| Thursday, 8th May 2025, 10:11 pm

യുദ്ധസമാന സാഹചര്യം; സ്‌റ്റേഡിയത്തിലെ ലൈറ്റുകള്‍ അണച്ചു, കാണികളെ ഒഴിപ്പിച്ചു; പഞ്ചാബ് - ദല്‍ഹി മത്സരം ഉപേക്ഷിച്ചു

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്‍ 2025ലെ ദല്‍ഹി ക്യാപ്പിറ്റല്‍സ് – പഞ്ചാബ് കിങ്‌സ് മത്സരം ഉപേക്ഷിച്ചു. അതിര്‍ത്തിയില്‍ പാകിസ്ഥാന്‍ പ്രകോപനം സൃഷ്ടിക്കുകയും സാഹചര്യം പ്രതികൂലമാവുകയും ചെയ്തതിന് പിന്നാലെയാണ് മത്സരം ഉപേക്ഷിച്ചത്.

സ്റ്റേഡിയത്തിലെ എല്ലാ ഫ്‌ളൈഡ് ലൈറ്റുകളും അണയ്ക്കുകയും എല്ലാ കാണികളെയും സുരക്ഷിതമായി ഒഴിപ്പിക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് മത്സരം പൂര്‍ണമായും ഉപേക്ഷിക്കാന്‍ തീരുമാനിച്ചത്.

ധര്‍മശാലയിലെ മത്സരം മറ്റൊരു വേദിയിലേക്ക് മാറ്റണമെന്ന് ആവശ്യമുയര്‍ന്നിരുന്നെങ്കിലും ഇവിടെ വെച്ച് തന്നെ മത്സരം സംഘടിപ്പിക്കാമെന്ന് അപെക്‌സ് ബോര്‍ഡ് തീരുമാനിക്കുകയായിരുന്നു.

മഴമൂലം ടോസ് വൈകിയ മത്സരത്തില്‍ മികച്ച തുടക്കമാണ് ലഭിച്ചത്. പത്ത് ഓവറില്‍ 120 റണ്‍സാണ് ഓപ്പണര്‍മാര്‍ അടിച്ചെടുത്തത്. പ്രഭ്‌സിമ്രാന്‍ സിങ്ങും പ്രിയാന്‍ഷ് ആര്യയും അര്‍ധ സെഞ്ച്വറി നേടിയിരുന്നു.

10.1 ഓവറില്‍ ടി. നടരാജന് വിക്കറ്റ് നല്‍കി പ്രിയാന്‍ഷ് പുറത്തായി. 34 പന്തില്‍ 70 റണ്‍സ് നേടി നില്‍ക്കവെയാണ് പ്രിയാന്‍ഷ് മടങ്ങിയത്. ശ്രേയസ് കളത്തിലിറങ്ങിയതിന് പിന്നാലെയാണ് മത്സരം ഉപേക്ഷിക്കാന്‍ തീരുമാനിച്ചത്.

അതേസമയം ജമ്മു കശ്മീരില്‍ ആക്രമണം ശക്തമാക്കിയിരിക്കുകയാണ് പാകിസ്താന്‍. ഡ്രോണും യുദ്ധവിമാനങ്ങളും ഉപയോഗിച്ചുള്ള ആക്രമണമാണ് പാകിസ്ഥാന്‍ നടത്തുന്നത്. എന്നാല്‍ ഈ ശ്രമങ്ങളെല്ലാം ഇന്ത്യന്‍ സൈന്യം തകര്‍ത്തിരിക്കുകയാണ്.

67 ഓളം ഡ്രോണുകള്‍ സേന വെടിവെച്ചിട്ടതായാണ് റിപ്പോര്‍ട്ടുകള്‍. പാകിസ്ഥാന്റെ എഫ് 16 വിമാനം ഇന്ത്യ വെടിവെച്ചിട്ടു. പാകിസ്താന്റെ രണ്ട് ജെ എസ് 17 വിമാനങ്ങളും തകര്‍ത്തു.

Content Highlight: IPL 2025: Punjab Kings vs Delhi Capitals: Match ended in no result

We use cookies to give you the best possible experience. Learn more