| Tuesday, 15th April 2025, 3:58 pm

അദ്ദേഹം തിരിച്ചുവരണമെന്ന് വിധി പോലും ആഗ്രഹിച്ചു; സൂപ്പര്‍ താരത്തെ പുകഴ്ത്തി പ്രഗ്യാന്‍ ഓജ

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്ലില്‍ തോല്‍വിയുടെ പരമ്പരകള്‍ക്ക് വിരാമമിട്ട് വിജയവഴിയില്‍ തിരിച്ചെത്തി ചെന്നൈ സൂപ്പര്‍ കിങ്സ്. എകാന ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഹോം ടീമായ ലഖ്നൗ സൂപ്പര്‍ ജയന്റ്‌സിനെതിരെ അഞ്ച് വിക്കറ്റിന്റെ വിജയമാണ് ചെന്നൈ സ്വന്തമാക്കിയത്.

ഡെത്ത് ഓവര്‍ ത്രില്ലറില്‍ ശിവം ദുബെയും ക്യാപ്റ്റന്‍ എം.എസ്. ധോണിയും തമ്മിലുള്ള തകര്‍പ്പന്‍ കൂട്ടുകെട്ടിലാണ് ചെന്നൈ വിജയിച്ചു കയറിയത്. തുടര്‍ച്ചയായ അഞ്ച് പരാജയങ്ങള്‍ക്ക് ശേഷമാണ് ചെന്നൈ വിജയം നേടുന്നത്.

മത്സരത്തില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ ലഖ്‌നൗ ഉയര്‍ത്തിയ 166 റണ്‍സിന്റെ വിജയലക്ഷ്യം 19.3 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ മറികടക്കുകയായിരുന്നു ചെന്നൈ. മത്സരത്തില്‍ ചെന്നൈക്ക് വേണ്ടി ഇംപാക്ട് ആയി ഇറങ്ങിയ ശിവം 37 പന്തില്‍ രണ്ട് സിക്‌സും മൂന്ന് ഫോറും ഉള്‍പ്പെടെ 43 റണ്‍സ് ആണ് നേടിയത്. ക്യാപ്റ്റന്‍ ധോണി 11 പന്തില്‍ ഒരു സിക്‌സും നാല് ഫോറും ഉള്‍പ്പെടെ 26 റണ്‍സ് നേടി മിന്നും പ്രകടനവും കാഴ്ചവെച്ചു. 236.36 എന്ന കിടിലന്‍ സ്‌ട്രൈക്ക് റേറ്റിലായിരുന്നു താരം ബാറ്റ് വീശിയത്.

ഇപ്പോള്‍ ധോണിയെ പ്രശംസിച്ച് സംസാരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം പ്രഗ്യാന്‍ ഓജ. ധോണി ക്യാപ്റ്റനായി തിരിച്ചെത്തണമെന്നത് വിധിയാണെന്നും ധോണി ടീമിനെ നയിക്കണമെന്നാണ് എല്ലാവരും എപ്പോഴും ആഗ്രഹിക്കുന്നതെന്നും ഓജ പറഞ്ഞു. ധോണി ടീമിനെ നയിക്കുമ്പോഴെല്ലാം ഭാഗ്യം പിന്തുണയ്ക്കുമെന്നും പ്രഗ്യാന്‍ കൂട്ടിച്ചേര്‍ത്തു.

പ്രഗ്യാന്‍ ഓജ പറഞ്ഞത്

‘എം.എസ്. ധോണി ക്യാപ്റ്റനായി തിരിച്ചുവരണമെന്ന് വിധി പോലും ആഗ്രഹിച്ചിരുന്നു. അദ്ദേഹം കളിക്കുമ്പോളെല്ലാം ചെന്നൈ സൂപ്പര്‍ കിങ്‌സിനെ നയിക്കുമെന്ന് എല്ലാവരും ആഗ്രഹിക്കുന്നു. ധോണി ടീമിനെ നയിക്കുമ്പോള്‍ ഭാഗ്യം പോലും ചെന്നൈയെ അനുകൂലിക്കാന്‍ തുടങ്ങും. ഭാഗ്യം ധോണിക്ക് അനുകൂലമായി പ്രവര്‍ത്തിക്കുന്നു,’ പ്രഗ്യാന്‍ ഓജ സ്റ്റാര്‍ സ്‌പോര്‍ട്‌സില്‍ പറഞ്ഞു.

മത്സരത്തില്‍ ലഖ്‌നൗവിന് എതിരെ പ്ലെയര്‍ ഓഫ് ദി മാച്ച് അവാര്‍ഡ് നേടാനും ധോണിക്ക് സാധിച്ചിരുന്നു. ഐ.പി.എല്‍ ചരിത്രത്തില്‍ പ്ലെയര്‍ ഓഫ് ദി മാച്ച് അവാര്‍ഡ് നേടുന്ന പ്രായം കൂടിയ താരമാകാനും ധോണിക്ക് കഴിഞ്ഞു. മാത്രമല്ല ധോണി കീപ്പിങ്ങിലും തിളങ്ങിയിരുന്നു. ലഖ്‌നൗവിന്റെ മൂന്ന് താരങ്ങളെ പുറത്താക്കുന്നതില്‍ കൈമുദ്ര പതിപ്പിക്കാന്‍ ധോണിക്ക് കഴിഞ്ഞു. പന്തിന്റെ കീപ്പര്‍ ക്യാച്ചും ആയുഷ് ബധോണിയുടെ സ്റ്റംപിങ്ങും സമദിന്റെ റണ്‍ ഔട്ടിലുമാണ് ഈ 43കാരന്‍ കൈ വെച്ചത്.

Content Highlight: IPL 2025: Pragyan Ojha Praises M.S Dhoni

We use cookies to give you the best possible experience. Learn more