കുട്ടി ക്രിക്കറ്റ് മാമാങ്കത്തിന് വിരാമമായിരിക്കുകയാണ്. ആരാധകര്‍ക്ക് ആവേശവും ആഹ്ലാദവും മാത്രമല്ല, എട്ടാം ചാമ്പ്യനെ കൂടി സമ്മാനിച്ചാണ് ടൂര്‍ണമെന്റിന് തിരശീല വീണിരിക്കുന്നത്. റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിന്റെ കന്നി കിരീടം എന്ന മോഹം പൂവണിയിച്ചാണ് ഇത്തവണ ഐ.പി.എല്‍ പൂരത്തിന് കൊടിയിറങ്ങുന്നത്.
18 വര്‍ഷത്തെ കാത്തിരിപ്പിനും കണ്ണീരിനും പരിഹാസങ്ങള്‍ക്കും വിരാമമിട്ടാണ് ആര്‍.സി.ബിയും ടീമിന്റെ അതികായകനായ വിരാട് കോഹ്ലിയും കനക കിരീടത്തില്‍ ആദ്യ മുത്തം നല്‍കിയത്. ഈ ജൈത്രയാത്രയില്‍ പൊലിഞ്ഞതാകട്ടെ പഞ്ചാബ് കിങ്‌സിന്റെ കന്നി കിരീടമെന്ന മോഹവും.
ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയത്തില്‍ നടന്ന കലാശ പോരില്‍ ആറ് റണ്‍സിന്റെ തോല്‍വി വഴങ്ങിയാണ് പഞ്ചാബ് റണ്ണേഴ്സ് അപ്പായത്. കിരീടത്തിനായുള്ള പോരാട്ടത്തില്‍ കാലിടറിയെങ്കിലും ഒരു സൂപ്പര്‍ നേട്ടം സ്വന്തമാക്കാന്‍ പഞ്ചാബിന് സാധിച്ചു.
ഒരു ഐ.പി.എല്‍ സീസണില്‍ ബാറ്റുകൊണ്ട് 3000 റണ്‍സ് പൂര്‍ത്തിയാക്കുന്ന ആദ്യ ടീമെന്ന നേട്ടമാണ് പഞ്ചാബ് കിങ്‌സിന് സ്വന്തമാക്കാനായത്. കഴിഞ്ഞ സീസണില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദും 2023ല്‍ ഗുജറാത്ത് ടൈറ്റന്‍സും നേടിയ 2906 റണ്‍സായിരുന്നു ഇതുവരെയുള്ള ഉയര്‍ന്ന സ്‌കോര്‍.
(ടീം – റണ്‍സ് – വര്‍ഷം എന്നീ ക്രമത്തില്‍)
പഞ്ചാബ് കിങ്സ് – 3000 – 2025
ഗുജറാത്ത് ടൈറ്റന്‍സ് – 2906 – 2023
സണ്‍റൈസേഴ്സ് ഹൈദരാബാദ് – 2906 – 2025
റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു – 2863 – 2016
മുംബൈ ഇന്ത്യന്‍സ് – 2845 – 2013
പഞ്ചാബ് കിങ്സ് – 2824 – 2014
ശ്രേയസ് അയ്യരുടെ കീഴില്‍ മികച്ച പ്രകടനങ്ങള്‍ പുറത്തെടുത്തതാണ് പഞ്ചാബ് ഈ നേട്ടത്തിലെത്തിയത്. യുവതാരങ്ങളുടെ നീണ്ട നിരയുമായാണ് കിങ്സ് ഇത്രയും റണ്‍സ് അടിച്ചു കൂട്ടിയത് എന്നാണ് ശ്രദ്ധേയം.
Content Highlight: IPL 2025: Punjab Kings has became the first team to score 3000 runs in IPL with bat