും റോയല്‍സിനെ വിജയത്തിലെത്തിക്കാനായില്ല. ഈ സീസണില്‍ നാലോ അഞ്ചോ മത്സരങ്ങളില്‍ ചെറിയ മാര്‍ജിനില്‍ ടീം പരാജയപ്പെട്ടിരുന്നു. ഇതില്‍ ആരാധകര്‍ ധ്രുവ് ജുറെലിനെ വലിയ രീതിയില്‍ വിമര്‍ശനങ്ങള്‍ ഉന്നയിച്ചിരുന്നു.
ഇപ്പോള്‍ താരത്തെ പിന്തുണച്ച് സംസാരിക്കുകയാണ് രാജസ്ഥാന്‍ റോയല്‍സ് പരിശീലകന്‍ രാഹുല്‍ ദ്രാവിഡ്.
എല്ലാ മത്സരത്തിലും ജുറെല്‍ ക്രീസിലെത്തുമ്പോള്‍ ഒരു ഓവറില്‍ 13-14 റണ്‍സ് നിലയിലാണ് ഉണ്ടാകാറുള്ളതെന്നും അത് എളുപ്പമുള്ള കാര്യമല്ലെന്നും ദ്രാവിഡ് പറഞ്ഞു.
ഒരു ഓവറില്‍ ഏഴ് റണ്‍സ് ആവശ്യമാണെന്ന നിലയിലുള്ളപ്പോള്‍ അല്ല അവന്‍ പരാജയപ്പെടുന്നതെന്നും ബാറ്റ് ചെയ്യാന്‍ ബുദ്ധിമുട്ടുള്ള പൊസിഷനായ അഞ്ചാം നമ്പറില്‍ ജുറെല്‍ നല്ല പ്രകടനം കാഴ്ചവെച്ചെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മത്സരത്തിന് ശേഷമുള്ള വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു രാഹുല്‍ ദ്രാവിഡ്.
‘എല്ലാ മത്സരത്തിലും ജുറെല്‍ ക്രീസിലെത്തുമ്പോള്‍ ഒരു ഓവറില്‍ 13-14 റണ്‍സ് നിലയിലാണ് ഉണ്ടാകാറുള്ളത്. അത് എളുപ്പമുള്ള കാര്യമല്ല. മധ്യ ഓവറുകളില്‍ നിരവധി വിക്കറ്റുകള്‍ നഷ്ടപ്പെട്ടിട്ടും, ടീമിനെ ലക്ഷ്യത്തിലേക്ക് അടുപ്പിക്കാന്‍ അവന് കഴിഞ്ഞു.
ഒരു ഓവറില്‍ ഏഴ് റണ്‍സ് ആവശ്യമാണെന്ന നിലയിലുള്ളപ്പോള്‍ അല്ല അവന്‍ പരാജയപ്പെടുന്നത്. ഇത് എല്ലായ്‌പ്പോഴും 12-13 റണ്‍സോ അതിലും കൂടുതലോ ആണ്. അഞ്ചാം സ്ഥാനത്ത് ബാറ്റ് ചെയ്യുന്നത് ബുദ്ധിമുട്ടുള്ള ഒരു പൊസിഷനാണ്, പക്ഷേ ജുറെല്‍ അത് നന്നായി കൈകാര്യം ചെയ്തിട്ടുണ്ട്,’ ദ്രാവിഡ് പറഞ്ഞു.
ഈ സീസണില്‍ ബാറ്റിങ്ങില്‍ മികച്ച തുടക്കങ്ങള്‍ ലഭിച്ചെങ്കിലും മുതലാക്കാനായില്ലെന്നും തങ്ങള്‍ എക്‌സ്ട്രാ 15 – 20 റണ്‍സ് വിട്ടുനല്‍കിയെന്നും ദ്രാവിഡ് പറഞ്ഞു. ബാറ്റര്‍മാരെ മാത്രം കുറ്റപ്പെടുത്തുന്നതാനാവില്ലെന്നും തങ്ങള്‍ക്ക് വേണ്ടത്ര വിക്കറ്റുകള്‍ വീഴ്ത്താനോ റണ്‍സ് നിയന്ത്രിക്കാനോ കഴിഞ്ഞില്ലെന്നും പരിശീലകന്‍ കൂട്ടിച്ചേര്‍ത്തു.
‘ഞങ്ങള്‍ ജയത്തോട് അടുത്തെത്തിയെങ്കിലും അത് നേടിയെടുക്കാനായില്ല. ബാറ്റിങ്ങില്‍ നല്ല തുടക്കങ്ങള്‍ ലഭിച്ചെങ്കിലും അത് മുതലാക്കാനോ വലിയ ഷോട്ടുകള്‍ അടിച്ച് ലോവര്‍ മിഡില്‍ ഓഡറിന് ഫിനിഷ് ചെയ്യാനോ കഴിഞ്ഞില്ല.
ഇത് അഞ്ചാമത്തെ മത്സരമാണ് ചെറിയ റണ്‍സിന് പരാജയപ്പെടുന്നത്. അവസാന ഘട്ടത്തില്‍ ഞങ്ങള്‍ക്ക് നേടാന്‍ കഴിയാത്ത ഒന്നോ രണ്ടോ ഹിറ്റുകളാണിത്. ബാറ്റര്‍മാരെ മാത്രം കുറ്റപ്പെടുത്തുന്നതില്‍ അര്‍ത്ഥമില്ല. ഈ സീസണില്‍ ഞങ്ങള്‍ എക്‌സ്ട്രാ 15 – 20 റണ്‍സ് വിട്ടുനല്‍കി.
മികച്ച തുടക്കമുണ്ടായിട്ടും ഞങ്ങള്‍ക്ക് വേണ്ടത്ര വിക്കറ്റുകള്‍ വീഴ്ത്താനോ റണ്‍സ് നിയന്ത്രിക്കാനോ കഴിഞ്ഞിട്ടില്ല. അടുത്ത സീസണിലേക്ക് നമ്മള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളാണിത്,’ ദ്രാവിഡ് പറഞ്ഞു.
Content Highlight: IPL 2025: Rajastan Royals coach Rahul Dravid talks in support of Dhruv Jurel