| Thursday, 29th May 2025, 11:43 am

പഞ്ചാബിനും ബെംഗളൂരുവിനും ഇവര്‍ അപകടകാരികള്‍; ഒരുത്തന്‍ റണ്‍ മെഷീനാണെങ്കില്‍ മറ്റവന്‍ വിക്കറ്റ് വേട്ടക്കാരനും!

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്‍ 2025ലെ ആദ്യ ഫൈനലിസ്റ്റുകളെ ഇന്നറിയാം. മഹാരാജാ യാദവേന്ദ്ര സിങ് സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ പഞ്ചാബ് കിങ്സും റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവുമാണ് ഇന്ന് കളത്തിലിറങ്ങുന്നത്. ഐ.പി.എല്‍ അതിന്റെ ആവേശകരമായ അവസാന ഘട്ടത്തില്‍ എത്തിനില്‍ക്കുമ്പോള്‍ മത്സരത്തിനായി വലിയ കാത്തിരിപ്പിലാണ് ആരാധകര്‍.

പഞ്ചാബും ബെംഗളൂരുവും തങ്ങളുടെ കന്നി കിരീടം ലക്ഷ്യമിട്ടാണ് കളത്തിലിറങ്ങുന്നത്. മത്സരത്തില്‍ ഏത് ടീം തോല്‍വി വഴങ്ങിയാലും എലിമിനേറ്ററില്‍ വിജയിക്കുന്ന ടീമുമായി ഒരു അവസരം കൂടെ ഉണ്ടാകും. ഐ.പി.എല്‍ ചരിത്രത്തില്‍ ഇരുവരും 35 മത്സരങ്ങളിലാണ് ഏറ്റുമുട്ടിയത്. അതില്‍ പഞ്ചാബ് 18 മത്സരങ്ങള്‍ വിജയിച്ചപ്പോള്‍ ബെംഗളൂരു 17 മത്സരങ്ങളിലാണ് വിജയം നേടിയത്.

തുല്യ ശക്തികളായ ഇരുവരും ഇന്ന് വീണ്ടും നേര്‍ക്ക് നേര്‍ ഏറ്റുമുട്ടുമ്പോള്‍ പഞ്ചാബും ബെംഗളൂരുവും ഭയക്കേണ്ട രണ്ട് താരങ്ങളുടെ പ്രകടനമാണ് ആരാധകരും ഉറ്റുനോക്കുന്നത്. പഞ്ചാബ് ഭയക്കുന്ന സൂപ്പര്‍ ബാറ്റര്‍ വിരാട് കോഹ്‌ലിയും ബെംഗളൂരുവിന് അപകടം സൃഷ്ടിക്കാന്‍ കെല്‍പ്പുള്ള സ്പിന്നര്‍ യുസ്വേന്ദ്ര ചഹലുമാണ് മത്സരത്തിലെ പ്രധാന ശ്രദ്ധാകേന്ദ്രം.

ഐ.പി.എല്ലില്‍ പഞ്ചാബും ബെംഗളൂരുവും തമ്മില്‍ ഏറ്റുമുട്ടിയപ്പോള്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരം വിരാട് കോഹ്‌ലിയാണ്. 34 ഇന്നിങ്‌സില്‍ നിന്ന് 1104 റണ്‍സാണ് താരം നേടിയത്. അതില്‍ 113 റണ്‍സിന്റെ ഉയര്‍ന്ന സ്‌കോറും ഉള്‍പ്പെടുന്നു. 36.80 എന്ന ആവറേജിലും 133.49 എന്ന സ്‌ട്രൈക്ക് റേറ്റിലുമാണ് താരത്തിന്റെ ബാറ്റിങ് പ്രകടനം.

അതേസമയം ഇരുവരും തമ്മില്‍ ഏറ്റുമുട്ടിയപ്പോള്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടിയ താരം പഞ്ചാബിന്റെ സൂപ്പര്‍ സ്പിന്നര്‍ യുസ്വേന്ദ്ര ചഹലാണ്. 18 ഇന്നിങ്‌സില്‍ നിന്ന് 28 വിക്കറ്റുകളാണ് താരം നേടിയത്. 7.74 എന്ന എക്കോണമിയിലും 16.92 എന്ന ആവറേജിലുമാണ് താരം ബാറ്റ് വീശിയത്.

മാത്രമല്ല 4/25 എന്ന മികച്ച ബൗളിങ് പ്രകടനവും താരത്തിനുണ്ട്. ഇരു താരങ്ങളും മത്സരത്തില്‍ മികച്ച പ്രകടനം കാഴ്ചവെക്കുമെന്നാണ് ആരാധകരും വിശ്വസിക്കുന്നത്. എവേ മാച്ചില്‍ അപരാജിതമായ കുതിപ്പ് തുടരുന്ന ബെംഗളൂരു കഴിഞ്ഞ മത്സരത്തില്‍ ലഖ്‌നൗവിനെതിരായ മത്സരത്തില്‍ മിന്നും വിജയം നേടിയ ആത്മവിശ്വാസത്തിലാണ്.

അതേസമയം സ്വന്തം തട്ടകത്തില്‍ ബാറ്റിങ്ങിലും ബൗളിങ്ങിലും വലിയ ആത്മവിശ്വാസത്തിലാണ് പഞ്ചാബ്. ശ്രേയസ് അയ്യര്‍ എന്ന മികച്ച ക്യാപ്റ്റന്റെ കീഴില്‍ ടീം ഫൈനലില്‍ എത്തുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്. എലിമിനേറ്ററില്‍ മത്സരിക്കുന്ന ഗുജറാത്തും മുംബൈയും കരുത്തുള്ളവരാണന്നും മറക്കാന്‍ സാധിക്കില്ല. ആറാം കിരീടത്തിലേക്ക് കണ്ണുവെക്കുന്ന മുംബൈയും രണ്ടാം കിരീടം ലക്ഷ്യമിടുന്ന ഗുജറാത്തും വെല്ലുവിളി ഉയര്‍ത്താന്‍ കെല്‍പ്പുള്ളവരാണ്.

Content Highlight: IPL 2025: PBKS VS RCB: Two dangerous players for Punjab and Bangalore

We use cookies to give you the best possible experience. Learn more