| Sunday, 1st June 2025, 10:47 pm

മഴ മാറി മത്സരം തുടങ്ങിയില്ല, അപ്പോഴേക്കും നാണക്കേടിന്റെ റെക്കോഡ്; എന്നാലും എന്റെ ഹിറ്റ്മാനേ..

സ്പോര്‍ട്സ് ഡെസ്‌ക്

അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ ഐ.പി.എല്‍ 2025ന്റെ രണ്ടാം ക്വാളിഫയര്‍ മത്സരം ആരംഭിച്ചിരിക്കുകയാണ്. ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നേടിയ ശ്രേയസ് അയ്യര്‍ എതിരാളികളെ ബാറ്റിങ്ങിനയച്ചു.

ആദ്യ ക്വാളിഫയറില്‍ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിനോട് പരാജയപ്പെട്ടാണ് പഞ്ചാബ് കിങ്സ് രണ്ടാം ക്വാളിഫയറിനെത്തിയത്. അതേസമയം എലിമിനേറ്ററില്‍ ഗുജറാത്ത് ടൈറ്റന്‍സിനെ തകര്‍ത്താണ് മുംബൈ ഫൈനല്‍ ലക്ഷ്യമിട്ട് കളത്തിലിറങ്ങുന്നത്.

മഴ കാരണം രണ്ടര മണിക്കൂറിലധികം വൈകിയാണ് മത്സരത്തിലെ ആദ്യ പന്തെറിഞ്ഞത്. എന്നാല്‍ ടൈറ്റന്‍സിനെതിരെ നേടിയ മുന്‍തൂക്കം പഞ്ചാബിനെതിരെ നേടാന്‍ മുംബൈ ഇന്ത്യന്‍സിന്റെ വെടിക്കെട്ട് ഓപ്പണിങ് ജോഡിക്ക് സാധിച്ചില്ല.

കഴിഞ്ഞ മത്സരത്തില്‍ ടീമിന്റെ ടോപ് സ്‌കോററായ രോഹിത് ശര്‍മ ഏഴ് പന്തില്‍ എട്ട് റണ്‍സ് നേടിയാണ് പുറത്തായത്. മാര്‍കസ് സ്റ്റോയ്‌നിസിന്റെ പന്തില്‍ ബൗണ്ടറി ലൈനിന് സമീപം വൈശാഖ് വിജയ് കുമാറിന് ക്യാച്ച് നല്‍കിയായിരുന്നു ഹിറ്റാകാതെ ഹിറ്റ്മാന്റെ മടക്കം.

ഇതോടെ ഒരു മോശം റെക്കോഡും രോഹിത്തിന്റെ പേരില്‍ കുറിക്കപ്പെട്ടു. ഐ.പി.എല്‍ നോക്ക്ഔട്ട് മത്സരങ്ങളില്‍ ഏറ്റവുമധികം തവണ ഒറ്റയക്കത്തിന് പുറത്താകുന്ന താരമെന്ന അനാവശ്യ നേട്ടമാണ് രോഹിത് സ്വന്തമാക്കിയത്. ഇത് ഒമ്പതാം തവണയാണ് രോഹിത് നോക്ക്ഔട്ടുകളില്‍ ഇരട്ടയക്കം കാണാതെ പുറത്താകുന്നത്.

ഐ.പി.എല്‍ നോക്ക്ഔട്ടുകളില്‍ ഏറ്റവുമധികം തവണ ഒറ്റയക്കത്തിന് പുറത്തായ താരങ്ങള്‍

(താരം – എത്ര തവണ ഒറ്റയക്കത്തിന് പുറത്തായി എന്നീ ക്രമത്തില്‍)

രോഹിത് ശര്‍മ – 9*

സുരേഷ് റെയ്‌ന – 9

അംബാട്ടി റായിഡു – 7

ദിനേഷ് കാര്‍ത്തിക് – 7

അതേസമയം, ബാറ്റിങ് തുടരുന്ന മുംബൈ ഇന്ത്യന്‍സിന് ജോണി ബെയര്‍സ്‌റ്റോയുടെ വിക്കറ്റും ഇതിനോടകം തന്നെ നഷ്ടപ്പെട്ടു. 24 പന്തില്‍ 38 റണ്‍സുമായാണ് ഇംഗ്ലണ്ട് വിക്കറ്റ് കീപ്പര്‍ മടങ്ങിയത്. വൈശാഖ് വിജയ്കുമാറിന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ ജോഷ് ഇംഗ്‌സിന്റെ കയ്യിലൊതുങ്ങിയാണ് താരം തിരിച്ചുനടന്നത്.

നിലവില്‍ ഒമ്പത് ഓവര്‍ പിന്നിടുമ്പോള്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 88 എന്ന നിലയിലാണ് മുംബൈ. 19 പന്തില്‍ 31 റണ്‍സുമായി തിലക് വര്‍മയും ആറ് പന്തില്‍ മൂന്ന് റണ്ണുമായി സൂര്യകുമാര്‍ യാദവുമാണ് ക്രീസില്‍.

മുംബൈ ഇന്ത്യന്‍സ് പ്ലെയിങ് ഇലവന്‍

രോഹിത് ശര്‍മ, ജോണി ബെയര്‍സ്‌റ്റോ (വിക്കറ്റ് കീപ്പര്‍), സൂര്യകുമാര്‍ യാദവ്, തിലക് വര്‍മ, ഹര്‍ദിക് പാണ്ഡ്യ (ക്യാപ്റ്റന്‍), നമന്‍ ധിര്‍, മിച്ചല്‍ സാന്റ്‌നര്‍, രാജ് ബാവ, ട്രെന്റ് ബോള്‍ട്ട്, ജസ്പ്രീത് ബുംറ, റീസ് ടോപ്‌ലി.

പഞ്ചാബ് കിങ്‌സ് പ്ലെയിങ് ഇലവന്‍

പ്രിയാന്‍ഷ് ആര്യ, ജോഷ് ഇംഗ്ലിസ് (വിക്കറ്റ് കീപ്പര്‍), ശ്രേയസ് അയ്യര്‍ (ക്യാപ്റ്റന്‍), നേഹല്‍ വധേര, മാര്‍കസ് സ്റ്റോയ്‌നിസ്, ശശാങ്ക് സിങ്, അസ്മത്തുള്ള ഒമര്‍സായ്, കൈല്‍ ജാമൈസണ്‍, വൈശാഖ് വിജയ് കുമാര്‍, യൂസ്വേന്ദ്ര ചഹല്‍, അര്‍ഷ്ദീപ് സിങ്.

Content Highlight: IPL 2025: Qualifier 2: MI vs PBKS: Rohit Sharma out for 8 runs

We use cookies to give you the best possible experience. Learn more