| Tuesday, 8th April 2025, 11:16 pm

ഇവന്റെ അടി കണ്ടവരുടെ കണ്ണ് തള്ളി; ചെന്നൈയെ അടിച്ച് തൂഫാനാക്കി നേടിയത് വമ്പന്‍ റെക്കോഡ്

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്ലില്‍ പഞ്ചാബ് കിങ്‌സും ചെന്നൈ സൂപ്പര്‍ കിങ്‌സും തമ്മിലുള്ള മത്സരമാണ് നടന്നുകൊണ്ടിരിക്കുന്നത്. പഞ്ചാബിന്റെ തട്ടകമായ മഹാരാജ യാദവേന്ദ്ര സിങ് ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് സ്‌റ്റേഡിയത്തില്‍ ടോസ് നേടി ബാറ്റ് ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു പഞ്ചാബ്.

ആദ്യം ബാറ്റ് ചെയ്ത് ആറ് വിക്കറ്റ് നഷ്ടത്തില്‍ 219 റണ്‍സ് നേടാനാണ് പഞ്ചാബിന് സാധിച്ചത്. വമ്പന്‍ ബാറ്റിങ് തകര്‍ച്ചയില്‍ നിന്ന് പഞ്ചാബിനെ കരകയറ്റിയത് 24കാരനായ ഓപ്പണര്‍ പ്രിയാന്‍ഷ് ആര്യയാണ്. ഐ.പി.എല്‍ കരിയറിലെ തന്റെ ആദ്യ സെഞ്ച്വറി നേടിയാണ് താരം മിന്നും പ്രകടനം കാഴ്ചവെച്ചത്. 40 പന്തില്‍ നിന്ന് ഒമ്പത് സിക്‌സും ഏഴ് ഫോറും ഉള്‍പ്പെടെ 102 റണ്‍സ് നേടിയാണ് താരം പുറത്തായത്.

നേരിട്ട 39ാം പന്തില്‍ സെഞ്ച്വറി പൂര്‍ത്തിയാക്കിയതോടെ ഐ.പി.എല്‍ ചരിത്രത്തില്‍ ഏറ്റവും വേഗത്തില്‍ സെഞ്ച്വറി നേടുന്ന അഞ്ചാമത്തെ താരമാകാനും പ്രിയാന്‍ഷിന് സാധിച്ചു. മാത്രമല്ല ഐ.പി.എല്ലില്‍ വേഗതയേറിയ സെഞ്ച്വറി നേടുന്ന ആദ്യത്തെ അണ്‍ ക്യാപ്ഡ് ഇന്ത്യന്‍ താരമാകാനും പ്രിയാന്‍ഷിന് സാധിച്ചു. ഇതിനെല്ലാം പുറമെ ഐ.പി.എല്ലില്‍ ചെന്നൈക്കെതിരെ ഏറ്റവും വേഗമേറിയ സെഞ്ച്വറി നേടുന്ന താരമാകാനും പ്രിയാന്‍ഷിന് സാധിച്ചിരിക്കുകയാണ്.

ഐ.പി.എല്ലില്‍ ചെന്നൈക്കെതിരെ ഏറ്റവും വേഗമേറിയ സെഞ്ച്വറി നേടുന്ന താരം, പന്ത്, വര്‍ഷം

പ്രിയാന്‍ഷ് ആര്യ – 39 പന്ത് – 2025

സനത് ജയസൂര്യ – 45 പന്ത് – 2008

വിരേന്ദര്‍ സെവാഗ് – 50 പന്ത് – 2014

ശുഭ്മന്‍ ഗില്‍ – 50 പന്ത് – 2024

സായി സുദര്‍ശന്‍ – 50 പന്ത് – 2024

ടീം സ്‌കോര്‍ 17 റണ്‍സിലാണ് പഞ്ചാബിന് ആദ്യ വിക്കറ്റ് നഷ്ടമായത്. പ്രഭ്‌സിമ്രാന്‍ സിങ്ങിനെ പൂജ്യം റണ്‍സിനാണ് മുകേഷ് ചൗധരി പറഞ്ഞയച്ചത്. ശേഷം ഇറങ്ങിയ ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ ഖലീല്‍ അഹമ്മദിന്റെ ഇരയായി. ഒമ്പത് റണ്‍സ് മാത്രമാണ് ക്യാപ്റ്റന് നേടാന്‍ സാധിച്ചത്.

മര്‍ക്കസ് സ്‌റ്റോയിനിസിനെ നാല് റണ്‍സിന് പുറത്താക്കി ഖലീല്‍ വീണ്ടും മികവ് പുലര്‍ത്തി. തുടര്‍ന്ന് നേഹല്‍ വധേരയെയും മാക്‌സ്‌വെല്ലിനെയും രണ്ടക്കം കടക്കാന്‍ അനുവദിക്കാതെ പുറത്താക്കി ആര്‍. അശ്വിനും തകര്‍പ്പന്‍ പ്രകടനം കാഴ്ചവെച്ചു.

നൂര്‍ അഹമ്മദിന്റെ പന്തിലാണ് പ്രിയാന്‍ഷ് പുറത്തായത്. ശേഷം ശശാങ്കസിങ് 36 പന്തില്‍ മൂന്ന് സിക്‌സും രണ്ട് ഫോറും ഉള്‍പ്പെടെ 52 റണ്‍സ് നേടി പുറത്താകാതെ നിന്നു. അവസാന ഘട്ടത്തില്‍ മാര്‍ക്കോ യാന്‍സന്‍ 19 പന്തില്‍ നിന്ന് 34 റണ്‍സും നേടി. ചെന്നൈക്ക് വേണ്ടി ഖലീല്‍ അഹമ്മദ്, ആര്‍ അശ്വിന്‍ എന്നിവര്‍ രണ്ട് വിക്കറ്റുകള്‍ വീതവും മുകേഷ് ചൗധരി, നൂര്‍ അഹമ്മദ് എന്നിവര്‍ ഒരു വിക്കറ്റുമാണ് വീഴ്ത്തിയത്.

നിലവില്‍ മറുപടി ബാറ്റിങ്ങിനിറങ്ങിയ ചെന്നൈ 18 ഓവര്‍ പൂര്‍ത്തിയായപ്പോള്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 177 റണ്‍സാണ് നേടിയത്. ക്രീസിലുള്ളത് ധോണിയും ജഡേജയുമാണ്.

Content Highlight: IPL 2025: Priyansh Arya In Big Record Achievement Against CSK

We use cookies to give you the best possible experience. Learn more