| Wednesday, 21st May 2025, 9:41 am

സീസണില്‍ ഏറ്റവും കൂടുതല്‍ സിക്‌സര്‍ അടിച്ചവര്‍, പക്ഷെ പോരായ്മകള്‍ ഉണ്ട്; തുറന്ന് പറഞ്ഞ് രാഹുല്‍ ദ്രാവിഡ്

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്ലില്‍ കഴിഞ്ഞ ദിവസം (ചൊവ്വ) നടന്ന മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരെ തകര്‍പ്പന്‍ വിജയമാണ് രാജസ്ഥാന്‍ സ്വന്തമാക്കിയത്. അരുണ്‍ ജെയ്റ്റ്‌ലി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ആറ് വിക്കറ്റിനാണ് രാജസ്ഥാന്‍ വിജയിച്ചത്. ഇതോടെ സീസണില്‍ ഒമ്പതാം സ്ഥാനക്കാരായാണ് സഞ്ജുവും സംഘവും കളം വിട്ടത്.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ സൂപ്പര്‍ കിങ്‌സ് ഉയര്‍ത്തിയ 188 റണ്‍സിന്റെ വിജയലക്ഷ്യം 17 പന്ത് ശേഷിക്കെ മറികടക്കുകയായിരുന്നു രാജസ്ഥാന്‍. മത്സരത്തിലെ വിജയത്തിന് ശേഷം രാജസ്ഥാന്‍ പരിശീലകന്‍ രാഹുല്‍ ദ്രാവിഡ് സംസാരിച്ചിരുന്നു. സീസണില്‍ ടീം മികവ് പുലര്‍ത്തിയ മേഖലകളെയും മോശം പ്രകടനം കാഴ്ചവെക്കാനുണ്ടായ കാരണങ്ങളേയും ദ്രാവിഡ് ചൂണ്ടിക്കാട്ടി. മാത്രമല്ല അടുത്ത സീസണിന് മുന്നോടിയായി പിഴവുകള്‍ പരിഹരിച്ച് തിരിച്ചുവരുമെന്നും മുന്‍ താരം പറഞ്ഞു.

‘ഈ കണക്കുകളൊന്ന് നോക്കൂ, സീസണില്‍ ഏറ്റവും കൂടുതല്‍ സിക്‌സറുകള്‍ അടിച്ചത് ഞങ്ങളാണ് (148 സിക്‌സുകളാണ് രാജസ്ഥാന്‍ സീസണില്‍ നേടിയത്), എന്നാല്‍ ഏറ്റവും ഉയര്‍ന്ന ഡോട്ട് ബോള്‍ ശതമാനവും ഞങ്ങള്‍ രേഖപ്പെടുത്തി. ഞങ്ങള്‍ ഒരു നല്ല സിക്‌സ് ഹിറ്റിങ് ടീമാണ്, മറ്റെല്ലാ ഫ്രാഞ്ചൈസികളും ഈ മേഖലയില്‍ മികവ് പുലര്‍ത്താന്‍ ആഗ്രഹിക്കുന്നു. സാഹചര്യം ആവശ്യപ്പെടുമ്പോഴെല്ലാം മികച്ച പ്രകടനം കാഴ്ചവെക്കാന്‍ കഴിയുന്ന ബാറ്റര്‍മാര്‍ ഞങ്ങളുടെ ടീമിലുണ്ട്,

മധ്യ ഓവറുകളിലായിരുന്നു ഞങ്ങള്‍ക്ക് പ്രശ്‌നം. അവിടെ ഞങ്ങള്‍ നന്നായി കുടുങ്ങിയെന്ന് ഞാന്‍ കരുതുന്നു. 7-15 ഓവറുകള്‍ വരെ ഞങ്ങള്‍ക്ക് റണ്‍സ് നേടാനും സ്‌ട്രൈക്ക് റൊട്ടേറ്റ് ചെയ്യാനും സാധിച്ചില്ല. ഇത് ബാറ്റര്‍മാരെ സമ്മര്‍ദത്തിലാക്കി, വലിയ ഷോട്ടുകള്‍ കളിക്കാന്‍ തുടങ്ങിയപ്പോള്‍ അവരുടെ വിക്കറ്റുകള്‍ നഷ്ടപ്പെടുന്നതിന് കാരണമായി. അടുത്ത സീസണിന് മുമ്പ് ഞങ്ങള്‍ ഈ മേഖലയില്‍ മികവ് പുലര്‍ത്തും,’ ദ്രാവിഡ് പറഞ്ഞു.

മാത്രമല്ല ബൗളിങ്ങിലെ മോശം പ്രകടനത്തെയും ദ്രാവിഡ് എടുത്ത് പറഞ്ഞു. യുവ ടീമാണെങ്കിലും ബൗളിങ് യൂണിറ്റിലെ ആശങ്കകള്‍ പരിഹരിക്കണമെന്നും സീസണില്‍ സ്ഥിരതയോടെ പന്തെറിയാന്‍ കളിക്കാര്‍ക്ക് സാധിച്ചില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘ഞങ്ങള്‍ ഒരു യുവ ടീമാണ്, എന്നിരുന്നാലും ബൗളിങ് യൂണിറ്റിലെ ആശങ്ക പരിഹരിക്കേണ്ടതുണ്ട്. ഞങ്ങള്‍ സ്ഥിരതയോടെ പന്തെറിഞ്ഞില്ല, മറ്റെല്ലാ മത്സരങ്ങളിലും അധിക റണ്‍സ് വിട്ടുകൊടുത്തു. ഐ.പി.എല്ലിന്റെ അടുത്ത സീസണിന് മുമ്പ് കളിക്കാര്‍ ധാരാളം കാര്യങ്ങള്‍ പഠിക്കുമെന്നും അവര്‍ മികച്ച രീതിയില്‍ തയ്യാറാകുമെന്നും ഞാന്‍ പ്രതീക്ഷിക്കുന്നു,’ മുന്‍ താരം പറഞ്ഞു.

Content Highlight: IPL 2025: Rahul Dravid Talking About In Rajasthan Royals

We use cookies to give you the best possible experience. Learn more