ഐ.പി.എല്‍ പതിനെട്ടാം സീസണിലെ ആദ്യ ഫൈനലിസ്റ്റുകളായി റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു. മുല്ലാന്‍പൂരില്‍ നടന്ന ആദ്യ ക്വാളിഫയറില്‍ ഹോം ടീമായ പഞ്ചാബ് കിങ്സിനെ പരാജയപ്പെടുത്തിയാണ് ആര്‍.സി.ബി ഫൈനലിലേക്ക് മാര്‍ച്ച് ചെയ്തത്.
പഞ്ചാബ് ഉയര്‍ത്തിയ 102 റണ്‍സിന്റെ വിജയലക്ഷ്യം രണ്ട് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ആര്‍.സി.ബി മറികടക്കുകയായിരുന്നു. ഫില്‍ സാള്‍ട്ടിന്റെ അര്‍ധ സെഞ്ച്വറി കരുത്തിലാണ് റോയല്‍ ചലഞ്ചേഴ്സ് ഫൈനലിനുള്ള ടിക്കറ്റെടുത്തത്.
പരാജയപ്പെട്ടെങ്കിലും പഞ്ചാബിന്റെ പ്രതീക്ഷകള്‍ അവസാനിച്ചിട്ടില്ല. ശ്രേയസിന്റെ ടീമിന് ഫൈനലില്‍ എത്താന്‍ ഒരു അവസരം കൂടിയുണ്ട്. രണ്ടാം ക്വാളിഫയറില്‍ എലിമിനേറ്ററിലെ വിജയികളെ പരാജയപ്പെടുത്തിയാല്‍ പഞ്ചാബിനും കന്നി കിരീടം സ്വപനം കാണാം.
മത്സരശേഷം ക്വാളിഫയറിലെ പരാജയത്തെ കുറിച്ച് പഞ്ചാബ് കിങ്സ് ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ സംസാരിച്ചിരുന്നു. മത്സരത്തില്‍ പിച്ച് മനസിലാകുന്നതില്‍ ബാറ്റര്‍മാര്‍ പരാജയപെട്ടുവെന്നും മികച്ച രീതിയില്‍ തയ്യാറെടുപ്പുകള്‍ നടത്തിയിട്ടും പ്ലാന്‍ ചെയ്തത് പോലെ ഫീല്‍ഡില്‍ നടപ്പാക്കാനായില്ലെന്നും അദ്ദേഹം പറഞ്ഞു. ഈ മത്സരം മാത്രമാണ് പരാജയപെട്ടതെന്നും പോരാട്ടം ഇനിയും തുടരുമെന്നും പഞ്ചാബ് നായകന്‍ കൂട്ടിച്ചേര്‍ത്തു.
‘ഞങ്ങളുടെ സമീപനത്തെക്കുറിച്ച് ഒന്ന് കൂടി ചിന്തിച്ച് പദ്ധതികള്‍ നടപ്പിലാക്കുന്ന രീതി മെച്ചപ്പെടുത്തേണ്ടതുണ്ട്. പിച്ച് മനസിലാകുന്നതില്‍ ബാറ്റര്‍മാര്‍ പരാജയപെട്ടു. ഞാന്‍ എന്റെ തീരുമാനങ്ങളെ ഒരിക്കലും സംശയിക്കുന്നില്ല. മത്സരത്തിനായി മികച്ച രീതിയിലാണ് ഞങ്ങള്‍ തയ്യാറെടുപ്പുകള്‍ നടത്തിയത്. പക്ഷേ ഞങ്ങള്‍ പ്ലാന്‍ ചെയ്തത് പോലെ ഫീല്‍ഡില്‍ നടപ്പാക്കാനായില്ല.
ഞങ്ങള്‍ക്ക് ബാറ്റിങ് മെച്ചപ്പെടുത്തേണ്ടതുണ്ട്. ഒരിക്കല്‍ കൂടി ഇങ്ങനെ കളിക്കാനാവില്ല. മത്സരത്തിലെ മോശം പ്രകടനത്തിന് പിച്ചിനെ കുറ്റം പറയാന്‍ കഴിയില്ല. കളിയുടെ സാഹചര്യത്തിനനുസരിച്ച് ബാറ്റ് ചെയ്യേണ്ടത് ആവശ്യമായിരുന്നു. ഈ മത്സരം ഞങ്ങള്‍ പരാജയപ്പെട്ടു. പക്ഷേ ഞങ്ങളുടെ പോരാട്ടം ഇവിടെ അവസാനിക്കുന്നില്ല,’ ശ്രേയസ് പറഞ്ഞു.
മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ പഞ്ചാബിന് തൊട്ടതെല്ലാം പാളിയിരുന്നു. പവര്‍പ്ലേയില്‍ ടീം സ്‌കോര്‍ 50 കടക്കും മുമ്പേ നാല് പേര്‍ കൂടാരം കയറി. 17 പന്തില്‍ 26 റണ്‍സെടുത്ത് ടോപ് സ്‌കോററായ മാര്‍ക്കസ് സ്റ്റോയ്നിസാണ് സ്‌കോര്‍ ബോര്‍ഡ് കുറച്ചെങ്കിലും ചലിപ്പിച്ചത്. താരത്തിന് പുറമെ പ്രഭ് സിമ്രാന്‍ സിങ് (10 പന്തില്‍ 18 ), അസ്മത്തുള്ള ഒമര്‍സായി (12 പന്തില്‍ 18) എന്നിവര്‍ ഒഴികെ മറ്റാരും രണ്ടക്കം കടന്നില്ല.
Content Highlight: IPL 2025: PBKS vs RCB: Shreyas Iyer talks about the Punjab Kings defeat against Royal Challengers Bengaluru