| Tuesday, 3rd June 2025, 5:40 pm

ആർ.സി.ബിക്ക് മാത്രമാണ് കിരീടമില്ലാത്തത്, ആർ.സി.ബി താരങ്ങള്‍ക്കല്ല; ഒന്നും രണ്ടുമല്ല, ടീമിലുള്ളത് എണ്ണം പറഞ്ഞ ഏഴ് കിരീടങ്ങള്‍

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്‍ 2025ന്റെ കലാശപ്പോരാട്ടത്തിനുള്ള കാത്തിരിപ്പിലാണ് ക്രിക്കറ്റ് ലോകം. ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷന്‍ സ്‌റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ പഞ്ചാബ് കിങ്‌സ് റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെ നേരിടും. ഒരു പുതിയ ചാമ്പ്യന്‍ പിറവിയെടുക്കും എന്നതിനാല്‍ ഇത്തവണ കലാശപ്പോരാട്ടത്തിന്റെ ആവേശം ഇരട്ടിയാണ്.

ഉദ്ഘാടന സീസണായ 2008 മുതല്‍ ടൂര്‍ണമെന്റിന്റെ എല്ലാ എഡിഷനില്‍ ഭാഗമായിട്ടും ഐ.പി.എല്‍ കിരീടം നേടാന്‍ സാധിക്കാതെ പോയ രണ്ട് ടീമുകളാണ് ഇത്തവണ കലാശപ്പോരാട്ടത്തില്‍ മാറ്റുരയ്ക്കുന്നത്. കാലങ്ങളായുള്ള ‘ഈ സാലാ കപ്പ് നംദേ’ എന്ന ആഗ്രഹം സഫലമാകുമോ അതോ ‘സദ്ദാ പഞ്ചാബ്’ എന്ന ചാന്റ് ഉയര്‍ന്നുകേള്‍ക്കുമോ എന്ന് കണ്ടുതന്നെ അറിയണം.

പഞ്ചാബിനേക്കാളും ആരാധകര്‍ ആഗ്രഹിക്കുന്നത് റോയല്‍ ചലഞ്ചേഴ്‌സിന്റെ വിജയമാണ്. ഇതിന് മുമ്പ് മൂന്ന് തവണ കയ്യകലത്ത് നിന്നും നഷ്ടപ്പെട്ട കിരീടത്തിനായാണ് നാലാം തവണ വിരാടും സംഘവും കച്ച മുറുക്കുന്നത്.

റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന് കിരീടമില്ലെങ്കിലും നിലവില്‍ ബെംഗളൂരു സ്‌ക്വാഡില്‍ ഏഴ് കിരീടങ്ങളുണ്ട്. ക്രുണാല്‍ പാണ്ഡ്യയും ഭുവനേശ്വര്‍ കുമാറുമടക്കമുള്ള അഞ്ച് താരങ്ങളുടെ പേരിലാണ് ഈ ഏഴ് കിരീടങ്ങളുള്ളത്.

സൂപ്പര്‍ ഓള്‍ റൗണ്ടര്‍ ക്രുണാല്‍ പാണ്ഡ്യ തന്നെയാണ് ഇക്കൂട്ടത്തിലെ കൊമ്പന്‍. മൂന്ന് കിരീടങ്ങളാണ് ക്രുണാലിന്റെ പേരിലുള്ളത്. ഈ നാല് കിരീടങ്ങളും മുംബൈ ഇന്ത്യന്‍സിനൊപ്പമാണ് താരം സ്വന്തമാക്കിയത്. 2017, 2019, 2020 സീസണുകളിലായിരുന്നു പാണ്ഡ്യയുടെ കിരീട നേട്ടം.

2016ല്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെ കരയിച്ച് സണ്‍റൈസേഴ്‌സ് ഹൈദരാബാദ് കിരീടമണിഞ്ഞപ്പോള്‍, ആ കിരീട നേട്ടത്തില്‍ നിര്‍ണായക പങ്കുവഹിച്ചതും സീസണിലെ വിക്കറ്റ് വേട്ടക്കാരില്‍ ഒന്നാമനുമായ ഭുവനേശ്വര്‍ കുമാറും ഇത്തവണത്തെ ആര്‍.സി.ബി നിരയിലെ പ്രധാനിയാണ്.

ജോഷ് ഹെയ്‌സല്‍വുഡ് 2021ല്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനൊപ്പവും യാഷ് ദയാല്‍ 2022ല്‍ ഗുജറാത്ത് ടൈറ്റന്‍സിനൊപ്പവും കിരീടം ചൂടിയിട്ടുണ്ട്.

ആര്‍.സി.ബി നിരയില്‍ ഏറ്റവുമൊടുവില്‍ കിരീടമണിഞ്ഞത് സുയാഷ് ശര്‍മയാണ്. ഐ.പി.എല്ലിന്റെ കഴിഞ്ഞ സീസണില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനൊപ്പമാണ് സുയാഷ് കിരീടമണിഞ്ഞത്.

ഐ.പി.എല്‍ 2025ന്റെ ആദ്യ ക്വാളിഫയറില്‍ റോയല്‍ ചലഞ്ചേഴ്‌സ് ചരിത്ര വിജയം സ്വന്തമാക്കിയപ്പോള്‍ ടീമിനെ അമരത്ത് നിന്നും നയിച്ചത് സുയാഷായിരുന്നു. മത്സരത്തില്‍ മൂന്ന് വിക്കറ്റ് വീഴ്ത്തിയ താരത്തെ പ്ലെയര്‍ ഓഫ് ദി മാച്ചായും തെരഞ്ഞെടുത്തിരുന്നു.

സുയാഷിനെയും കൊല്‍ക്കത്തയെയും കിരീടത്തിലേക്ക് നയിച്ച ശ്രേയസ് അയ്യരാണ് ഇത്തവണ പഞ്ചാബിനെ ഫൈനലില്‍ നയിക്കുന്നത് എന്നതും ശ്രദ്ധേയമാണ്.

നേരത്തെ വിവിധ ടീമുകള്‍ക്കൊപ്പം നേടിയ കിരീടം ഇത്തവണ ഇവര്‍ ബെംഗളൂരുവിനൊപ്പവും നേടുമെന്നാണ് ആരാധകര്‍ ഉറച്ചുവിശ്വസിക്കുന്നത്.

Content Highlight: IPL 2025: Players with IPL trophy in Royal Challengers Bengaluru squad

We use cookies to give you the best possible experience. Learn more