ഇന്ത്യ – പാകിസ്ഥാന്‍ സംഘര്‍ഷ സാഹചര്യത്തില്‍ ഐ.പി.എല്‍ താത്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണ്. താരങ്ങളുടെ സുരക്ഷയടക്കമുള്ള കാര്യങ്ങള്‍ കണക്കിലെടുത്താണ് ഐ.പി.എല്‍ നിര്‍ത്തിവെക്കാന്‍ തീരുമാനിച്ചത്.
എന്നാല്‍ ഐ.പി.എല്‍ പൂര്‍ണമായും ഉപേക്ഷിച്ചിട്ടില്ലെന്നും ഒരാഴ്ചയ്ക്ക് ശേഷം സ്ഥിതിഗതികള്‍ പരിശോധിച്ച് ടൂര്‍ണമെന്റ് വീണ്ടും പുനരാരംഭിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.
ഐ.പി.എല്ലില്‍ കഴിഞ്ഞ ദിവസം നടന്ന ദല്‍ഹി ക്യാപ്പിറ്റല്‍സ് – പഞ്ചാബ് കിങ്സ് മത്സരം ഉപേക്ഷിച്ചിരുന്നു. സാഹചര്യങ്ങള്‍ പ്രതികൂലമായതോടെ മത്സരം നിര്‍ത്തിവെക്കുകയും സ്റ്റേഡിയത്തിലെ കാണികളെ പൂര്‍ണമായും ഒഴിപ്പിക്കുകയുമായിരുന്നു.
പഞ്ചാബിനായി ഓപ്പണര്‍മാരായ പ്രിയാന്‍ഷ് ആര്യയും പ്രഭ്സിമ്രാന്‍ സിങ്ങും വെടിക്കെട്ടുകൊണ്ട് വിരുന്നൊരുക്കിയ മത്സരം പാതിവഴിയില്‍ ഉപേക്ഷപ്പെട്ടത് ആരാധകരെയും നിരാശരാക്കിയിരുന്നു. ഇരുവരും അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കുകയും ആദ്യ വിക്കറ്റില്‍ സെഞ്ച്വറി കൂട്ടുകെട്ട് പടുത്തുയര്‍ത്തുകയും ചെയ്തിരുന്നു.
ക്യാപ്പിറ്റല്‍സിനെതിരെ അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കിയതിന് പിന്നാലെ ഒരു തകര്‍പ്പന്‍ റെക്കോഡും പ്രഭ്‌സിമ്രാന്‍ സ്വന്തമാക്കി. ഐ.പി.എല്ലില്‍ തുടര്‍ച്ചയായ നാല് മത്സരങ്ങളില്‍ 50+ റണ്‍സ് പൂര്‍ത്തിയാക്കിയ താരങ്ങളുടെ പട്ടികയിലേക്കാണ് പ്രഭ്‌സിമ്രാന്‍ കാലെടുത്ത് വെച്ചത്. വിരാട് കോഹ്‌ലി, കെയ്ന്‍ വില്യംസണ്‍ തുടങ്ങിയ താരങ്ങള്‍ ഉള്‍പ്പെട്ട എലീറ്റ് ലിസ്റ്റിലേക്കാണ് പ്രഭ്‌സിമ്രാനും ഇടം നേടിയത്.
ദല്‍ഹി ക്യാപ്പിറ്റല്‍സ് (28 പന്തില്‍ പുറത്താകാതെ 50), ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് (48 പന്തില്‍ 91), ചെന്നൈ സൂപ്പര്‍ കിങ്‌സ് (36 പന്തില്‍ 54), കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് (49 പന്തില്‍ 83) എന്നിവര്‍ക്കെതിരെയായിരുന്നു പ്രഭ്‌സിമ്രാന്‍ തന്റെ ബാറ്റിലൊളിപ്പിച്ച കൊടുങ്കാറ്റിനെ തുറന്നുവിട്ടത്.
