| Thursday, 29th May 2025, 12:25 pm

കോടിക്കണക്കിന് ആളുകള്‍ക്ക് മുമ്പില്‍ പന്ത് അവനെ അധിക്ഷേപിച്ചു; മങ്കാദിങ്ങിനെ കുറിച്ച് അശ്വിന്‍

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്‍ 2025ലെ അവസാന ലീഗ് മത്സരത്തില്‍ ലഖ്നൗ സൂപ്പര്‍ ജയന്റ്‌സ് ബൗളര്‍ ദിഗ്വേഷ് സിങ് മങ്കാദിങ് നടത്തിയതും നായകന്‍ റിഷബ് പന്ത് വിക്കറ്റ് വേണ്ടെന്ന് വെച്ചതും വലിയ ശ്രദ്ധ നേടിയിരുന്നു. ലഖ്നൗവും റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവും തമ്മിലുള്ള മത്സരത്തിലെ 17ാം ഓവറിലാണ് ഈ സംഭവം നടന്നത്.

ദിഗ്വേഷ് ഓവറിലെ അവസാന പന്ത് എറിയാനെത്തിയപ്പോള്‍ നോണ്‍ സ്ട്രൈക്കര്‍ എന്‍ഡിലുണ്ടായിരുന്ന ജിതേഷ് ശര്‍മ ക്രീസ് വിട്ടിറങ്ങിയതോടെ താരം റൺ ഔട്ടാക്കുകയായിരുന്നു. ജിതേഷ് പുറത്തായിട്ടുണ്ടോ എന്ന് അറിയാന്‍ ഫീല്‍ഡ് അമ്പയര്‍ റിവ്യൂ എടുത്തെങ്കിലും റിഷബ് പന്ത് റിവ്യൂ വേണ്ടെന്ന് വെച്ചിരുന്നു.

ഇപ്പോള്‍ ഇതില്‍ പ്രതികരിച്ച് രംഗത്ത് വന്നിരിക്കുകയാണ് ഇന്ത്യന്‍ സ്പിന്നര്‍ ആര്‍. അശ്വിന്‍. പന്ത് റിവ്യൂ പിന്‍വലിച്ചത് ശരിയായില്ലെന്നും കോടിക്കണക്കിന് ആളുകളുടെ മുന്നില്‍ ദിഗവേഷിനെ അവന്റെ ക്യാപ്റ്റന്‍ വിമര്‍ശിച്ചെന്നും അദ്ദേഹം പറഞ്ഞു.

പന്ത് ചെയ്തത് അല്‍പ്പം കൂടി പോയെന്നും ഒരു ക്യാപ്റ്റന്റെ ജോലി ബൗളറെ പിന്തുണയ്ക്കുക എന്നതാണെന്നും ഇന്ത്യന്‍ സ്പിന്നര്‍ കൂട്ടിച്ചേര്‍ത്തു. തന്റെ യൂട്യൂബ് ചാനലില്‍ സംസാരിക്കുകയായിരുന്നു ആര്‍. അശ്വിന്‍.

‘ലഖ്നൗ ഉടമയെന്ന രീതിയില്‍ എനിക്ക് ജിതേഷ് ശര്‍മയുടെ വിക്കറ്റ് വേണമെന്നാണ് ഞാന്‍ ചിന്തിക്കുക. ജിതേഷ് ക്രീസിന് പുറത്താണെങ്കില്‍ അവന്‍ ഔട്ടാണ്. ദിഗ്വേഷ് ഡെലിവറി സ്‌ട്രൈഡിലേക്ക് കടക്കുന്നതിന് മുമ്പ് അദ്ദേഹം ക്രീസിന് പുറത്ത് കാലെടുത്തുവച്ചാല്‍ അത് തീര്‍ച്ചയായും ഔട്ടും അത് ബെംഗളൂരുവിന് ദോഷമാവുകയും ചെയ്യുമായിരുന്നു.

ഇനി യഥാര്‍ത്ഥ സാഹചര്യം നോക്കാം. രതി തന്റെ മുന്‍ കാല്‍ നിലത്ത് വെക്കുമ്പോള്‍ ജിതേഷ് ക്രീസിനുള്ളിലായിരുന്നു. സ്റ്റമ്പില്‍ പന്ത് വെച്ചതിന് ശേഷം ദിഗ്വേഷ് അപ്പീല്‍ ചെയ്തു. അത് വരെ എല്ലാം ശരിയായിരുന്നു.

അതിന് ശേഷം പന്ത് അപ്പീല്‍ പിന്‍വലിച്ചു. എന്തൊരു അതിശയകരമായ സ്‌പോര്‍ട്‌സ്മാന്‍ സ്പിരിറ്റ്! നിങ്ങള്‍ അവന്റെ ക്യാപ്റ്റനാണ്. കോടിക്കണക്കിന് ആളുകളുടെ മുന്നില്‍ അവന്റെ ക്യാപ്റ്റന്‍ അവനെ വിമര്‍ശിച്ചു. പന്ത് ചെയ്തത് അല്‍പ്പം കൂടി പോയി. ഒരു ക്യാപ്റ്റന്റെ ജോലി ബൗളറെ പിന്തുണയ്ക്കുക എന്നതാണ്. അവരെ സ്വയം ചെറുതാണെന്ന് തോന്നിപ്പിക്കരുത്,’ അശ്വിന്‍ പറഞ്ഞു.

കോടിക്കണക്കിന് ആളുകളുടെ മുന്നില്‍ ആ ചെറുപ്പക്കാരനെ ഇങ്ങനെ അധിക്ഷേപിക്കുന്നത് നിര്‍ത്തൂവെന്നും അശ്വിന്‍ പറഞ്ഞു. പന്ത് ചെയ്തത് ഒരു അപമാനമാണെന്നും അത് ദിഗവേഷിനെ വല്ലാതെ വേദനിപ്പിച്ചെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘കോടിക്കണക്കിന് ആളുകളുടെ മുന്നില്‍ ആ ചെറുപ്പക്കാരനെ ഇങ്ങനെ അധിക്ഷേപിക്കുന്നത് നിര്‍ത്തൂ. നമ്മള്‍ മറ്റാരോടെങ്കിലും അങ്ങനെ ചെയ്യുമായിരുന്നോ? ഒരു ബൗളര്‍ ചെറുതായി കാണപ്പെടേണ്ടതിന്റെ ആവശ്യകത എന്താണ്? ഇത് യഥാര്‍ത്ഥത്തില്‍ ഒരു അപമാനമാണ്. ഇനി ഒരിക്കലും അവന്‍ ഇത് ചെയ്യില്ല. അത് അവനെ വല്ലാതെ വേദനിപ്പിച്ചു,’ അശ്വിന്‍ പറഞ്ഞു.

Content Highlight: IPL 2025: R Ashwin criticizes Rishabh Pant for humiliating Digvesh Singh in match between LSG vs RCB

We use cookies to give you the best possible experience. Learn more