അതേസമയം, താത്കാലികമായി നിര്‍ത്തിവെച്ച ഐ.പി.എല്‍ വീണ്ടും ആരംഭിക്കുമ്പോള്‍ ഒരു ചരിത്ര നേട്ടവും പഞ്ചാബ് കിങ്‌സ് ഓപ്പണറുടെ മുമ്പിലുണ്ട്. മുംബൈ ഇന്ത്യന്‍സിനെതിരായ പഞ്ചാബിന്റെ അടുത്ത മത്സരത്തിലും ഫിഫ്റ്റിയടിക്കാനായാല്‍ ഐ.പി.എല്ലില്‍ തുടര്‍ച്ചയായി ഏറ്റവുമധികം മത്സരങ്ങളില്‍ അര്‍ധ സെഞ്ച്വറി നേടിയ താരമെന്ന റെക്കോഡും പ്രഭ്‌സിമ്രാന്റെ പേരിലാകും.
വിരേന്ദര്‍ സേവാഗ്, ജോസ് ബട്‌ലര്‍, ഡേവിഡ് വാര്‍ണര്‍ എന്നിവര്‍ക്കൊപ്പമായിരിക്കും താരം ഒന്നാം സ്ഥാനം പങ്കിടുക.
(താരം – ടീം – എത്ര തവണ 50+ സ്‌കോര്‍ നേടി – വര്‍ഷം എന്നീ ക്രമത്തില്‍)
വിരേന്ദര്‍ സേവാഗ് – ദല്‍ഹി ഡെയര്‍ഡെവിള്‍സ് – 5 – 2012
ജോസ് ബട്‌ലര്‍ – രാജസ്ഥാന്‍ റോയല്‍സ് – 5 – 2018
ഡേവിഡ് വാര്‍ണര്‍ – സണ്‍റൈസേഴ്‌സ് ഹൈദരാബാദ് – 5 – 2019
വിരാട് കോഹ് ലി – റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു – 4 – 2016
കെയ്ന്‍ വില്യംസണ്‍ – സണ്‍റൈസേഴ്‌സ് ഹൈദരാബാദ് – 4 – 2018
ശിഖര്‍ ധവാന്‍ – ദല്‍ഹി ക്യാപ്പിറ്റല്‍സ് – 4 – 2020
ഫാഫ് ഡു പ്ലെസി – ചെന്നൈ സൂപ്പര്‍ കിങ്‌സ് – 4 – 2021
ഡെവോണ്‍ കോണ്‍വേ – ചെന്നൈ സൂപ്പര്‍ കിങ്‌സ് – 4 – 2023
വിരാട് കോഹ്‌ലി – റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു – 4 – 2025
പ്രഭ്‌സിമ്രാന്‍ സിങ് – പഞ്ചാബ് കിങ്‌സ് – 4 – 2025*
അതേസമയം, ടൂര്‍ണമെന്റില്‍ ശേഷിക്കുന്ന മത്സരങ്ങളുടെ ഷെഡ്യൂളും വേദികളും സംബന്ധിച്ച കൂടുതല്‍ അപ്ഡേറ്റുകള്‍ അധികാരികളുമായി കൂടിയാലോചിച്ച് സമഗ്രമായ വിലയിരുത്തലിന് ശേഷം യഥാസമയം പ്രഖ്യാപിക്കുമെന്ന് ബി.സി.സി.ഐ സെക്രട്ടറി ദേവ്ജിത് സൈക്കിയ വ്യക്തമാക്കി.
രാജ്യത്തിന് എല്ലാ വിധ പിന്തുണയും നല്‍കുന്നുവെന്നും രാജ്യത്തിന്റെ പരമാധികാരം, സമഗ്രത, സുരക്ഷ എന്നിവയേക്കാള്‍ വലുതായി മറ്റൊന്നുമില്ലെന്നും ബി.സി.സി.ഐ വ്യക്തമാക്കി.
Content Highlight: IPL 2025: Prabhsimran Singh scored 4 consecutive 50+ score in IPL